Skip to main content

വിവരാവകാശ അപേക്ഷകളില്‍ കൃത്യമായ മറുപടി വേഗത്തിൽ നല്‍കണം : മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിശ്വാസ് മേത്ത

 

 

 

എറണാകുളം : വിവരാവകാശ അപേക്ഷകളില്‍ കൃത്യമായ മറുപടി വേഗത്തിൽ നല്‍കണം എന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിശ്വാസ് മേത്ത പറഞ്ഞു . സംസ്ഥാന വിവരാവകാശ കമ്മീഷൻ ജില്ലയിലെ റവന്യൂ, പഞ്ചായത്ത് ഓഫീസുകളിലെ വിവരാവകാശ ഓഫീസർമാർക്കായി വിവരാവകാശ നിയമത്തെ സംബന്ധിച്ച് സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ ക്രമത്തില്‍ പൗരന്മാര്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ ഉദ്യോഗസ്ഥര്‍ മാനിക്കണം. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചാല്‍ വേഗത്തില്‍ മറുപടി നല്‍കാന്‍  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ഏകദിന ശിൽപശാലയിൽ വിവരാവകാശ കമ്മീഷണർ എസ്. സോമനാഥൻ പിള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിവരാവകാശം നിയമം പൗരന് നൽകിയിട്ടുള്ള അവകാശമാണ്. വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ നിയമപ്രകാരം അനുവദിച്ചിരിക്കുന്നത് പരമാവധി 30 ദിവസത്തെ  സമയമാണ്. അപേക്ഷ ലഭിച്ചാൽ  എത്രയും പെട്ടെന്ന് തന്നെ അപേക്ഷകന് വിവരം കൈമാറണം.  പകര്‍പ്പ് ആവശ്യപ്പെട്ടയാള്‍ക്ക് 30 ദിവസത്തിനകം പകര്‍പ്പും നല്‍കണം. പകര്‍പ്പ് ലഭിക്കാന്‍ നിശ്ചിത തുക എവിടെ അടയ്ക്കണമെന്ന് കാണിച്ച് 30-ാം ദിവസം കത്തയച്ചാല്‍ പോരായെന്നും അദ്ദേഹം പറഞ്ഞു. 

 

 ചോദ്യരൂപത്തിലുള്ള വിവരാവകാശ  അപേക്ഷകളിലും വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ നല്‍കണം.   വിവരം നിഷേധിക്കുമ്പോള്‍ ഏത് വകുപ്പ് പ്രകാരമാണെന്ന് അപേക്ഷകന് ബോധ്യപ്പെടുന്ന രീതിയില്‍ വ്യക്തമാക്കണം.  നല്‍കുന്ന രേഖകള്‍ അപേക്ഷകന്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഓരോ പേജും സാക്ഷ്യപ്പെടുത്തി നല്‍കണം. അപേക്ഷകർ പകർപ്പുകൾ ലഭിക്കുന്നതിനായി ട്രഷറിയിൽ അടയ്ക്കുന്ന   തുക  ബന്ധപ്പെട്ട ഓഫീസുകളിൽ കൃത്യമായി ലഭിക്കുന്നതിന് വേണ്ട നിർദ്ദേശം സർക്കാരിന് നൽകുമെന്നും  അദ്ദേഹം പറഞ്ഞു. 

 

എറണാകുളം ടൗൺ ഹാളിൽ നടന്ന ശിൽപശാലയിൽ വിവരാവകാശ കമ്മീഷണർമാരായ ഡോ. കെ എൽ വിവേകാനന്ദൻ , കെ.വി. സുധാകരൻ , അഡ്വ എച്ച്. രാജീവൻ , കമ്മീഷൻ സെക്രട്ടറി വി.ടി ബീന, എ ഡി എം എസ്. ഷാജഹാൻ എന്നിവർ പങ്കെടുത്തു. ഉദ്യോഗസ്ഥരുടെ സംശങ്ങള്‍ക്ക് മുഖ്യ വിവരാവകാശ കമ്മീഷണറും മറ്റ് കമ്മീഷണര്‍മാരും മറുപടി നല്‍കി.

date