Skip to main content

ജീവനക്കാരുടെ സര്‍ഗ്ഗാത്മകതയിലേക്ക് വെളിച്ചം വീശി ആലുവ താലൂക്കിന്റെ 'ദ്യുതി'

 

 

കാക്കനാട്:  ജീവനക്കാരുടെ സാഹിത്യസൃഷ്ടികള്‍ കോര്‍ത്തിണക്കി 'ദ്യുതി 2018'എന്ന പേരില്‍ സ്മരണിക പ്രസിദ്ധീകരിച്ച് കര്‍മ്മപഥത്തില്‍ ഒരു വ്യത്യസ്ത ചുവടുവെയ്പ്പു നടത്തിയിരിക്കുകയാണ് ആലുവ താലൂക്ക്.  താലൂക്ക് ഓഫീസ് 60 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സ്മരണയ്ക്ക് ആലുവ താലൂക്ക് ഓഫീസ് സ്റ്റാഫ് വെല്‍ഫെയര്‍ കമ്മറ്റിയാണ് ആശയം പ്രാവര്‍ത്തികമാക്കിയത്.     സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗികത്തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും മാറ്റിവെക്കേണ്ടിവരുന്ന സര്‍ഗ്ഗാത്മകരചനകള്‍ക്ക് അച്ചടിമഷി പുരളാന്‍ ഇടം കണ്ടെത്തി അവരുടെ സര്‍ഗ്ഗാത്മകതയിലേക്ക് വെളിച്ചം വീശിയിരിക്കുകയാണ് 'ദ്യുതി'.

 കഥ, കവിത, ലേഖനം, യാത്രാവിവരണം, ഓര്‍മ്മക്കുറിപ്പ് തുടങ്ങിയവയ്ക്കു പുറമേ ആലുവ താലൂക്കിന്റെ ചരിത്രം, രൂപീകരണം മുതല്‍ ഇതുവരെയുള്ള നാള്‍വഴികള്‍, താലൂക്കിലെ മുഴുവന്‍ വില്ലേജുകളുടെയും സവിശേഷതകള്‍ തുടങ്ങിയവയും സ്മരണികയിലുണ്ട്.  സേവനത്തിലിരിക്കെ വിട്ടുപിരിഞ്ഞുപോയ സഹപ്രവര്‍ത്തകരെ ഓര്‍ക്കാനും ഇടം നല്‍കിയതിനൊപ്പം അവര്‍ക്കാണ് സ്മരണിക സമര്‍പ്പിച്ചിരിക്കുന്നത്.  'ഞാന്‍ കണ്ട ആലുവ താലൂക്ക്' എന്ന തലക്കെട്ടില്‍ ഒരു ജീവനക്കാരിയുടെ മകളെഴുതിയ അനുഭവക്കുറിപ്പ് താലൂക്കിന്റെ വേറിട്ട പ്രവര്‍ത്തനശൈലിയുടെ നേര്‍സാക്ഷ്യമാണ്.  ജീവക്കാരും ജീവനക്കാരുടെ മക്കളും ചേര്‍ന്നാണ് രചനകള്‍ക്ക് ചിത്രം വരച്ചിട്ടുള്ളത്.  കവര്‍ ഡിസൈന്‍ ചെയ്തതും ജീവനക്കാര്‍ തന്നെ.  40 ദിവസമെടുത്താണ് സ്മരണിക പുറത്തിറക്കിയത്.  

താലൂക്ക് ഓഫീസിലെയും താലൂക്കിലെ 18 വില്ലേജുകളിലെയും 180 ജീവനക്കാരടങ്ങുന്ന ഗ്രൂപ്പാണ് ഈ കൂട്ടായ്മയ്ക്കു പിന്നിലുള്ളത്.  വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളാണ്.   'ഒരുമ' എന്ന പേരില്‍ ഓരോ വര്‍ഷവും കുടുംബസംഗമം നടത്തുന്നതിനു പുറമേ വിശേഷാവസരങ്ങളിലും ആഘോഷവേളകളിലും വിവിധ പരിപാടികളും നടത്തും.    വനിതാ ജീവനക്കാരുടെ തിരുവാതിരകളി ടീമും ഈ തിരക്കുകള്‍ക്കിടയിലും ഇവര്‍ സജ്ജമാക്കിയിട്ടുണ്ട്.  വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുനോവലായ 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' കഴിഞ്ഞ കുടുംബസംഗമത്തില്‍ ഇവര്‍ നാടകമാക്കിയപ്പോള്‍ ഒരു പ്രൊഫഷണല്‍ നാടക ട്രൂപ്പിനുണ്ടായിരിക്കേണ്ട മികവും കയ്യടക്കവും  സഹപ്രവര്‍ത്തകരിലുണ്ടെന്ന തിരിച്ചറിവ് അഭിമാനമായി മാറിയെന്നാണ്  മറ്റു ജീവനക്കാര്‍ അഭിപ്രായപ്പെട്ടത്.  അതിലെ ചിത്രങ്ങളും സ്മരണികയിലുണ്ട്.  

റവന്യൂ വകുപ്പ് ജീവനക്കാരുടെ സംരംഭത്തിന് വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.  ഇക്കഴിഞ്ഞ വായനദിനത്തില്‍ സ്മരണിക പ്രകാശനം ചെയ്തതും ജില്ലാ കലക്ടര്‍ തന്നെ.  ടി.എന്‍.രാധാകൃഷ്ണനാണ് ചീഫ് എഡിറ്റര്‍. 

date