Skip to main content

ശബരിമല തീര്‍ഥാടനം: പോലീസ് നിര്‍ദേശങ്ങള്‍

ശബരിമല മണ്ഡല-മകരവിളക്കിനോട് അനുബന്ധിച്ച് എത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്തതിനു ശേഷം കെഎസ്ആര്‍ടിസി യുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടതാണ്. സന്നിധാനത്തേക്ക് പോകാതെ വാഹനങ്ങളില്‍ തങ്ങുന്ന ഡ്രൈവര്‍മാര്‍ ഉണ്ടെങ്കില്‍, അങ്ങനെയുള്ള ഫോര്‍ വീലര്‍ വാഹനങ്ങളില്‍ തീര്‍ഥാടകരെ പമ്പയില്‍ ഇറക്കിയതിനു ശേഷം വാഹനം തിരികെ നിലയ്ക്കല്‍ എത്തി പാര്‍ക്ക് ചെയ്യാം. 
പമ്പ ഗണപതി കോവിലിലെ നടപ്പന്തലിലെ കൗണ്ടറിലാണ് വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷന്‍ നടത്തുന്നത്. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയില്‍ നീലിമല, അപ്പാച്ചിമേട് പാത ഉപയോഗിക്കാതെ സ്വാമി അയ്യപ്പന്‍ റോഡ് മാത്രം ഉപയോഗിക്കണം. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കുന്നതിനോ തങ്ങുന്നതിനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല. പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഗണപതി കോവിലിനു താഴെയുള്ള പന്തളം രാജ പ്രതിനിധിയുടെ മണ്ഡപത്തിനടുത്തു നിന്നും ലഭിക്കുന്ന ടാഗ് കുട്ടികളുടെ കയ്യില്‍ കെട്ടേണ്ടതാണ്.
  നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കേറ്റോ 72 മണിക്കൂറിനുള്ളില്‍ ചെയ്ത ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ടോ കയ്യില്‍ കരുതേണ്ടതാണ്. കൃത്രിമ തിക്കും തിരക്കും ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മോഷണവും പിടിച്ചുപറിയും സൂക്ഷിക്കണം. അയ്യപ്പ ഭക്തരുടെ തോള്‍ സഞ്ചിയില്‍ വിലപിടിപ്പുള്ള വസ്തുക്കളോ പണമോ സൂക്ഷിക്കാന്‍ പാടില്ല. തിരക്കുള്ള സ്ഥലങ്ങളില്‍ അമിത തിരക്കുണ്ടാകുമ്പോള്‍ ബാഗുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

date