Skip to main content

വനിതാ കമ്മീഷന്‍ താലൂക്ക് തല അദാലത്ത്; തീര്‍പ്പായത് 21 പരാതികള്‍

കേരള വനിതാ കമ്മീഷന്റെ പയ്യന്നൂര്‍ താലൂക്ക് തല അദാലത്ത് പയ്യന്നൂര്‍ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്നു. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ കൂടിവരികയാണെങ്കിലും കണ്ണൂര്‍ ജില്ലയില്‍ ഇത്തരം കേസുകള്‍ വളരെ കുറവാണെന്നത് ശ്രദ്ധേയമാണെന്ന് വനിത കമ്മീഷന്‍ അംഗം ഇഎം രാധ പറഞ്ഞു. സ്തീധന പ്രശ്‌നങ്ങളില്‍ കൂടുതല്‍ പേര്‍ പ്രതികരിച്ചു തുടങ്ങിയത് സ്വാഗതാര്‍ഹമാണെന്നും അവര്‍ പറഞ്ഞു. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് താലൂക്ക് തല അദാലത്തുകള്‍ സംഘടിപ്പിച്ചു വരുന്നത്. ജില്ലയില്‍ രണ്ടാമത്തെ താലൂക്ക് തല അദാലത്താണ് പയ്യന്നൂരില്‍ നടന്നത്.
74 പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു. ഇതില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. ഒമ്പത് പരാതികള്‍ റിപ്പോര്‍ട്ടിനയച്ചു. 44 എണ്ണംം അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. ഗാര്‍ഹിക പീഡനങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍,തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. നഗരസഭാധ്യക്ഷ കെ വി ലളിത, സ്ഥിരം സമിതി അധ്യക്ഷന്‍ വി ബാലന്‍, പാനല്‍ അഡ്വക്കേറ്റമാരായ പ്രമീള, ഷിമ്മി, വിമലകുമാരി, പത്മജ പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date