Skip to main content

കണ്ണൂർ അറിയിപ്പുകൾ 04 - 12 - 2021

യൂത്ത് ഐക്കണ്‍ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2020-21 അപേക്ഷ ക്ഷണിച്ചു. ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ച യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാം. അപേക്ഷകര്‍ യുവജനക്ഷേമ ബോര്‍ഡില്‍ നിന്നും അംഗീകാരമൊന്നും ലഭിച്ചിട്ടില്ലാത്തവരും മുമ്പ് യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അര്‍ഹരായിട്ടില്ലാത്തവരുമായിരിക്കണം. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാന പ്രകാരം ആറ് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. നിര്‍ദേശങ്ങള്‍ ഡിസംബര്‍ 15 നകം official.ksyc@gmail.com എന്ന ഇമെയില്‍ ലഭിക്കണം. കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസില്‍ നേരിട്ടും നിര്‍ദേശങ്ങള്‍ നല്‍കാവുന്നതാണ്.

 

മോക്ക് കൗണ്‍സില്‍ പരിശീലനം

 

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന മോക്ക് കൗണ്‍സിലിന്റെ പരിശീലനം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്നു. മേയര്‍ അഡ്വ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്‌കൂളുകളില്‍ നിന്നായി 55 കുട്ടികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

ഡെപ്യൂട്ടി മേയര്‍ കെ ഷബീന, സുരേഷ് ബാബു എളയാവൂര്‍, കെ പി അനിത പ്രകാശന്‍ പയ്യനാടന്‍, ഡി ഇ ഒ കെ വഹീദ എന്നിവര്‍ സംസാരിച്ചു. മുന്‍സിപ്പല്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പിള്‍ ടി വിമ, പ്രധാനാധ്യാപകന്‍ പ്രദീപ് നാരോത്ത്, താവക്കര യു പി സ്്കൂള്‍ പ്രധാനധ്യാപകന്‍ രാധാകൃഷ്ണന്‍ മാണിക്കോത്ത്, അധ്യാപകരായ പി തമ്പാന്‍, പി എ പ്രേമരാജന്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഡിസംബര്‍ 28 ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലാണ് മോക്ക് കൗണ്‍സില്‍ നടക്കുക.

 

സാക്ഷ്യപത്രം ഹാജരാക്കണം

 

കല്ല്യാശേരി ഗ്രാമപഞ്ചായത്തില്‍ നിന്നും ഇന്ദിരാഗാന്ധി ദേശീയ വിധവപെന്‍ഷന്‍/ 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പുനര്‍ വിവാഹം/വിവാഹം കഴിച്ചിട്ടില്ല എന്നുള്ള സാക്ഷ്യ പത്രം ഡിസംബര്‍ 15നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

 

കേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയില്‍ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ താത്കാലിക ഒഴിവ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 10ന് രാവിലെ 9.30 കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0494 2686214.

 

സ്‌കോള്‍ കേരള: ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷ ഓറിയന്റേഷന്‍ ക്ലാസ്

 

സ്‌കോള്‍ കേരള-ഹയര്‍സെക്കണ്ടറി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് 2020-22 ബാച്ചിലെ രണ്ടാം വര്‍ഷ ഓറിയന്റേഷന്‍ ക്ലാസുകള്‍ ഡിസംബര്‍ 12,19 തീയതികളില്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.

 

മെമ്മോ, എലിജിബിലിറ്റി ഫോം കൈപ്പറ്റണം

 

സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് ഡിസംബര്‍ എട്ടു മുതല്‍ 10 വരെ തിരുവനന്തപുരത്ത് നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ജില്ലാ ടീമില്‍ യോഗ്യത നേടിയ മല്‍സരാര്‍ത്ഥികളില്‍ ഇതുവരെയും മെമ്മോയും എലിജിബിലിറ്റി ഫോമും കൈപ്പറ്റാത്തവര്‍ കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ബന്ധപ്പെട്ട് ഡിസംബര്‍ ആറ് തിങ്കളാഴ്ച തന്നെ മത്സരത്തില്‍ പങ്കെടുക്കാനുളള മെമ്മോയും എലിജിബിലിറ്റി ഫോമും കൈപ്പറ്റണം.

 

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

 

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി പദ്ധതികളില്‍ പഞ്ചായത്ത് ക്ലസ്റ്റര്‍ തലത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വിഎച്ച് എസ് ഇ/ബിരുദം/സുവോളജി ബിരുദം അല്ലെങ്കില്‍ എസ്എസ് എല്‍സിയും ഗവ. സ്ഥാപനത്തിലെ അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച ഡിസംബര്‍ 16ന് ഉച്ചക്ക് രണ്ട് മണിക്ക് മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04972731081.

 

ഗതാഗതം നിരോധിച്ചു

 

ജെ ടി എസ് തയ്യില്‍-മരക്കാര്‍ക്കണ്ടി കരാറിനകം റോഡിലെ കുറുവപ്പാലം റോഡില്‍ ഗട്ടറുകള്‍ നികത്തുന്നതിനാല്‍ ഇതുവഴി ഡിസംബര്‍ ഏഴ് ചൊവ്വ രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. കണ്ണൂരില്‍ നിന്നുളള വാഹനങ്ങള്‍ തെഴുക്കില്‍ പീടിക വഴിയും, കണ്ണൂരിലേക്കുള്ള വാഹനങ്ങള്‍ ദിനേശ്മുക്ക്-ജെടിഎസ് വഴിയും പോവണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ഗതാഗത നിയന്ത്രണം

 

കലുങ്ക് പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ ഒമ്പത് മുതല്‍ ഒരു മാസത്തേക്ക്‌ പെരുമ്പ-പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ അപ്രോച്ച് റോഡില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പയ്യന്നൂര്‍-പെരുമ്പ ഭാഗത്ത് നിന്നു പയ്യന്നൂര്‍ റെയില്‍ വേ സ്റ്റേഷന്‍ തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഈ റോഡിലൂടെയും, റെയില്‍വേ സ്‌റ്റേഷന്‍ തൃക്കരിപ്പൂര്‍ ഭാഗത്ത് നിന്നും പയ്യന്നൂര്‍ ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ ബദര്‍ ജുമാമസ്ജിദ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു പയ്യന്നൂര്‍ തൃക്കരിപ്പൂര്‍ തലിച്ചാലം റോഡ് ബികെഎം ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വഴി ടൗണിലേക്കും പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

 

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കിഡ്) ദശദിന വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശ്ശേരി കിഡ് ക്യാമ്പസില്‍ നടക്കുന്ന സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.kied.info ല്‍ അപേക്ഷിക്കണം. ഫോണ്‍: 04842532890, 9846099295.

 

 ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക് ത്രിദിന പരിശീലം

 

ആപല്‍ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് നാറ്റ് പാക്ക് ഡ്രൈവര്‍മാര്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ എട്ട്, ഒമ്പത്, 10 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിലാണ് പരിപാടി. സ്‌ഫോടക വസ്തുക്കള്‍, എല്‍ പി ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവ്രര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം എന്നിവയാണ് നല്‍കുക. ഫോണ്‍: 0471 2779200.

date