Skip to main content

ആയുര്‍വേദ ദിനം ആചരിച്ചു കിരണം പദ്ധതിക്ക് തുടക്കം

ദേശീയ ആയുര്‍വേദ ദിനത്തിന്റെയും കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ ചികിത്സാ പദ്ധതിയായ കിരണം പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ 15 വയസിന് താഴെയുള്ള കുട്ടികളിലെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുകയും സമഗ്ര ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമാണ് കിരണം പദ്ധതി ആവിഷ്‌കരിച്ചത്. സ്‌കൂള്‍ തലത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുക, അപരാജിത ധൂമ ചൂര്‍ണ്ണം പോലുള്ളവ ഉപയോഗിച്ച് സ്‌കൂളുകളില്‍ അണുനശീകരണം നടത്തുക, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ആഹാര രീതികള്‍ ശീലിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുക. ജീവിത ശൈലി ക്രമീകരണങ്ങളും അണുനശീകരണത്തിന് ഔഷധങ്ങളുടെ സമയബന്ധിതമായ ഉപയോഗവും പ്രോത്സാഹിപ്പിക്കും. പോഷണം ആയുര്‍വേദത്തിലൂടെ എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം. ഇതിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിന് ആയുര്‍വേദ രീതിയിലുള്ള പാചകം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തത്സമയ പാചക പരിപാടിയും സംഘടിപ്പിച്ചു. ഔഷധ സസ്യ പ്രദര്‍ശനവും നടന്നു.

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യൂസ് പി കുരുവിള അധ്യക്ഷനായി. ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി വി ശ്രീനിവാസന്‍, സൂപ്രണ്ട്  ഡോ. ടി സുധ, കിരണം പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. കെ എസ് ലിഷമോള്‍, ഭാരതീയ ചികിത്സാ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ഷാലി ഫെര്‍ണാണ്ടസ്, ആയുഷ് ഗ്രാമം നോഡല്‍ ഓഫീസര്‍മാരായ ഡോ. ആര്‍ സോജ് (മട്ടന്നൂര്‍), ഡോ. ജഷി ദിനകരന്‍ (കൂത്തുപറമ്പ്), ജില്ലാ ആയുര്‍വേദ ആശുപത്രി സെക്രട്ടറി എം സഞ്ജയന്‍, ഡോ. യു ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

date