കണ്ണൂര്‍ അറിയിപ്പുകള് 11-11-2021
ഓട്ടോറിക്ഷ നല്കി
അടിയ-പണിയ പാക്കേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പ് നല്കുന്ന ഓട്ടോറിക്ഷയുടെ താക്കോല്‍ കൈമാറ്റം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. 2.61 ലക്ഷം രൂപ ചെലവഴിച്ച് അയ്യന്‍കുന്ന് പഞ്ചായത്തിലെ കെ ജി സതീശനാണ് ഓട്ടോറിക്ഷ നല്‍കിയത്. ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിന് മുന്‍വശത്ത് നടന്ന ചടങ്ങില്‍ ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ എസ് സന്തോഷ്കുമാര്‍, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ എം കെ മെഹറൂഫ്, സൈറ്റ് മാനേജര്‍ പി പി ഗിരീഷ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ സി ഷൈജു, കെ വി അനൂപ്, പ്രസാദ് അലോക്കന്‍, ടി കെ സജിത, എന്‍ പി സജ്ന, കെ വി ധനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഓംബുഡ്സ്മാന് ചുമതലയേറ്റു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒംബുഡ്സ്മാനായി വി പി സുകുമാരന്‍ ചുമതലയേറ്റു. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ ഓംബുഡ്സ്മാന് സമര്‍പ്പിക്കാം. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനുള്ള നിയമാനുസൃതമായ പരാതി പരിഹാര സംവിധാനമാണ് ഓംബുഡ്സ്മാന്.
ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക്കിന്റെ ത്രിദിന പരിശീലനം
ആപല്‍ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനായി നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 17 മുതല്‍ 19 വരെ നാറ്റ്പാക്ക് ആക്കുളം പരിശീലന കേന്ദ്രത്തിലാണ് പരിപാടി. സ്ഫോടക വസ്തുക്കള്‍, എല്‍പിജി തുടങ്ങിയ പെട്രോളിയം ഉല്പന്നങ്ങള്, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും സുരക്ഷിത ഗതാഗതത്തിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനുമുള്ള ശാസ്ത്രീയ പരിശീലനമാണ് നല്‍കുക. ഫോണ്‍ : 0471 2779200.
മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ജില്ലയില്‍
തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ നവംബര്‍ 13,14,15 തീയതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
നവംബര്‍ 13 ശനി
ഉച്ച 2.30- പേരട്ട ഗവ.എല്‍.പി സ്കൂള്‍ കെട്ടിടോദ്ഘാടനം.
മൊയ്യാരത്ത് ശങ്കരന് സ്മാരക പുരസ്കാര സമര്‍പ്പണം-കെ കെ ശൈലജ ടീച്ചര്‍ക്ക്. മൊയ്യാരത്ത് സ്മാരകം, കണ്ണൂര്‍.
നാല് മണി - ലേബര്‍ കോണ്‍ട്രാക്ടേര്‍സ് സൊസൈറ്റി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്പോണ്സര് ചെയ്ത ദേശാഭിമാനി പത്രത്തിന്റെ വിതരണം.
നവംബര്‍ 14 ഞായര്‍ -
രാവിലെ 10.30 - കോടല്ലൂര്‍ എ എല്‍ പി സ്കൂള്‍ കെട്ടിടോദ്ഘാടനം
11 മണി - പറശ്ശിനിക്കടവ് സിഎച്ച്സി നവീകരിച്ച കെട്ടിടോദ്ഘാടനം, പറശ്ശിനിക്കടവ്.
12 മണി - പാടിക്കുന്ന് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സൊസൈറ്റി സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം, കൊളച്ചേരി മുക്ക്.
വൈകീട്ട് 3.30 - സൂര്യന് എന്റെ നക്ഷത്രം വി ആര് പട്ടുവത്തിന്റെ പുസ്തക പ്രകാശനം-മംഗലശ്ശേരി
നവംബര്‍ 15 തിങ്കള്‍ - രാവിലെ 9.30- മോറാഴ കല്ല്യാശ്ശേരി സര്‍വ്വീസ് സഹകരണ ബേങ്ക് ഉന്നത വിജയികള്‍ക്കുള്ള ആദരം.
10 മണി - ഇ കെ നായനാര്‍ മെമ്മോറിയല്‍ മാതൃശിശു ആശുപത്രി മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച മാങ്ങാട്ടുപറമ്പ
11.30- മണ്ഡലം ഓഫീസ്.
സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2021
സ്വച്ഛശ്രീ കാമ്പയിനില്‍ ഒരു ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുക്കും
സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2021 ശുചിത്വ സര്‍വ്വേയില്‍ ഒരു ദിവസം രണ്ട് ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ ജില്ലാ ഭരണകൂടവും കുടുംബശ്രീ ശുചിത്വമിഷനും ചേര്‍ന്ന് സ്വച്ഛശ്രീ കാമ്പയിന് നടത്തും. സയന്‍സ് പാര്‍ക്കില്‍ ചേര്‍ന്ന കുടുംബശ്രീ പ്രതിമാസ അവലോകന യോഗത്തിലാണ് തീരുമാനം. നവംബര്‍ 14 ന് ജില്ലയിലെ ഇരുപതിനായിരത്തിലധികം വരുന്ന കുടുബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പതിവ് യോഗത്തില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴി സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2021 ലിങ്കില്‍ കയറി കണ്ണൂര്‍ ജില്ല തിരഞ്ഞെടുത്ത് ശുചിത്വ സംബന്ധിയായ അഞ്ച് ചോദ്യങ്ങള്‍ക്ക് അനുകൂല ഉത്തരങ്ങള്‍ നല്കി സര്‍വ്വേയില്‍ പങ്കെടുക്കും. കണ്ണൂര്‍ ജില്ലയെയും കേരളത്തെയും ദേശീയ തലത്തില്‍ ശുചിത്വ സര്‍വ്വെയില്‍ മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് സ്വന്തം ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തി മറ്റു ഫോണുകളില്‍ നിന്ന് സര്‍വ്വേയില്‍ പങ്കെടുക്കാം.
കുടുംബശ്രീ ജില്ലാ മിഷന് അയല്‍ക്കൂട്ടം വരെയുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സര്‍വ്വേയില്‍ പങ്കെടുക്കാനുള്ള ലിങ്ക് കൈമാറിയിട്ടുണ്ട്. പുതുതായി രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പിലെ അംഗങ്ങളും കാമ്പയിനില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ അയല്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിക്കുന്ന കുടുംബശ്രീ സി ഡി എസ്കളെ ശുചിത്വമിഷന് ആദരിക്കും.
യോഗത്തില്‍ ശുചിത്വമിഷന് എഡിസി പി എം രാജീവ്, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ഡോ എം സുര്‍ജിത്ത്, കുടുംബശ്രീ ചെയര്പേഴ്സണ്മാര്, അസി. കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
സീറ്റ് ഒഴിവ്
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ കോഴ്സില്‍ അടൂരില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകാരമുള്ള കോഴ്സിന് പ്ലസ് ടു അമ്പത് ശതമാനം മാര്‍ക്കോടുകൂടി ഹിന്ദി രണ്ടാം ഭാഷയായി എടുത്തവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്, സാഹിത്യ വിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി എ, എം എ എന്നീ യോഗ്യതകളും പരിഗണിക്കും. പ്രായപരിധി 17-35. ഇ-ഗ്രാന്റ് വഴി പേട്ടികജാതി, മറ്റ് അര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. ഉയര്‍ന്ന പ്രായ പരിധിയില്‍ പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റ് പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും. ഫോണ്‍: 04734 296496,8547126028.
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സ്പോട്ട് അഡ്മിഷന്
കെല്‍ട്രോണ്‍ തലശ്ശേരി നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂള്‍ ടീച്ചര്‍ ട്രെയിനിങ്ങ് കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് നവംബര്‍ 16 ന് രാവിലെ 11 മണിക്ക് നടക്കും. എസ് എസ് എല്‍ സിയാണ് യോഗ്യത. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം തലശ്ശേരി നോളജ് സെന്ററില്‍ എത്തണം.ഫോണ്‍: 9072592458, 9947733940.
സീറ്റ് ഒഴിവ്
നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബി എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവ്. വിശദ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 0497 2877600, 8547005059
സീറ്റ് ഒഴിവ്
വാസ്തു വിദ്യാഗുരുകുലത്തിലെ വിവിധ കോഴ്സുകളില്‍ സ്പോട്ട് പ്രവേശനം നടത്തുന്നു. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 30നകം ഓഫീസില്‍ ഹാജരാവണം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചറില്‍ ആകെ സീറ്റ് 25. യോഗ്യത - ബിടെക് -സിവില്‍ എന്‍ജീനിയറിങ്ങ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ് 200 രൂപ. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചറില്‍ പ്രായപരിധി 35 വയസ്സ്. യോഗ്യത എസ് എസ് എല്‍ സി. ആകെ സീറ്റ് 40 (50% വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു). പ്രായപരിധി ഇല്ല. അപേക്ഷ ഫീസ് 100 രൂപ. ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ആകെ സീറ്റ് 25. യോഗ്യത എസ്എസ്എല്‍സി. അപേക്ഷ ഫീസ് 200 രൂപ.
ഫോണ്‍: 0468 2319740, 9847053294, 9947739442, 9847053293
ഗതാഗതം നിരോധിച്ചു
കൂടാളി- തണ്ടപ്പുറം -ചെക്കിക്കുളം റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബര്‍ 12 മുതല്‍ 31 വരെ ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ തൊട്ടടുത്തുള്ള കനാല്‍ റോഡ് വഴി കണ്ണൂര്‍ -മട്ടന്നൂര്‍ റോഡില്‍ കൊയ്യോട് ചാലിലേക്ക്് തിരിച്ചു വിടണമെന്ന് അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സീറ്റ് ഒഴിവ്
താനൂര്‍ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ബി എസ് സി ഇലക്ട്രോണിക്സില് ഇ ഡബ്ല്യു എസ്, എസ് സി, എസ് ടി കാറ്റഗറിയിലും ബി എ ഇംഗ്ലീഷ്, ബി ബി എ, ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി സി എ എന്നീ വകുപ്പുകളില്‍ എസ് ടി കാറ്റഗറിയിലും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവര് നവംബര്‍ 15ന് രാവിലെ 10 മണിക്ക് അസ്സല് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ gctanur.ac.in ല്‍ ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്ററില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (ടാലി, എം എസ് ഓഫീസ്), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്ങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്ങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് വിത്ത് ഇന്ത്യന്‍ ആന്റ് ഫോറിന് അക്കൗണ്ടിങ്ങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എല്‍ സി/പ്ലസ്ടു/ഡിഗ്രി/പിജി. താല്പര്യമുള്ളവര് തളിപ്പറമ്പ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 9072592459.
സൗജന്യ യോഗ പരിശീലനം
ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗ യൂണിറ്റിന്റെ ഭാഗമായി സൗജന്യ യോഗ പരിശീലനം തുടങ്ങി. സ്ത്രീകള്‍ക്കായി പ്രതേ്യകം ക്ലാസ് ലഭ്യമാണ്. ഫോണ്‍: 8138074482
പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു
ഒ ബി സി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് റീ ടേണ്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക/ഉല്പാദന/സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. വരുമാനദായകമായ നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ ലഭിക്കും. ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ പരമാവധി 30 ലക്ഷം രൂപ വരെ അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം വരെ. പ്രായപരിധി 65 വയസ്. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെയാണ് അനുവദിക്കുക. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പ അനുവദിക്കുന്നതിന് മതിയായ ജാമ്യം ഹാജരാക്കണം.
പദ്ധതി പ്രകാരം വായ്പ എടുക്കുന്നവര്‍ക്ക് പദ്ധതി അടങ്കലിന്റെ 15 ശതമാനം മൂലധന സബ്സിഡിയും വായ്പാ തിരിച്ചടവിന്റെ ആദ്യ നാല് വര്‍ഷം മൂന്ന് ശതമാനം പലിശ സബ്സിഡിയും നോര്‍ക്കാ റൂട്ട്സ് അനുവദിക്കും. ഇതിനു പുറമേ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താത്തവര്‍ക്ക് ആകെ തിരിച്ചടക്കുന്ന പലിശയുടെ അഞ്ച് ശതമാനം ഗ്രീന്‍കാര്‍ഡ് ആനുകൂല്യമായി കോര്പ്പറേഷന് അനുവദിക്കും. ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാല്‍ പലിശ സഹിതമുള്ള മൊത്തം തിരിച്ചടവ് തുക വായ്പ തുകയേക്കാള്‍ കുറവായിരിക്കും.
നോര്‍ക്കാ റൂട്ട്സ് ശുപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് വായ്പ അനുവദിക്കുക. ഇതിനായി നോര്‍ക്കാ റൂട്ട്സിന്റെ www.norkaroots.net ലെ NDPREM - Rehabiliation Scheme for Return NRKs എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം. രജിസ്റ്റര്‍ ചെയ്ത ശേഷം വായ്പാ അപേക്ഷാ ഫോറം ലഭിക്കുന്നതിന് നോര്‍ക്കാ റൂട്ട്സില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശ കത്ത് സഹിതം കോര്‍പ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകളെ സമീപിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com ല്‍ ലഭിക്കും.
- Log in to post comments