Skip to main content

തദ്ദേശഭരണ സെക്രട്ടറിമാരുടെ വീഴ്ചകൊണ്ട് പദ്ധതികള്‍ വൈകിയാല്‍  കര്‍ശന നടപടി - ജില്ലാ കളക്ടര്‍

    തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ചമൂലം പദ്ധതി നടത്തിപ്പില്‍ കാലതാമസം ഉണ്ടായാല്‍ ഇത്തരക്കാരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ആസൂത്രണ സമിതിയോഗത്തില്‍ ഹാജരാകാതിരുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് മെമ്മോ നല്‍കി അവരുടെ വിശദീകരണം അടിയന്തരമായി വാങ്ങാന്‍ കളക്ടര്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. പദ്ധതി തുക വിനിയോഗത്തില്‍ ജില്ല ഇപ്പോ ള്‍ സംസ്ഥാനത്ത് ഒന്‍പതാം സ്ഥാനത്താണ്. 7.96 ശതമാനം മാത്രമാണ് സാമ്പത്തിക വര്‍ഷം ആരംഭിച്ച് മൂന്ന് മാസം ആകുമ്പോഴുള്ള ജില്ലയിലെ തുക വിനിയോഗം. മാര്‍ച്ച് 31ന് മുമ്പുതന്നെ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നുവെങ്കിലും  പദ്ധതി നടത്തിപ്പില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. തുക വിനിയോഗത്തില്‍ 15 ശതമാനത്തിന് മുകളില്‍ പുരോഗതി കൈവരിച്ച തുമ്പമണ്‍, വെച്ചൂച്ചിറ, ചെന്നീര്‍ക്കര, കുന്നന്താനം എന്നീ പഞ്ചായത്തുകളെ കളക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു. ഇതുവരെ ഒരു രൂപ പോലും ചെലവഴിക്കാത്ത ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്, 2.46 ശതമാനം തുക ചെലവഴിച്ച ആനിക്കാട് പഞ്ചായത്ത്, 3.16 ശതമാനം തുക ചെലവഴിച്ച മല്ലപ്പുഴശേരി പഞ്ചായത്ത്, 3.29 ശതമാനം തുക ചെലവഴിച്ച റാന്നി പെരുനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരോട് കളക്ടര്‍ വിശദീകരണം തേടി. പദ്ധതി തുക വിനിയോഗത്തില്‍ പുരോഗതി കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ജീവനക്കാരെ അഭിനന്ദിക്കുന്നതോടൊപ്പം നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്രമിച്ചാല്‍ അത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ജില്ലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും കാരണമാകും. സംരംഭകരെ സഹായിക്കുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ സംരംഭകത്വ ക്ലബുകള്‍ രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഈ നിര്‍ദേശം എല്ലാ തദ്ദേശ സ്ഥാപനങ്ങളും പാലിക്കണം. കായിക വികസനത്തിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും 18നും 45നും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി യൂത്ത് ക്ലബുകള്‍ രൂപീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ജില്ലയില്‍ അഞ്ച് പഞ്ചായത്തുകള്‍ മാത്രമാണ് ഇതുവരെ യൂത്ത് ക്ലബുകള്‍ രൂപീകരിച്ചിട്ടുള്ളത്. എല്ലാ പഞ്ചായത്തുകളും യൂത്ത് ക്ലബുകള്‍ രൂപീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം.  പദ്ധതി തുക വിനിയോഗത്തില്‍ ജില്ലയെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ശ്രമം ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.  
    വാട്ടര്‍ അതോറിറ്റിയില്‍ നിന്നും വൈദ്യുതി ബോര്‍ഡില്‍ നിന്നും എസ്റ്റിമേറ്റ് ലഭിക്കുന്നതിലെ കാലതാമസം മൂലം ഡിപ്പോസിറ്റ് വര്‍ക്കുകള്‍ക്ക് തുക കൈമാറുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായി തദ്ദേശഭരണ അധ്യക്ഷരും സെക്രട്ടറിമാരും യോഗത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അടിയന്തരമായി വൈദ്യുതി ബോര്‍ഡിലെയും വാട്ടര്‍ അതോറിറ്റിയിലെയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.
    ജില്ലയിലെ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടെ തുകവിനിയോഗം ചുവടെ. 
ജില്ലാ പഞ്ചായത്ത്- 6.95 ശതമാനം, ബ്ലോക്ക് പഞ്ചായത്തുകള്‍: പുളിക്കീഴ്- 8.55, പന്തളം- 5.69, റാന്നി- 5.43, പറക്കോട്- 4.42, കോയിപ്രം- 3.87, കോന്നി- 3.77, ഇലന്തൂര്‍- 2.68, മല്ലപ്പള്ളി 1.45, നഗരസഭകള്‍: പത്തനംതിട്ട - 16.54, തിരുവല്ല - 12.61, പന്തളം- 12.36, അടൂര്‍- 10.03, ഗ്രാമപഞ്ചായത്തുകള്‍: തുമ്പമണ്‍-19.07, വെച്ചൂച്ചിറ- 18.06, ചെന്നീര്‍ക്കര- 17.90, കുന്നന്താനം- 15.34, കടപ്ര- 13.75, പന്തളം തെക്കേക്കര- 13.17, കവിയൂര്‍- 12.68, കല്ലൂപ്പാറ- 12.41, അയിരൂര്‍- 11.82, ഏഴംകുളം- 11.58, മലയാലപ്പുഴ-11.50, വള്ളിക്കോട്- 11.43, കോയിപ്രം- 11.38, പുറമറ്റം- 11.23, ഇരവിപേരൂര്‍ 11.04, നെടുമ്പ്രം- 10.90, റാന്നി- 10.66, മെഴുവേലി- 10.15, റാന്നി പഴവങ്ങാടി-9.43, ചെറുകോല്‍- 9.18, കലഞ്ഞൂര്‍- 8.84, ഓമല്ലൂര്‍- 8.82, റാന്നി അങ്ങാടി- 8.69, കുറ്റൂര്‍- 8.67, കടമ്പനാട്- 8.63, വടശേരിക്കര- 8.45, എഴുമറ്റൂര്‍- 8.38, ആറډുള- 7.98, കുളനട-7.51, കൊറ്റനാട്- 7.46, കോഴഞ്ചേരി- 7.45, നിരണം- 7.12, മൈലപ്ര- 6.74, അരുവാപ്പുലം- 6.57, നാറാണംമൂഴി- 6.06, കോന്നി- 5.77, ഏനാദിമംഗലം- 5.67, കൊടുമണ്‍- 5.51, ചിറ്റാര്‍- 5.07, പ്രമാടം-4.98, സീതത്തോട്-4.80, പള്ളിക്കല്‍-4.71, നാരങ്ങാനം- 4.34, ഏറത്ത്- 4.23, കോട്ടാങ്ങല്‍- 4.23, തണ്ണിത്തോട്-4.17, മല്ലപ്പള്ളി-3.97, പെരിങ്ങര-3.82, തോട്ടപ്പുഴശേരി-3.70, റാന്നി-പെരുനാട്-3.29, മല്ലപ്പുഴശേരി- 3.16, ആനിക്കാട്- 2.46, ഇലന്തൂര്‍- 0.
                                           (പിഎന്‍പി 1567/18)

date