വായനദിന വാരാചരണത്തിന് തുടക്കമായി സമൂഹ നിര്‍മിതിക്ക് വായന അനിവാര്യം: പ്രഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള
നډ പ്രദാനം ചെയ്യുന്ന പാരസ്പര്യത്തിന്‍റെ മഹാസമ്മേളനമാണ് പുസ്തകങ്ങളെന്നും ഇത്തരം പുസ്തകങ്ങളുടെ വായനയിലൂടെ മാത്രമേ സമൂഹ നിര്‍മിതി സാധ്യമാവൂ എന്നും പടയണി ആചാര്യന്‍ പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ള പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്‍റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്‍റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും മറ്റ് വിവിധ വകുപ്പുകളുടേയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല വായനദിന-വാരാഘോഷത്തിന്‍റെ ഉദ്ഘാടനം തിരുവല്ല എം ജി എം ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍റെ അകക്കണ്ണ് തുറക്കുന്നത് വായനയിലൂടെയാണ്. മനുഷ്യകുലത്തിന്‍റെ നിലനില്‍പ്പിന് തന്നെ ആധാരമായ തത്വസംഹിതകള്‍ എല്ലാം നല്‍കിയ പുസ്തകങ്ങളെ അമ്മയുടെ സ്ഥാനത്ത് ആരാധിച്ചവരാണ് നമ്മള്‍. വിവിധ മതസ്ഥരുടെ ഗ്രന്ഥങ്ങള്‍ ഇതിന് തെളിവാണ്. ബൈബിളും ഖുറാനും വേദങ്ങളുമെല്ലാം മനുഷ്യനെ നډയിലേക്കാണ് നയിച്ചത്. എഴുത്തും വായനയും അത്രയേറെ പരിചയപ്പെടുന്നതിന് മുന്‍പുള്ള നാടന്‍ ശീലുകളില്‍ പോലും വായനയുടെ മഹാത്മ്യം വിളിച്ചോതുന്ന ഒട്ടേറെ വരികള്‍ കാണാമെന്നും വായനയെ നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കികണ്ടിരുന്നത് എന്നതിനുള്ള സാക്ഷ്യങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ആധുനികതയുടെ ഈ കാലഘട്ടത്തിലും വായനയും പുസ്തകവും പരിപോഷിപ്പിക്കേണ്ടത് നാടിന്‍റെ വളര്‍ച്ചക്ക് ആവശ്യമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാ ദേവി പറഞ്ഞു. നാടിനെ നയിക്കേണ്ട പുതുതലമുറ പോലും അവരുടെ വായന കേവലം ഫേസ്ബുക്കിലേക്കും വാട്സ് ആപ്പിലേക്കും ചുരുക്കിയെന്നും ഇതിന് മാറ്റം വരണമെന്നും വായനദിന സന്ദേശം നല്‍കിയ സാഹിത്യകാരന്‍ രവിവര്‍മ തമ്പുരാന്‍ പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ എം പി ഗോപാലകൃഷ്ണന്‍ വായനാദിന പ്രതിജ്ഞ ചൊല്ലി.
വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങളായ പ്രഫ. ജി രാജശേഖരന്‍ നായര്‍, ടി എസ് പൊന്നമ്മ ടീച്ചര്‍ എന്നിവരെ ആദരിച്ചു. സ്കൂളിലെ പത്താംതരം വിദ്യാര്‍ഥിനികളായ അനീറ്റ സച്ചു കുര്യന്‍, എന്‍. ശില്‍പ ശ്യാം എന്നിവര്‍ വായനാനുഭവം പങ്കുവച്ചു.
യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് പ്രഫ. ടി കെ ജി നായര്‍, സെക്രട്ടറി ആര്‍ തുളസീധരന്‍ പിള്ള, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍. വിജയമോഹന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. വി വി മാത്യു, കാന്‍ഫെഡ് ജില്ലാ പ്രസിഡന്‍റ് എസ്. അമീര്‍ജാന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ ആര്‍ സുശീല, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം തങ്കമണി നാണപ്പന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി എ ശാന്തമ്മ, എ ഇ ഒ പ്രസീന, പി ടി എ പ്രസിഡന്‍റ് പത്മകുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് റൂബി സി കുരുവിള, ഹെഡ്മിസ്ട്രസ് ജെസി എം. നൈനാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍, ഐടിമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉഷാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പി ആര്‍ ഡി നിര്‍മിച്ച വായനയുടെ വളര്‍ത്തച്ഛന്‍, വയലാര്‍ രാമവര്‍മ എന്നീ ഡോക്യുമെന്‍ററികളുടെ പ്രദര്‍ശനം നടന്നു. (പിഎന്‍പി 1565/18)
- Log in to post comments