Skip to main content

സായുധസേനാ പതാകദിന നിധി  സമാഹരണത്തിന് തുടക്കമായി

നമുക്ക് വേണ്ടിയും നമ്മുടെ നാടിനുവേണ്ടിയും ത്യാഗം സഹിച്ച എല്ലാ ധീരജവാന്‍മാര്‍ക്കും ജീവന്‍ വെടിഞ്ഞവരുടെ കുടുംബാഗംങ്ങള്‍ക്കും താങ്ങായും പിന്തുണയായും നില്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ സായുധസേനാ പതാകദിന നിധി സമാഹരണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

പരിശീലനത്തിലൂടെ അച്ചടക്കവും ചിട്ടയായ ദിനചര്യകളും ലഭ്യമാകുന്ന ഓരോ അവസരങ്ങളും വിനിയോഗിച്ച് ജീവിതത്തില്‍ വെല്ലുവിളികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ്  ജവാന്‍മാര്‍. സായുധസേനാ പതാകദിനത്തില്‍ പത്തനംതിട്ട ജില്ലയിലേയും രാജ്യത്തെയും എല്ലാ ധീര ജവാന്‍മാരുടെയും വിമുക്തഭടന്മാരുടെയും ഓര്‍മ്മയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതായും കളക്ടര്‍ പറഞ്ഞു.

ഡിസംബര്‍ ഏഴാണ് സായുധസേനാ പതാകദിനമായി ആചരിക്കുന്നത്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ച സായുധ സേനാംഗങ്ങളെ കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുക, യുദ്ധ വിധവകളുടെയും കുടുംബാംഗങ്ങളുടെയും പുനരധിവാസം ഉറപ്പാക്കുക, വിമുക്ത ഭടന്മാരുടെയും വിധവകളുടെയും കുട്ടികളുടെയും ക്ഷേമ പുനരധിവാസ കാര്യങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടു പ്രത്യേക പതാക വില്പന നടത്തിക്കൊണ്ട് ഒരു നിധി സ്വരൂപിക്കുകയും ഇത് ക്ഷേമത്തിനായി വിനിയോഗിക്കുകയും ചെയ്യുന്നു.

ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട.ലഫ്റ്റനന്റ് കേണല്‍ വി.കെ മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി, നാഷണല്‍ എക്‌സ് സര്‍വീസ്മാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജി.പി നായര്‍, പൂര്‍വ സൈനിക പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.എസ്. വിജയന്‍ ഉണ്ണിത്താന്‍, കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ്  ലീഗ് ജില്ലാ പ്രസിഡന്റ്  റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍ ടി.സി മാത്യു, നാഷണല്‍ എക്‌സ് സര്‍വീസ്മാന്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റ് കെ. ജി രവീന്ദ്രന്‍ നായര്‍, ജില്ലാ സൈനികക്ഷേമ ഓഫീസ് വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ജി.രാജീവ്, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ റിട്ട.വിങ് കമാന്‍ഡര്‍ വി.ആര്‍ സന്തോഷ്, പൂര്‍വ ജവാന്മാര്‍, എന്‍സിസി 14 കെ ബറ്റായിയന്‍ കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date