മീറ്റ് ദ സ്കൂൾ: കല്യാശേരി മണ്ഡലത്തിലെ 106 വിദ്യാലയങ്ങൾ എംഎൽഎ സന്ദർശിക്കും
പൊതുവിദ്യാഭ്യാസ രംഗത്ത് കല്യാശേരി മണ്ഡലം നടപ്പാക്കിയ സമഗ്ര വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചക്കായി മീറ്റ് ദ സ്കൂൾ - വിദ്യാലയ സന്ദർശന പരിപാടി നടപ്പാക്കും. മണ്ഡലത്തിലെ എയ്ഡഡ് ഉൾപ്പെടെ 106 വിദ്യാലയങ്ങളും എം വിജിൻ എം എൽ എ സന്ദർശിക്കും. കല്യാശേരി മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രിൻസിപ്പൽമാരുടെയും പ്രധാനാധ്യാപകരുടെയും യോഗത്തിലാണ് തീരുമാനം. അധ്യാപകരുടെയും പിടിഎയുടെയും വിദ്യാർഥികളുടെയും ആശയങ്ങൾ സമാഹരിച്ചു കൊണ്ട് മിഷൻ കല്യാശേരി നടപ്പാക്കുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു.
പൊതുവിദ്യാഭ്യാസ രംഗത്തെ കല്യാശേരി മോഡലിൻ്റെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുക. വിദ്യാലയങ്ങളിൽ നിന്നും ലഭിക്കുന്ന ആശയങ്ങളും പ്രതികരണങ്ങളും വിശകലനം ചെയ്ത് പ്രാധാന്യം നോക്കി ആവശ്യമായ പദ്ധതികൾ നടപ്പാക്കുമെന്നും എം എൽ എ പറഞ്ഞു.
അടുത്ത അഞ്ച് വർഷം മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കേണ്ട ഭൗതിക, അക്കാദമിക വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് പദ്ധതി രൂപീകരിക്കുകയാണ് മീറ്റ് ദ സ്കൂൾ പരിപാടിയുടെ ലക്ഷ്യം. സ്കൂളുകളുടെ അടിസ്ഥാന വികസനം, ഗതാഗതപ്രശ്നങ്ങൾ,
കൊവിഡ് സാഹചര്യത്തിൽ സ്കൂളുകൾ തുറന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ,
തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു.
മാടായി ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന യോഗത്തിൽ ഡയറ്റ് പ്രിൻസിപ്പൽ കെ എം സോമരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു,
പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടിടി ബാലകൃഷ്ണൻ (കല്യാശ്ശേരി), എം ശ്രീധരൻ (ചെറുതാഴം) ഫാരിഷ ടീച്ചർ (മാട്ടൂൽ), ടി സുലജ (കടന്നപ്പള്ളി - പാണപ്പുഴ), കെ രതി (കണ്ണപുരം) പി ഗോവിന്ദൻ ( ഏഴോം) ടി നിഷ ( ചെറുകുന്ന്),എസ് എസ് കെ ജില്ല പ്രൊജക്ട് കോ-ഓർഡിനേറ്റർ ടി പി അശോകൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരായ കെ ജയപ്രകാശ്, വിജയൻ, ബിപി ഒ കെ സി പ്രകാശൻ, ജില്ല വിദ്യാഭ്യാസ പോഗ്രാം ഓഫീസർ രാജേഷ് കടന്നപ്പള്ളി തുടങ്ങിയവർ സംസാരിച്ചു
- Log in to post comments