വായനാദിനം - എറണാകുളം
സാസ്കാരിക ഉന്നതിക്ക് കാരണം ഗ്രാമീണ ഗ്രന്ഥശാലകള്‍
കൊച്ചി: സാംസ്കാരിക ഉന്നതിക്ക് കാരണം ഗ്രാമീണ ഗ്രന്ഥശാലകളാണെന്ന് ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ലാലു. വായനാദിനാചരണം ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന അനുഭവം മാത്രമല്ല ഒരു സംസ്കാരത്തിന്റെ പ്രതീകം കൂടിയാണ്. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവയുടെ ഉപയോഗം വായനാശീലം കുറയ്ക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും മലയാളിയെ പുസ്തക ലോകത്തേക്ക് തിരിച്ചു വിടാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.എസ്. പ്രകാശന് പ്രതിമാസ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രതിമാസ പരിപാടിയുടെ ഭാഗമായി എല്ലാ മാസങ്ങളിലും വായന ചര്‍ച്ചകളും സാഹിത്യ ചര്‍ച്ചകളും സംഘടിപ്പിക്കും. അക്ഷരത്തിന് നാശമില്ലെന്നും വെളിച്ചം നല്കുന്ന ഗുരുവാണ് വായനയെന്നും അദ്ദേഹം പറഞ്ഞു. വായന ഒരു വൈകാരികമായ അനുഭൂതി കൂടെയാണ്. വായനാശീലം മുതല്‍ക്കൂട്ടായ ഒരു തലമുറക്ക് രാജ്യത്തിന്റെ പുരോഗതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായന ചിലര്‍ക്ക് വിനോദം ആണെങ്കില്‍ ചിലര്‍ക്ക് ലഹരിയാണ്. ഇത് തിരിച്ചറിഞ്ഞ് മലയാളിയെ വായനയുടെ അത്ഭുതലോകത്തേക്ക് പിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍. പണിക്കര്‍ എന്ന് സാഹിത്യകാരന് ജോയി നായരമ്പലം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൊച്ചുറാണി ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി രാജു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സാജു മേനാച്ചേരി, ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.റ്റി ബിനീഷ്, കൊച്ചി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.വി.എസ് ദാസന്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
മുളന്തുരുത്തി ഗവ.സ്കൂളില്‍ വായനാദിനം ആചരിച്ചു
മുളന്തുരുത്തി: മലയാളത്തിലെയും ലോക ഭാഷകളിലെയും എഴുത്തുകാരെ പരിചയപ്പെടുത്തുന്ന ബാനറുകള്‍. വായനയെ കുറിച്ചുള്ള മഹാ•ാരുടെ ചിന്തകള്‍, മലയാളത്തിലെയും ലോക സാഹിത്യത്തിലെയും പ്രധാന അവാര്‍ഡുകള്‍, അവാര്‍ഡ് ജേതാക്കള്‍, അറിയപ്പെടുന്ന എഴുത്തുകാരുടെ അധികം അറിയപ്പെടാത്ത ജീവിത കഥകള്‍ എന്നിവ കൊണ്ടെല്ലാം സമ്പന്നമായിരുന്നു വായനാ ദിനത്തില്‍ മുളന്തുരുത്തി ഗവ.ഹൈസ്കൂള്‍ അങ്കണം.
വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴം കവിത പിറന്ന വിദ്യാലയം വിപുലമായ ഒരുക്കങ്ങളോടെ ആയിരുന്നു വായനാ ദിനം ആഘോഷിച്ചത്. വായനാ ദിനത്തോടനുബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ രചനാ സമാഹാരം 'റിഫ്ലെക്ഷന്' മുളന്തുരുത്തി വായനശാല പ്രസിഡന്റ് സജി മുളന്തുരുത്തി പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി പ്ലസ് ടു വിദ്യാര്‍ത്ഥിനി ലക്ഷ്മി പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ ക്ലാസുകളിലെ കുട്ടികളുടെ കവിതാവതരണം, പുസ്തക വിശകലനം , സാഹിത്യ പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പുസ്തക പ്രദര്‍ശനവും ശ്രദ്ധേയമായി.
പി.ടി.എ പ്രസിഡന്റ് കെ.ഐ വര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യന് വായന ദിനാചരണം ഉദ്ഘാടനം ചെയ്തു. ഹൈസ്കൂള്‍ പ്രധാന അധ്യാപിക സുധ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സജി മുളന്തുരുത്തി വായനാദിന സന്ദേശം നല്കി. ഹയര്‍ സെക്കന്‍ഡറി പ്രധാന അധ്യാപിക സോഫി ജോണ്‍ ചടങ്ങില്‍ കൃതജ്ഞത പറഞ്ഞു.
കുട്ടികള്‍ വായിക്കണമെങ്കില്‍ മാതാപിതാക്കളും വായിക്കണം
ആലങ്ങാട്: മാതാപിതാക്കള്‍ക്ക് വായനാശീലമുണ്ടെങ്കിലേ മക്കളും വായനയുടെ മഹത്വത്തെ തിരിച്ചറിയൂ എന്ന് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന വിദ്യാ കേന്ദ്രത്തിന്റെ കീഴില്‍ നടത്തിയ വായനാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനാദിനത്തോടനുബന്ധിച്ച് സാക്ഷരതാ മിഷന് തുടര്‍ വിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കളുടെ വായനാ മത്സരവും സംഘടിപ്പിച്ചു. നാലാം തരത്തിലെയും ഏഴാം തരത്തിലെയും പതിനാറോളം പഠിതാക്കളാണ് മത്സരത്തില്‍ പങ്കെടുത്തത്. പാഠഭാഗങ്ങള്‍ തന്നെയാണ് വായനാ മത്സരത്തിന് നല്‍കിയത്. മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.കെ. കലയ്ക്കും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സുബൈദയ്ക്കും പ്രസിഡന്റ് സമ്മാനം നല്കി.
നഷ്ടപ്പെട്ട അവസരങ്ങള്‍ വീണ്ടെടുക്കുകയും അവ ശരിയായ രീതിയില്‍ ഉപയോഗിച്ച് അതിലൂടെ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ പരിശ്രമിക്കുകയും ചെയ്യണമെന്ന് പഠിതാക്കള്ളോട് പ്രസിഡന്റ് വിജു ചുള്ളിക്കാട് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീല കെ.കെ, ജോയ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ സാലി, എം.എസ് പ്രിയ, സാക്ഷരത നോഡല്‍ പ്രേരക് വിലാസിനി, ബ്ലോക്ക് മെമ്പര്‍മാരായ ഹമീദ് ഷാ, ശ്രീകല മധു, സജിത ഹബീബ് എന്നിവര്‍ പങ്കെടുത്തു.
ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനാവാരത്തിന് തുടക്കം
കോതമംഗലം: ചെറുവട്ടൂര്‍ ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒരാഴ്ച നീളുന്ന വായനാ ദിന പരിപാടികള്‍ക്ക് തുടക്കമായി. സ്കൂള്‍ ഹാളില്‍ നടന്ന പരിപാടി പി.ടി.എ പ്രസിഡന്റ് സലീം കാവാട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വായനാദിന സന്ദേശത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. പി.എന്‍.പണിക്കരെക്കുറിച്ചും ഗ്രന്ഥശാലാ പ്രസ്ഥാനത്തെപ്പറ്റിയുമുള്ള സന്ദേശമാണ് കുട്ടികള്‍ പരസ്പരം കൈമാറിയത്. തുടര്‍ന്ന് കുട്ടികളുടെ പത്രവായന, നാടന്‍പാട്ട് കവിതാലാപനം എന്നീ പരിപാടികളും സംഘടിപ്പിച്ചു. നവീകരിച്ച ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനവും പി.ടി.എ പ്രസിഡന്റ് നിര്‍വ്വഹിച്ചു. കുട്ടികള്‍ തന്നെ ക്ലാസ് റൂം ലൈബ്രറികളിലെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു.
വായനാവാരത്തോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ പുസ്തക പ്രദര്‍ശനം, സാഹിത്യ ക്വിസ്സ്, വായനാ മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, വായനാക്കുറിപ്പ് തയ്യാറാക്കല്‍ എന്നീ മത്സരങ്ങള്‍ നടത്തുമെന്ന് ഹെഡ്മിസ്ട്രസ്സ് എം.പ്രസന്ന പറഞ്ഞു. പി.ടി.എ.അംഗം സുബൈര്‍, സ്റ്റാഫ് സെക്രട്ടറി സി.എ.മുഹമ്മദ്, മറ്റ് അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments