Skip to main content
ദേശീയ മാധ്യമദിനത്തിത്തോട് അനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ മാധ്യമ സെമിനാറില്‍ പ്രൊഫ.എം.എ റഹ്മാന്‍ സംസാരിക്കുന്നു.

നിര്‍ഭയമാധ്യമപ്രവര്‍ത്തനം പ്രാദേശികതലത്തിലുമുണ്ടാകണം

     നിര്‍ഭയം മാധ്യമപ്രവര്‍ത്തനത്തിന് തയ്യാറാകുന്നവര്‍ വൈകിയാണെങ്കിലും  വിജയിക്കുന്ന അനുഭവങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ഈ വിധത്തിലുളള മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവി ശുഭസൂചകമാണെന്നും പ്രൊഫ. എം എ റഹ്മാന്‍ പറഞ്ഞു. ദേശീയ മാധ്യമദിനത്തിത്തോട് അനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ പ്രസ് ക്ലബ് ഹാളില്‍ നടത്തിയ നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവി എന്ന സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ഏറെ എതിര്‍പ്പുകളുണ്ടായെങ്കിലും ഒടുവില്‍ എതിര്‍ത്തവര്‍പോലും യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ട് കൂടെനിന്ന അനുഭവങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യവും തദ്ദേശീയ തനിമയും സംഗമിക്കുന്ന കാസര്‍കോട്ടെ  മാധ്യമപ്രവര്‍ത്തനം ഇതര പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. പ്രാദേശിക പ്രശ്‌നങ്ങളെ നിര്‍ഭയം  ഭരണാധികാരികള്‍ക്കും സമൂഹത്തിനും മുന്നില്‍ കൊണ്ടുവരാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണം. വാര്‍ത്തകളുടെ കണികകള്‍ വിതറുന്ന  പ്രാദേശിക മാധ്യമസമൂഹം ഇന്നും സജീവമായി നിലനില്‍ക്കുന്ന നമ്മുടെ ജില്ലയില്‍ നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്  ഏറെ ഇടം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫാസിസത്തിനും  വര്‍ഗീയശക്തികള്‍ക്കും എതിരായ ചെറുത്തുനില്‍പ്പുകളെ അവതരിപ്പിക്കുന്നതു പോലെ പ്രധാനമാണ് പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാത്ത പ്രാദേശിക പ്രശ്‌നങ്ങള്‍ നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യുന്നതും. ചന്ദ്രഗിരിപുഴയുടെ  വൃഷ്ടിപ്രദേശത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് ജലസ്രോതസ്സുകള്‍ വറ്റുന്നതിന് കാരണമാകുന്നു എന്ന വസ്തുത വേണ്ടത്ര മാധ്യമശ്രദ്ധ നേടിയിട്ടില്ല. യുവമാധ്യമപ്രവര്‍ത്തകര്‍ പ്രാദേശികവാര്‍ത്തകള്‍ക്ക്  അര്‍ഹമായ ഊന്നല്‍ നല്‍കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വയം വിമര്‍ശനത്തോടൊപ്പം വ്യക്തമായൊരു നിലപാടിലുറച്ച്  ചെയ്യേണ്ടതാണ് മാധ്യമപ്രവര്‍ത്തനം.അതിലൂടെ മാത്രമേ സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയു. പരിമിതികള്‍ക്കിടയിലും  ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുവാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

date