കണ്ണൂര്‍ അറിയിപ്പുകള് 02-11-2021
ഇ-ശ്രാം: മോട്ടോര്‍ തൊഴിലാളി ബോര്‍ഡ് രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നു
ഇ ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അവസരമൊരുക്കുന്നു. ബോര്‍ഡിന്റെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിന്റെ നേതൃത്വത്തിലാണ് സൗജന്യ രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നവംബര്‍ മൂന്ന്, അഞ്ച്,എട്ട്,10,12, തീയ്യതികളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4.30 വരെയാണ് രജിസ്ട്രേഷന്. 16 നും 59 നും ഇടയില്‍ പ്രായമുള്ളവരും ഇപിഎഫ്, ഇഎസ് ഐ എന്നിവയില്‍ അംഗങ്ങളല്ലാത്തവരുമായ തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, മൊബൈല്‍ ഫോണ്‍ (ആധാര്‍ ലിങ്ക് ചെയ്താല്‍ നല്ലത്) എന്നിവ സഹിതം ജില്ലാ ഓഫീസില്‍ ഹാജരാവണം. ഫോണ്‍:0497 2705197
ലേലം
കെഎസ്ആര്‍ടിസി കണ്ണൂര്‍ യൂണിറ്റിലെ ഷോപ്പിങ് കോംപ്ലക്സില്‍ ഒഴിവുള്ള രണ്ട് മുറികള്‍ ലേലം/ടെണ്ടര്‍ ചെയ്യുന്നു. ദര്‍ഘാസുകള്‍ നവംബര്‍ 22 മൂന്ന് മണി വരെ സ്വീകരിക്കും. ഫോണ്‍:0497 2705960, 0497 2471011.
അഭിമുഖം ആറിന്
കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്(ജൂനിയര്‍), സുവോളജി(ജൂനിയര്‍) അധ്യാപകരുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ ആറ് ശനിയാഴ്ച രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍:9961375585.
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ എട്ടിന് രാവിലെ 10 മണിക്ക് എംസിസിയില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0490 2399207, വെബ് സൈറ്റ് www.mcc.kerala.gov.in
അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്കൂള്‍ (മലയാളം മീഡിയം)(കാറ്റഗറി നമ്പര്‍ 516/2019) തസ്തികയുടെ തെരഞ്ഞെടുപ്പിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട, ഒറ്റത്തവണ വെരിഫിക്കേഷന് പൂര്‍ത്തീകരിച്ച 165 ഉദ്യോഗാര്‍ഥികളുടെ അഭിമുഖം നടത്തുന്നു. നവംബര്‍ 10, 11, 12, 17, 18, 19 തീയതികളില്‍ ജില്ലാ പിഎസ് സി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ കമ്മീഷന് അംഗീകരിച്ച അസ്സല് തിരിച്ചറിയല്‍ രേഖ, സര്‍ട്ടിഫിക്കറ്റുകള്‍, ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ, ഒടിവി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
സൗജന്യ കൃത്രിമകാല് വിതരണ ക്യാമ്പ്
കൃഷ്ണമേനോന് സ്മാരക ഗവ. വനിതാ കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സൗജന്യ കൃത്രിമ കാല് വിതരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. തൃശൂര്‍ റിഹാബ് സെന്ററിന്റെ ജയ്പൂര്‍ മാതൃകയിലുള്ള കൃത്രിമ കാലുകളാണ് വിതരണം ചെയ്യുക. മുട്ടിന് താഴെയോ മുട്ടിന് മുകളിലോ കാലു നഷ്ടപ്പെട്ടവര്‍ കൃത്രിമ കാല് ലഭിക്കുന്നതിന് ഒരാഴ്ച്ചക്കകം ബന്ധപ്പെടണമെന്ന് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. 5000 മുതല്‍ 10000 രൂപ വരെ വിലയുള്ള കൃത്രിമ കാലുകളാണ് നല്‍കുന്നത്. ഫോണ്‍: 6282157211, 8547533363.
ഗതാഗതം നിരോധിച്ചു
കണ്ണപുരം-ഒഴക്രോം റോഡില്‍ കെഎസ്ടിപി റോഡു മുതല്‍ പാളിയത്ത് വളപ്പ് ജംഗ്ഷന് വരെയുള്ള വാഹന ഗതാഗതം നവംബര്‍ നാലിന് പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ ഇരിണാവ്-കല്ല്യാശ്ശേരി സെന്‍ട്രല്‍-പാളിയത്ത് വളപ്പ് വഴി പോകണമെന്ന് കെആര്‍എഫ്ബി വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രമുഖ സ്ഥാപനങ്ങളില്‍ ഒഴിവ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തുന്നു. ഫാക്കല്‍റ്റി (മെയില്‍) ഫ്രഷര്‍/എക്സ്പീരിയന്‍സ്ഡ്-ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബോട്ടണി, സുവോളജി, ക്ലാസ് ടീച്ചര്‍/മെന്റര്‍സ്, കോ ഓഡിനേറ്റേര്സ്. ഹോംസെയില്സ് ഓഫീസര്‍, ജെഎംഡി ഓഫീസര്‍, ജിയോ ഫൈബര്‍ എഞ്ചിനീയര്‍, കാഷ്യര്‍, ഫ്ളോര്‍ സെയില്‍സ് അസോസിയേറ്റ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത എംഎസ് സി/ബിഎഡ്/ബിടെക്/എംടെക്(ഇംഗ്ലീഷില്‍ പ്രാവീണ്യം), ഡിഗ്രി, ഐടിഐ/ഡിപ്ലോമ/പ്ലസ്ടു, എസ്എസ്എല്‍സി. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍:0497 2707610, 6282942066.
നവംബറിലെ റേഷന്‍ വിതരണം
നവംബറിലെ എ എ വൈ കാര്‍ഡുടമകള്‍ക്ക് കാര്‍ഡിന് 30 കിലോ അരിയും നാല് കിലോ ഗോതമ്പും സൗജന്യമായും ആറു രൂപയ്ക്ക് ഒരു പാക്കറ്റ് ആട്ടയും, 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും ലഭിക്കും. പി എം ജി കെ എ വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
മുന്‍ഗണനാ വിഭാഗം (പി എച്ച് എച്ച്) കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കും. (കാര്‍ഡിന് അനുവദിച്ചിട്ടുള്ള ഗോതമ്പിന്റെ അളവില്‍ നിന്നും ഒരു കിലോ കുറച്ച് പകരം ഒരു പാക്കറ്റ് ആട്ട എട്ട് രൂപക്ക് ലഭിക്കും).
പി എം ജി കെ എ വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
എന്‍ പി എസ് (പൊതുവിഭാഗം സബ്സിഡി) കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോക്ക് നാല് രൂപ നിരക്കില്‍ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ നാല് കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. അതാത് റേഷന്‍ കടകളിലെ ലഭ്യതക്കനുസരിച്ച് സ്പെഷ്യല്‍ അതി വിഹിതമായി കാര്‍ഡിന് അഞ്ച് കിലോ അരി കിലോക്ക് 15 രൂപ നിരക്കില്‍ ലഭിക്കും.
എന്‍ പി എന്‍ എസ് (പൊതുവിഭാഗം) കാര്‍ഡിന് മൂന്ന് കിലോ അരി കിലോക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. അതത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ നാല് കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. അതാത് റേഷന്‍ കടകളിലെ ലഭ്യതക്കനുസരിച്ച് സ്പെഷ്യല്‍ അരി വിഹിതമായി കാര്‍ഡിന് അഞ്ച് കിലോ അരി കിലോക്ക് 15 രൂപ നിരക്കില്‍ ലഭിക്കും. എന്‍ പി ഐ (പൊതു വിഭാഗം) കാര്‍ഡിന് രണ്ട് കിലോ അരി കിലോക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. അതത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് ഒരു കിലോ ആട്ട കിലോക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ മണ്ണെണ്ണ വിതരണം തുടരും.
പ്രയാസ്; പെന്ഷന് ഉത്തരവ് വിതരണം ചെയ്തു
ഇ പി എഫ് ഒ ആരംഭിച്ച പ്രയാസ് സംരംഭത്തിന്റെ ഭാഗമായി ഒക്ടോബറിലെ പെന്ഷന് ഉത്തരവ് വിതരണം ചെയ്തു. കണ്ണൂര്‍ റീജിയണല്‍ ഓഫീസിന് കീഴിലുള്ള അഞ്ച് സ്ഥാപനങ്ങളിലുള്ളവര്‍ക്കാണ് പെന്ഷന് ഉത്തരവ് നല്‍കിയത്. സുമതി, ടി ദാക്ഷായണി, പി രാമചന്ദ്രന്, കെ പുഷ്പ, സി ശാരദ എന്നിവര്‍ക്ക് റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി എബിന് വിശ്വനാഥ് ഉത്തരവ് കൈമാറി.
പ്രൊവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് വിരമിക്കുന്ന ദിനത്തില്‍ തന്നെ പെന്ഷന് ഉത്തരവ് കൈമാരുക എന്ന ലക്ഷ്യത്തോടെയാണ് പ്രയാസ് ആരംഭിച്ചത്.
വാഹനലേലം
കണ്ണൂര്‍ റൂറല്‍ പൊലീസ് ജില്ലാ പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള 167 വിവിധ വാഹനങ്ങള്‍ ലേലം ചെയ്യുന്നു. എംഎസ്ടിസി ലിമിറ്റഡിന്റെ www.mstcecommerce.com മുഖേന ഇ ലേലം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ റൂറല്‍ പൊലീസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0497 2999098.
മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
കേരള തീരത്ത് നവംബര്‍ നാലു വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
നവംബര്‍ നാലിന് കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ പൊതുജനങ്ങള്‍ അതിനോട് സഹകരിക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കണം. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കുകയും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യണം. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണം.
മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ജില്ലയില്‍ ബുധന്‍ (നവംബര്‍ മൂന്ന്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. താലൂക് ആശുപത്രി തളിപ്പറമ്പ, ഇരിട്ടി താലൂക്ക്് ആശുപത്രി, ഒടുവള്ളിത്തട്ടു സിഎച്ച്സി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും കാങ്കോല്‍ ആലപ്പടമ്പ പി എച്ച് സി, പഴയങ്ങാടി താലൂക്കാശുപത്രി, ആര്.വി മെട്ട വിജ്ഞാന് വേദി, വ്യാപാരഭവന് കോണ്‍ഫറന്‍സ് ഹാള്‍ കണിച്ചാര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും കണ്ണൂര്‍ ഓഫീസേര്‍സ് ക്ലബ് രാവിലെ 10 മണി മുതല്‍ മൂന്ന് വരെയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രി രാവിലെ 10 മുതല്‍ 12 വരെയും കുഞ്ഞിമംഗലം എഫ് എച്ച് സി, ചന്തപ്പുര സാംസ്കാരിക നിലയം, ഈസ്റ്റ് കതിരൂര്‍ താഴത്തു പള്ളി, അംഗന്‍വാടി ട്രെയിനിങ് സെന്റര്‍ പുത്തന്‍കണ്ടം പിണറായി, കൊട്ടിയൂര്‍ എഫ് എച്ച് സി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.
- Log in to post comments