കണ്ണൂര്‍ അറിയിപ്പുകള് 29-11-2021
സിആര്‍സെഡ് അനുമതി: അപേക്ഷ ഡിസംബര്‍ ഒമ്പതിനകം സമര്‍പ്പിക്കണം
കേരള തീരദേശ പരിപാലന സമിതി ജില്ലാ കമ്മിറ്റിയുടെ പ്രത്യേക യോഗം ഡിസംബര്‍ 23 ന് ചേരും. ജില്ലയിലെ തീരദേശ നിയന്ത്രണ മേഖലകളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ നവംബര്‍ എട്ടിന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും സി ആര് സെഡ് ചട്ട ലംഘനമില്ലാത്തതുമായ ഏക കുടുംബ വാസഗൃഹങ്ങള്‍ ക്രമവല്‍ക്കരിച്ചു കിട്ടുന്നതിന് അപേക്ഷിക്കാന്‍ വൈകിയവര്‍ കാലതാമസത്തിന്റെ കാരണം, കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമായിട്ടുെങ്കില് അതിന്റെ വിശദാംശങ്ങള്‍, നിര്‍ദ്ദിഷ്ട അപേക്ഷാഫോറം, പ്ലാനുകള്‍ എന്നിവ സഹിതം ഡിസംബര്‍ ഒമ്പതിനകം തദ്ദേശഭരണ സ്ഥാപന മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. സെക്രട്ടറിമാര്‍ ഇതു പരിശോധിച്ച് റിപ്പോര്‍ട്ട് സഹിതം ജില്ലാതല കമ്മിറ്റി കണ്‍വീനറായ ജില്ലാ ടൗണ്‍ പ്ലാനര്‍ക്ക് ഡിസംബര്‍ 14 നകം ലഭ്യമാക്കണം. ഫോണ്‍: 04972707472.
മത്സ്യത്തൊഴിലാളികള്‍ക്ക് ഇ-ശ്രാം രജിസ്ട്രേഷന് ക്യാമ്പ്
ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഇ- ശ്രാം രജിസ്ട്രേഷന് ക്യാമ്പ് നവംബര്‍ 30 ന് ആയിക്കര ട്രെയിനിങ്ങ് സെന്ററില്‍ നടക്കും. 16 നും 59 നും ഇടയില്‍ പ്രായമുള്ള എല്ലാ മത്സ്യത്തൊഴിലാളികളും രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
മെമ്മോയും എലിജിബിലിറ്റി ഫോമും കൈപ്പറ്റണം
സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് 2021 ഡിസംബര്‍ 8 മുതല്‍ 10 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ജില്ലാ ടീമില്‍ യോഗ്യത നേടിയ മല്സരാര്ഥികള് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന്് മത്സരത്തില്‍ പങ്കെടുക്കാനുളള മെമ്മോയും എലിജിബിലിറ്റി ഫോമും കൈപ്പറ്റണം
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
എല്‍ ബി എസ് സെന്ററിന്റെയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഭിന്നശേഷി പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള പത്താംക്ലാസ് വിജയിച്ചവര്‍ക്കായി സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യാത്രാ ബത്ത, ഭക്ഷണം എന്നിവക്ക് നിശ്ചിത തുക നല്‍കും. താല്പര്യമുള്ളവര് വൈകല്യം തെളിയിക്കുന്നതുള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് പകര്‍പ്പ് സഹിതം ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപമുള്ള എല്‍ ബി എസ് മേഖല ഓഫീസ്, ഗാന്ധി പാര്ക്കിന് സമീപമുള്ള പയ്യന്നൂര്‍ സബ് സെന്റര്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0497 2702812, 04985 208878.
ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക് പരിശീലനം
എല്‍ പി ജി ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്പന്നങ്ങള്, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഡിസംബര്‍ എട്ട്, ഒമ്പത്, 10 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0471 2779200.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ ഐ ഡി കാര്‍ഡ് പ്രിന്റിങ്ങിനുവേണ്ടിയുള്ള മെറ്റീരിയല്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ ഒമ്പതിന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കോളേജിലെ സ്വിച്ച് ബോര്‍ഡ് നീക്കം ചെയ്യുന്നതിനും ഷെല്‍ഫുകള്‍ നിര്‍മ്മിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 14ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
താല്‍ക്കാലിക നിയമനം
ജില്ലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷനു കീഴില്‍ മോഡല്‍ ട്രീറ്റ്മെന്റ് സെന്റര്‍/ ട്രീറ്റ്മെന്റ് സെന്റര്‍ എന്നിവിടങ്ങളിലേക്ക് പീയര്‍ എഡ്യുക്കേറ്റര്‍/ സപ്പോര്‍ട്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്ലസ്ടു പാസ്, പ്രാദേശികഭാഷ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയത്തിനുള്ള കഴിവ്. ഹെപ്പറ്റൈറ്റിസ് ബി/സി രോഗ വിമുക്തി നേടിയവര്‍/രോഗമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ ഡിസംബര്‍ ഏഴിന് രാവിലെ 10 മണിക്ക് മുമ്പായി കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് സര്‍ട്ടിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0497 2709920.
- Log in to post comments