അടൂര്‍ താലൂക്കില്‍ സപ്ലൈക്കോയുടെ മൊബൈല്‍ മാവേലി സ്റ്റോര്‍ സേവനം ഡിസംബര്‍ 4, 5 തീയതികളില്‍
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി സപ്ലൈക്കോയുടെ താല്‍ക്കാലിക മൊബൈല്‍ മാവേലി സ്റ്റോര്‍ വാഹനം ഡിസംബര്‍ 4, 5 തീയതികളില്‍ അടൂര്‍ താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. മൊബൈല്‍ മാവേലി സ്റ്റോറിന്റെ ഫ്ളാഗ് ഓഫ് ഡിസംബര്‍ നാലിന്(ശനി) രാവിലെ എട്ടിന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സപ്ലൈക്കോ പറക്കോട് ഡിപ്പോ പരിസരത്തും, ഡിസംബര്‍ അഞ്ചിന് രാവിലെ എട്ടിന് അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി .സജി അടൂര്‍ പീപ്പിള്‍സ് ബസാര്‍ പരിസരത്തും നിര്‍വഹിക്കും.
ഉപഭോക്താക്കള്‍ക്ക് സബ്സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് മുഖേനയും നോണ്‍ സബ്സിഡി സാധനങ്ങള്‍, ശബരി ഉല്‍പ്പന്നങ്ങള്‍ എന്നിവയും മൊബൈല്‍ മാവേലി സ്റ്റോറുകള്‍ വഴി ലഭിക്കും.
വാഹനം എത്തിച്ചേരുന്ന സമയവും സ്ഥലവും - ഡിസംബര്‍ നാലിന് രാവിലെ 8.30 ന് കുറുമ്പകര, 10.15-ന് ചന്ദനപ്പള്ളി, 12.30- ന് അങ്ങാടിക്കല്‍, മൂന്നിന് ആനന്ദപ്പള്ളി, 5.30 -ന് പുത്തന്‍ ചന്ത.ഡിസംബര്‍ അഞ്ചിന് രാവിലെ 8.30- ന് ആതിരമല, 10.15- ന് ചേരിക്കല്‍, 12.15- ന് മങ്ങാരം, മൂന്നിന് കടക്കാട്, 5.30- ന് പാറക്കര.
- Log in to post comments