Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 03-11-2021

മിനിമം വേതനം  ഉപസമിതി തെളിവെടുപ്പ് യോഗം

സംസ്ഥാനത്തെ പവര്‍ ലൂം, ടൈല്‍, ടാണറീസ് ആന്റ് ലെതര്‍, ടി എം ടി സ്റ്റീല്‍ ബാര്‍ എന്നീ നിര്‍മാണ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ ഒമ്പതിന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ചേരും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. ജില്ല, സമയം ക്രമത്തില്‍
കോഴിക്കോട് രാവിലെ 10 മണി, വയനാട് 11 മണി, കണ്ണൂര്‍ 11.30, കാസര്‍കോട് 12 മണി.

നെല്ല് സംഭരണം: കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം

ജില്ലയില്‍ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തിനായി ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ ഉടന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍, പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കര്‍ഷകര്‍ നല്‍കുന്ന നെല്ല് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ഗുണനിലവാരമുണ്ടെങ്കില്‍ മാത്രമേ സംഭരിക്കുകയുള്ളൂ. സ്വന്തമായി ഭൂമിയുള്ള കര്‍ഷകര്‍ക്ക് ഭൂപരിധി നിയമ പ്രകാരം ഉടമസ്ഥാവകാശമുള്ള മുഴുവന്‍ കൃഷിസ്ഥലവും പാട്ടകൃഷികള്‍ക്ക് മുഴുവന്‍ സ്ഥലവും രജിസ്‌ട്രേഷന്‍ ചെയ്യാം. 2021-22 സീസണിലെ നെല്ലിന്റെ സംഭരണ വില 28 രൂപയാണ് ഇത് കൂടാതെ കയറ്റിറക്ക ഇനത്തില്‍ 12 പൈസയും ചേര്‍ത്ത് ഒരു കിലോക്ക് 28.12 രൂപ കര്‍ഷകന് ലഭിക്കും. ഫോണ്‍: 9446089784, 9744808762.

വാഹനങ്ങളുടെ ഫിറ്റ്നെസ് ടെസ്റ്റ്; സ്ലോട്ട് ബുക്ക് ചെയ്യണം

കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ ഫിറ്റ്നസ് ടെസ്റ്റിനെത്തുന്ന വാഹനങ്ങളുടെ എണ്ണം നവംബര്‍ എട്ട് മുതല്‍ 80 ആയി നിജപ്പെടുത്തി. ടെസ്റ്റിനെത്തുന്നവര്‍ ഓണ്‍ലൈന്‍ സ്ലോട്ട് ബുക്ക് ചെയ്ത് മാത്രമേ വരാന്‍ പാടുള്ളൂ എന്ന് ആര്‍ ടി ഒ അറിയിച്ചു. വാഹനങ്ങള്‍ രാവിലെ 11 മണിക്ക് മുമ്പ് ടെസ്റ്റ് ഗ്രൗണ്ടില്‍ ഹാജരാകണം. സര്‍ക്കാര്‍, സ്‌കൂള്‍ വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവക്ക് സ്ലോട്ട് ബുക്കിങ്ങ് ആവശ്യമില്ല.

മരം ലേലം

കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികള്‍ ലേലം ചെയ്യുന്നു. നവംബര്‍ 12ന് ഓണ്‍ലൈനായി നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com വഴി രജിസ്റ്റര്‍ ചെയ്യണം. പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ അഡ്രസ്സ്, ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം ഡിപ്പോയില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0490 2302080.

തൃക്കരിപ്പൂര്‍ ഗവ പോളിടെക്‌നിക് ക്യാമ്പസില്‍ നിന്നും മുറിച്ചു മാറ്റിയ വൃക്ഷങ്ങളുടെ ശിഖരങ്ങളും തടിയും നവംബര്‍ 19 ഉച്ചക്ക് രണ്ട് മണിക്ക് ലേലം ചെയ്യും. ക്വട്ടേഷന്‍ നവംബര്‍ 19ന് രാവിലെ 10.30നകം ലഭിക്കണം. ഫോണ്‍: 0467 2211400.

ഇ എസ് ഐ പരാതി പരിഹാര സെല്‍ വ്യാഴാഴ്ച

ഇ എസ് ഐ പരാതി പരിഹാര സെല്‍ യോഗം നവംബര്‍ 11 വ്യാഴം ഉച്ചക്ക് രണ്ടുമണിക്ക് തോട്ടട ഇ എസ് ഐ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ചേരും. ഗുണഭോക്താക്കള്‍ നേരിട്ടോ അല്ലാതെയോ സൂപ്രണ്ടിന് മുമ്പാകെ പരാതി സമര്‍പ്പിക്കണം.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം

കേരളാ-ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ നവംബര്‍ ഏഴു വരെ മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട്

മഴ തുടരുന്നതിനാല്‍ ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ നാല്) കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍, വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ ജാഗ്രത പാലിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ കരുതി മാറി താമസിക്കാന്‍ തയ്യാറാവണം. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കേണ്ടതുമാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടില്ല. പുഴയോരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ അണക്കെട്ടുകള്‍ തുറക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

നെഹ്‌റു യുവകേന്ദ്ര പ്രസംഗ മത്സരം

നെഹ്‌റു യുവകേന്ദ്ര ദേശീയ പ്രസംഗ മത്സരത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല പ്രസംഗ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 'ദേശസ്‌നേഹവും രാജ്യ നിര്‍മ്മാണവും' എന്ന വിഷയത്തില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് മത്സരം. 18 നും 29 നും ഇടയില്‍ പ്രായമുള്ള കണ്ണൂര്‍ സ്വദേശികളായവര്‍ക്ക് പങ്കെടുക്കാം. ജില്ലാതല മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് യഥാക്രമം 5000, 2000, 1000 ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന വിജയികള്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0497-2700881, 914972700881 (വാട്ട്‌സ് ആപ്പ്) nyc.nykskannur@gmail.com.

താല്‍കാലിക നിയമനം

തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ വിവിധ ഒഴിവുകളിലേക്ക് താല്‍കാലിക നിയനമം നടത്തുന്നു.

 
ലാബ് ടെക്‌നീഷ്യന്‍ യോഗ്യത: സര്‍ക്കാര്‍ അംഗീകൃത പാരാമെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നും ബി എസ് സി എംഎല്‍ടി/ ഡിപ്ലോമ. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത: ഡിഗ്രി, ഡിസിഎ/ പിജിഡിസിഎ. അക്കൗണ്ടന്റ് യോഗ്യത: ബികോം ഡിസിഎ/ പിജിഡിസിഎ. അപേക്ഷകര്‍ നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് മുമ്പ് സൂപ്രണ്ടിന്റെ മുമ്പാകെ ഹാജരാകണം.

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2 ( ആശുപത്രി ശുചീകരണ വിഭാഗം) യോഗ്യത ഏഴാം ക്ലാസ്. ഉദ്യോഗാര്‍ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകള്‍ നവംബര്‍ ആറിന് 11 മണിക്കകം നേരിട്ട് സമര്‍പ്പിക്കണം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 5ന്

ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. പ്ലസ്ടു/വി എച്ച് സി, ഡിപ്ലോമ ഇന്‍ ഫാര്‍മസി/ ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് മുമ്പായി ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

അധ്യാപക ഒഴിവ്

മുഴപ്പിലങ്ങാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കൊമേഴ്‌സ്, ആന്ത്രോപ്പോളജി ജൂനിയര്‍ അധ്യാപക തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു അധ്യാപക തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. കെമിസ്ട്രി, ഹിസ്റ്ററി വിഷയങ്ങള്‍ക്ക് നവംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടു മണിക്കും കമ്പ്യൂട്ടര്‍ സയന്‍സിന് നവംബര്‍ ആറിന് ഉച്ചക്ക് രണ്ടു മണിക്കുമാണ് അഭിമുഖം. ഫോണ്‍: 9495114291.

തോട്ടട ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഗസ്റ്റ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എച്ച് എസ് എ പാര്‍ട്ട് ടൈം മലയാളം, എച്ച് എസ് എ ഫിസിക്കല്‍ സയന്‍സ്, ട്രേഡ്‌സ്മാന്‍-റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് എന്നീ തസ്തികകളിലുള്ള ഒന്നു വീതം ഒഴിവിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ ആറ് ശനിയാഴ്ച ടെക്‌നിക്കല്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. വിഷയം, സമയം യഥാക്രമം- മലയാളം രാവിലെ 11 മണി, സയന്‍സ് 12 മണി, റഫ്രിജറേഷന്‍ ഉച്ചക്ക് രണ്ടു മണി. ഫോണ്‍: 0497 2835260.

date