കണ്ണൂര്‍ അറിയിപ്പുകള്‍ 24-11-2021
ക്ഷേത്രകലാ അക്കാദമി കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു
ക്ഷേത്രകലാ അക്കാദമി ആരംഭിക്കുന്ന മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം കോഴ്‌സുകളിലേക്ക് എട്ടിനും 18 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. www.kshethrakalaacademy.org/ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 10നകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ കണ്ണൂര്‍ - 670303 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0497 2986030, 9847913669.
അപേക്ഷ ക്ഷണിച്ചു
ക്ഷേത്രകലാ അക്കാദമിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൗജന്യ ക്ഷേത്രകലാ ഡമോണ്‍സ്ട്രഷന്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള സ്ഥാപന മേധാവികള്‍ www.kshethrakalaacademy.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 20നകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂര്‍-670303 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 04972986030, 9847913669 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
വാക് ഇന്‍ ഇന്റര്‍വ്യൂ
ദേശീയ ആരോഗ്യ ദൗത്യം (എന്‍ എച്ച് എം) പ്രൊജക്ടില്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ലാബില്‍ റിസര്‍ച്ച് ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ഡിസംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mcc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0490 2399207.
എല്‍ പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം
വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സകൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍ 516/2019 തെരഞ്ഞെടുപ്പിന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച രണ്ടാംഘട്ടത്തിലെ 240 ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഡിസംബര്‍ രണ്ട്, മൂന്ന്, 15, 16, 17, 29, 30, 31 തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിച്ച തീയതിയിലും സമയത്തും ഹാജരാകണം. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ എന്നിവ പ്രൊഫൈലില്‍ ലഭിക്കും.
സീറ്റൊഴിവ്
ടൂറിസം വകുപ്പിന് കീഴിലുള്ള കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ എറണാകുളം സെന്ററില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവ്. യോഗ്യത പ്ലസ്ടു. കാലാവധി ആറു മാസം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ നാല്. ഫോണ്‍: 7012819303.
ക്വട്ടേഷന്‍
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റലില്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 30ന് ഉച്ചക്ക് രണ്ടു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലേക്ക് റാസ്പ്‌ബെറി പൈ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 10ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കോളേജിലേക്ക് ബൈ ബാക്ക് സ്‌കീമില്‍ മള്‍ട്ടീമീഡിയ പ്രൊജക്ടര്‍ വിതരണം ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 13ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അനുവദിച്ച തുക സഹകരണ സംഘങ്ങള്‍ക്ക് കൈമാറി
കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ഉത്തരവനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുവദിച്ച തുക ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് കൈമാറി. 4219437 രൂപയുടെ ചെക്ക് ആണ് കണ്ണൂര്‍ മേഖലാ റീജിയന് അനുവദിച്ചത്. ഈ തുക ,ജില്ലയിലെ അര്‍ഹതപ്പെട്ട 10 സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും കൈമാറിയതായി ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. ഈ തുക സംഘം/ ബാങ്കിന്റെ നിശ്ചിത ഉദ്ദേശലക്ഷ്യത്തിനു തന്നെ വിനിയോഗിക്കണം. ആനുകൂല്യം ലഭിച്ച അംഗങ്ങളുടെ പേരും തുകയും ഹെഡ് ഓഫീസുകളിലും ശാഖകളിലുമുള്ള നോട്ടീസ് ബോര്‍ഡില്‍ പരിശോധനക്കായി സമര്‍പ്പിക്കണം.
ദര്‍ഘാസ്
കണ്ണൂര്‍ വനം ഡിവിഷന്റെ കീഴില്‍ തളിപ്പറമ്പ് റെയിഞ്ച് കണ്ണോത്തുംചാല്‍ ക്വാട്ടേഴ്‌സ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗീകൃത എ, ബി, സി, ഡി ക്ലാസ് കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ ഒന്ന് വൈകിട്ട് മൂന്നു മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0497 2704808.
കേരളോത്സവം; രജിസ്‌ട്രേഷന്‍ വ്യാഴാഴ്ച മുതല്‍
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളോത്സവത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ വ്യാഴാഴ്ച (നവംബര്‍ 25) തുടങ്ങും. മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും നവംബര്‍ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് മത്സരം. കലാമത്സരങ്ങള്‍ മാത്രമാണ് സംഘടിപ്പിക്കുക. പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷനിലൂടെയാണ് രജിസ്‌ട്രേഷനും വീഡിയോ അപ്‌ലോഡും ചെയ്യേണ്ടത്. വിശദവിവരങ്ങള്‍ www.keralotsavam.com ല്‍ ലഭിക്കും.
ഉദ്യോഗസ്ഥര്‍ക്ക് വായ്പ നല്‍കുന്നു
സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പറേഷന്‍ ഒ ബി സി, മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാഹന വായ്പ നല്‍കുന്നു. എട്ട് ശതമാനം പലിശയില്‍ എട്ട് ലക്ഷം രൂപ വരെ വാഹന വായ്പയും ഒമ്പത് ശതമാനം നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ ഭവന പുനരുദ്ധാരണ വായ്പയും 9.5 ശതമാനം നിരക്കില്‍ വ്യക്തിഗത വായ്പയും നല്‍കുന്നു. കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കണം. വായ്പ ലഭിക്കുന്നതിന് മതിയായ ഉദ്യോഗസ്ഥ ജാമ്യം/വസ്തു ജാമ്യം ആവശ്യമാണ്. സ്വന്തം ജാമ്യത്തില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പ നല്‍കും.
കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കിലെ സ്ഥിര താമസക്കാര്‍ക്ക് കണ്ണൂര്‍ പാറക്കണ്ടിയിലുള്ള പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഓഫീസില്‍ എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണി വരെ അപേക്ഷ ഫോറം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ksbcdc.com സന്ദര്‍ശിക്കുക. ഫോണ്‍: 04972 706196.
- Log in to post comments