Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 26-11-2021

വനാവകാശ നിയമം: 75 അപേക്ഷകള്‍ അംഗീകരിച്ചു; ഒരു മാസത്തിനകം പട്ടയം

ആദിവാസികളുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും വനത്തിന്‍മേലുള്ള അവകാശം അംഗീകരിക്കല്‍ നിയമം-2006 പ്രകാരമുള്ള ജില്ലാതല സമിതി 75 വ്യക്തിഗത അപേക്ഷകള്‍ അംഗീകരിച്ചു. ഇവയില്‍ ഒരു മാസത്തിനകം പട്ടയം വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 91 വ്യക്തിഗത അപേക്ഷകളാണ് ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതി പരിഗണിച്ചത്.
തലശ്ശേരി സബ് ഡിവിഷനല്‍ കമ്മിറ്റി നിരസിച്ച 16 അപേക്ഷകളിന്‍മേല്‍ അപ്പീല്‍ നല്‍കുന്നതിന് കൊവിഡ് സാഹചര്യം പരിഗണിച്ച് ഒരു മാസം കൂടി സമയം അനുവദിക്കും.
ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യു പി  ശോഭ, എന്‍ പി ശ്രീധരന്‍, ഡിഎഫ്ഒ പി കാര്‍ത്തിക്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) ജെ അനില്‍ജോസ്, ഐടിഡിപി അസി. പ്രൊജക്ട് ഓഫീസര്‍ എം.കെ. മഹ്റൂഫ് എന്നിവര്‍ പങ്കെടുത്തു.

ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

ജില്ലയില്‍ നവംബര്‍ 28, 29 തീയതികളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ച പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍, കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ എന്നിവര്‍ ജാഗ്രത പാലിക്കണം.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

പഴശ്ശി ബാരേജിലെ എല്ലാ ഷട്ടറുകളും ശനിയാഴ്ച (നവംബര്‍ 27)  മുതല്‍ പൂര്‍ണമായും താഴ്ത്തുന്നതിനാല്‍ റിസര്‍വോയര്‍ പ്രദേശത്ത് ജലനിരപ്പ് ഉയരുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
ഗവ. ഐ ടി ഐ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ആന്റ് ടാബ്ലറ്റ് എഞ്ചിനീയറിങ്ങ് (മൂന്നു മാസം), സി എന്‍ സി മെഷിനിസ്റ്റ് (രണ്ടു മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സിസിടിവി (ഒരു മാസം) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഫോണ്‍: 9745479354.

റീജ്യണല്‍ പി എഫ് കമ്മീഷണറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര പരിപാടി

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ പി എഫ് ഗുണഭോക്താക്കള്‍ക്കായി കണ്ണൂര്‍ റീജ്യണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ ഓണ്‍ലൈനായി 'നിധി താങ്കള്‍ക്കരികെ' പരാതി പരിഹാര സമ്പര്‍ക്ക പരിപാടി നടത്തുന്നു. ഡിസംബര്‍ 10 രാവിലെ 10.30 മുതല്‍ ഉച്ച 12 മണി വരെയാണ് പരിപാടി. ഇപിഎഫ് അംഗങ്ങള്‍, ഇപിഎഫ് പെന്‍ഷണര്‍മാര്‍, അടുത്തുതന്നെ പെന്‍ഷനാകുന്ന അംഗങ്ങള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സ്ഥാപന ഉടമകള്‍/പ്രതിനിധികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പി എഫ് അക്കൗണ്ട് നമ്പര്‍/പിപിഒ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള വിശദ പരാതികള്‍ നവംബര്‍ 30 നകം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, പ്രാദേശിക കാര്യാലയം, വി കെ കോപ്ലക്സ്, ഫോര്‍ട്ട് റോഡ്, കണ്ണൂര്‍ -670001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2712388.

ജീവന്‍ പ്രമാണ്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്; കാലാവധി ഒരു വര്‍ഷം

ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് വര്‍ഷത്തില്‍ ഏത് മാസവും ജീവന്‍ പ്രമാണ്‍ പുതുക്കാമെന്ന് റീജ്യണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു. അവസാനം സമര്‍പ്പിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇതിന് സാധുത. നവംബറില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനായി തിരക്ക് കൂട്ടേണ്ടതില്ല. പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്കുകള്‍, പൊതുസേവന കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ വഴി ജീവന്‍ പ്രമാണ്‍ അപ്‌ഡേറ്റ് ചെയ്യാം. വിരലടയാളം, ഐറിസ് സ്‌കാനിങ് എന്നിവ സാധ്യമാകാത്ത പെന്‍ഷണര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനായി പെന്‍ഷന്‍ വാങ്ങുന്ന ബാങ്ക് ശാഖയുമായി ബന്ധപ്പെടണം.

ഇ-നോമിനേഷന്‍ ഡിജിറ്റലായി സമര്‍പ്പിക്കണം

ഇ പി എഫ് പെന്‍ഷന്‍ പദ്ധതി അപേക്ഷകള്‍ ഓണ്‍ലൈനാക്കുന്നതിനാല്‍ നിലവിലുള്ള പി എഫ് വരിക്കാരും ജോലിയില്‍ നിന്നും വിരമിച്ച് ഇപിഎഫ്/പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാത്തവരും ഡിസംബര്‍ 31 നകം ഇ-നോമിനേഷന്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കണമെന്ന് റീജ്യണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു. അംഗങ്ങള്‍ യൂനിഫൈഡ് മെമ്പര്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അംഗങ്ങളുടെയും കുടുംബാഗങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കി ആധാര്‍ ഉപയോഗിച്ച് വെരിഫിക്കേഷന്‍ നടത്തണം. തൊഴിലാളികള്‍ ഡിസംബര്‍ 31ന് മുമ്പ് ഇ നോമിനേഷന്‍ പൂര്‍ത്തീകരിച്ചെന്ന് തൊഴിലുടമകള്‍ ഉറപ്പാക്കണമെന്ന് റീജ്യണല്‍ പ്രൊവിഡന്റ് കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ http://www.epfindia.gov.in ല്‍ ലഭിക്കും.

സീറ്റൊഴിവ്

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ബി എ ഹിന്ദി, ബി എസ്സി ഫിസിക്‌സ് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ നവംബര്‍ 29ന് രാവിലെ 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഓണ്‍ലൈനില്‍ അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം.  

ലേലം

വനംവകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് ഉള്‍പ്പെടെയുള്ള തടികളുടെ ലേലം ഡിസംബര്‍ എട്ട്, 24 തീയതികളില്‍ നടക്കും. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ് ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ജിഎസ്ടി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം ഡിപ്പോയില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0490 2302080.

ഡി എല്‍ എഡ് അഡ്മിഷന്‍: സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം

2021-23 വര്‍ഷത്തെ ഡി എല്‍ എഡ് (ടി ടി സി) കോഴ്‌സ് അപേക്ഷയോടൊപ്പം എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി മാര്‍ക്ക് ലിസ്റ്റ്, ഇ ഡബ്ല്യു എസ്, എന്‍ സി സി ആനുകൂല്യം ഉളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കാത്തവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നവംബര്‍ 29ന് വൈകിട്ട് മൂന്നു മണിക്ക് മുമ്പായി കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യലായത്തില്‍ നേരിട്ട് എത്തിക്കണം.

അസാപ് എ ഡബ്ല്യു എസ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

അസാപ് എ ഡബ്ല്യു എസ് (ആമസോണ്‍ വെബ് സര്‍വീസ്) അക്കാദമി ക്ലൗഡ് കമ്പ്യൂട്ടിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്യൂട്ട് ഒരു വിഷയമായി ബിടെക്, എം ടെക്, ബി സി എ, എം സി എ, എം എസ്സി, ബി എസ്സി ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 320 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സ് ഓണ്‍ലൈനായി വീട്ടിലിരുന്ന് ചെയ്യാം. വിശദവിവരങ്ങള്‍ക്ക് https://asapkerala.gov.in/course/amazon-web-service-academy-cloud-computing/ എന്ന വെബ്സൈറ്റ് ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍: 9495999641, 9495999692.

ഇ ശ്രം പോര്‍ട്ടല്‍: മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം

ജില്ലയിലെ 16 നും 59 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഇ ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന് പ്രത്യേക ക്യാമ്പ് നടത്തുന്നു. നവംബര്‍ 29, 30 തീയതികളില്‍ ആയിക്കര ട്രെയിനിംഗ് സെന്ററില്‍ നടക്കുന്ന ക്യാമ്പിലെത്തി ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

കെല്‍ട്രോണ്‍; അപേക്ഷ ക്ഷണിച്ചു

എസ് എസ് എല്‍സി/പ്ലസ്ടു കഴിഞ്ഞ വനിതകള്‍ക്ക് കെല്‍ട്രോണ്‍ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ്, ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് ആന്റ് ഐസിടി എന്നിവയാണ് കോഴ്സുകള്‍. ഫോണ്‍: 9072592412, 9072592417.

ക്വട്ടേഷന്‍

ഗവ.ബ്രണ്ണന്‍ കോളേജില്‍ സ്പോര്‍ട്സ് ജേഴ്സികള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ രണ്ട് വൈകിട്ട് അഞ്ചു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2346027.
 

date