Skip to main content

വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം: ഡി പി സി

തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശം നല്‍കി. ജില്ലയില്‍ 2021-22 വര്‍ഷത്തെ പദ്ധതിയില്‍ 25.42 ശതമാനമാണ് പൂര്‍ത്തീകരിച്ചത്. പദ്ധതി പൂര്‍ത്തീകരണത്തിലെ സാങ്കേതിക തടസ്സങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പദ്ധതി ഭേദഗതി ഒറ്റത്തവണയായും സമയബന്ധിതമായും സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.
'എന്റെ ജില്ല, ഒറ്റത്തവണ പ്ലാസ്റ്റിക് വിമുക്ത ജില്ല' കര്‍മ്മ പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിങ്ങ് 2022 ജനുവരിയോടെ നടത്തും. പ്ലാസ്റ്റിക് വിമുക്ത നഗരം/ഗ്രാമം പ്രഖ്യാപനങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്താന്‍ ജനപ്രതിനിധികള്‍ക്കിടയില്‍ സൗഹാര്‍ദ മത്സരം നടത്താനും നിര്‍ദേശമുയര്‍ന്നു. വാതില്‍പ്പടി സേവന പദ്ധതിയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ മാപ്പിങ്ങ് പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അവശ്യ മരുന്ന് വിതരണം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കല്‍ എന്നീ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.  
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡോ. വി. ശിവദാസന്‍ എം പി, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, അഡ്വ. ടി സരള, അഡ്വ. കെ കെ രത്‌നകുമാരി, ഇ വിജയന്‍ മാസ്റ്റര്‍, വി ഗീത, കെ താഹിറ, എന്‍ പി ശ്രീധരന്‍, ശ്രീന പ്രമോദ്, പി പുരുഷോത്തമന്‍, സര്‍ക്കാര്‍ നോമിനി കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date