ഹരിതകേരളം അവലോകനയോഗം നടത്തി
ഹരിതകേരളം മിഷന്റെ ജില്ലാതല അവലോകനയോഗം ഹരിതകേരളം എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ ടി.എന്‍. സീമയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഹരിതകേരളം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ജില്ലയില്‍ 71 പഞ്ചായത്തുകളിലും വൈക്കം, കോട്ടയം ഒഴികെ മറ്റു മുന്‍സിപ്പാലിറ്റികളിലും ഹരിതകര്‍മസേന രൂപീകരിച്ചു. ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ ആറു പഞ്ചായത്തുകളില്‍ നിന്നായി ഇതുവരെ 7300 കിലോ ഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ 3500 കിലോഗ്രാം മാലിന്യം ഷ്രെഡിങ് യൂണിറ്റുകള്‍ വഴി പുനഃരുപയോഗിച്ചു. ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഗ്രീന്‍പ്രോട്ടോകോളിലേക്ക് മാറിയതായി യോഗം വിലയിരുത്തി. മാലിന്യം പ്രത്യേകം തരംതിരിച്ചു ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളും തയാറായിട്ടുണ്ട്. കൂടാതെ മാസത്തിലെ എല്ലാ രണ്ടാം വെള്ളിയാഴ്ചയും ഓഫീസുകളില്‍ ഗ്രീന്‍ ഡേ ആയി ആചരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ടെസ്. പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാന്‍ കോ- ഓര്‍ഡിനേറ്റര്‍ എന്‍. മനോഹരന്‍, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ്, ഹരിതകേരളം മിഷന്‍ ജനകീയ കൂട്ടായമ പ്രതിനിധി കെ. അനില്‍ കുമാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, ടാസ്‌ക്ഫോഴ്സ് അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍-1281/18)
- Log in to post comments