കണ്ണൂർ അറിയിപ്പുകൾ 09 - 12 - 2021
സ്വർണ്ണപതക്ക വിതരണം ശനിയാഴ്ച
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്വർണ്ണപതക്ക വിതരണം ശനിയാഴ്ച നടക്കും. കണ്ണൂർ യോഗശാല റോഡിലെ ജവഹർലാൽ നെഹ്‌റു പബ്ലിക് ലൈബ്രറി ഹാളിൽ രാവിലെ 10ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്വർണ്ണപതക്കം സമ്മാനിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും.
ശബ്ദമലിനീകരണത്തിന് താക്കീത്:ഓപ്പറേഷൻ ഡെസിബൽ
ശബ്ദമലിനീകരണ നിയന്ത്രണത്തിനായി ആർടിഒ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ ഡെസിബൽ പരിശോധനയിൽ അനധികൃതമായി വാഹനങ്ങളിൽ ഘടിപ്പിച്ച 69 എയർ ഫോണുകൾ പിടികൂടി. ഇവ അടക്കം വിവിധ കേസുകളിലായി 225300 രൂപ പിഴയീടാക്കി ഹോണുകൾ റോഡിൽ വച്ച് തന്നെ നീക്കം ചെയ്തു. ബസുകൾ, ലോറികൾ മുതലായ വാഹനങ്ങളാണ് കൂടുതലായും പരിശോധിച്ചത്. സൈലൻസറിന് വരുത്തിയ മാറ്റത്തിന് അഞ്ച് കേസുകളും രജിസ്റ്റർ ചെയ്തു. പൊതുനിരത്തിൽ അനാവശ്യമായി ഹോൺ മുഴക്കിയവരെയും പിടികൂടി. ശബ്ദമലിനീകരണം കുറയ്ക്കാനായി ഡ്രൈവർമാരെ ബോധവൽക്കരിച്ചു. ട്രാഫിക് സിഗ്നൽ, ട്രാഫിക് ബ്ലോക്ക്, സ്‌കൂൾ, ആശുപത്രി, കോടതി പരിസരങ്ങൾ എന്നിവിടങ്ങളിൽ ശബ്ദശല്യം ഉണ്ടാക്കുന്നത് കർശനമായി തടയാനാണ് തീരുമാനം.
സ്ത്രീകളുടെ അവകാശങ്ങൾ: ചർച്ചാ ക്ലാസ് വെള്ളിയാഴ്ച
ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തിൽ ഡിസംബർ 10 വ്യാഴാഴ്ച ഉച്ച രണ്ട് മണി മുതൽ നാലു മണി വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചർച്ചാ ക്ലാസ് സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശമാണ് എന്ന വിഷയത്തിൽ (2005 ലെ ഗാർഹിക പീഡന നിരോധന നിയമം) നടക്കുന്ന ചർച്ചാ ക്ലാസിൽ ജില്ലാ ജഡ്ജ് ആർഎൽ ബൈജു അധ്യക്ഷത വഹിക്കും. ജില്ലാ വനിത സംരക്ഷണ ഓഫീസർ പി സുലജ, സർവീസ് പ്രൊവൈഡിങ്ങ് സെന്റർ കൗൺസിലർമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ഭരണാനുമതിയായി
എഎൻ ഷംസീർ എംഎൽഎയുടെ 2021-22 വർഷത്തെ പ്രത്യേക വികസനനിധിയിൽ നിന്നും ആറ് ലക്ഷം രൂപ ചെലവഴിച്ച് പന്ന്യന്നൂർ മീത്തലെ ചമ്പാട് ഇൻഡോർ സ്‌റ്റേഡിയം വൈദ്യുതീകരണ പ്രവൃത്തി നടത്തുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
അശരണരായ വനിതകൾക്കായി എംപ്ലോയ്‌മെന്റ് വകുപ്പ് നടത്തുന്ന 'ശരണ്യ'സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ വിധവകൾ, വിവാഹ മോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ/ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകൾ, പട്ടിക വർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാർ, കിടപ്പിലയവരും നിത്യരോഗികളുമായ(അക്യൂട്ട് കിഡ്‌നി പ്രശ്‌നം, ക്യാൻസർ, മാനസികരോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭർത്താക്കൻമാരുള്ള വനിതകൾ എന്നിവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 55നും മധ്യേ. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രപയിൽ കവിയരുത്. പരമാവധി 50000 (50 ശതമാനം സബ്‌സിഡി) രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. പ്രൊജക്ട് പരിശോധിച്ച് ഒഴിച്ചു കൂടാനാവാത്ത സാഹചര്യത്തിൽ ഒരു ലക്ഷം രൂപവരെ വായ്പ അനുവദിക്കും. ഫോൺ:0497 2700831.
ക്വട്ടേഷൻ ക്ഷണിച്ചു
ഇരിട്ടി, തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലെ ഗോത്രവർഗ കോളനികളിലേക്ക് താലൂക്ക് അടിസ്ഥാനത്തിൽ അടുത്ത റേഷൻ കടകളിൽ നിന്നും റേഷൻ സാധനങ്ങൾ എത്തിക്കാനായി കയറ്റിറക്കു കൂലി ഉൾപ്പെടെ ഡ്രൈവർ സഹിതം വാഹനം പ്രതിമാസ വാടകയ്ക്ക് നൽകാൻ തയ്യാറുളളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 24. ജില്ലാ സപ്ലൈ ഓഫീസ് - 04972700552, ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസ് - 9188527409, തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് - 9188527410, തളിപ്പറമ്പ് - 9188527411.
തപാൽ അദാലത്ത് ഡിസംബർ 30ന്
ഉത്തരമേഖല തപാൽ അദാലത്ത് ഡിസംബർ 30ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് മുഖേന നടക്കും. കാസർകോട് മുതൽ പാലക്കാട് വരെയുള്ളവർക്ക് പരാതി നൽകാം. കത്ത്, മണി ഓർഡർ, പാർസൽ, സ്പീഡ് പോസ്റ്റ്, സേവിംഗ്സ് ബാങ്ക് തുടങ്ങിവയുമായി ബന്ധപ്പെട്ട പരാതികൾ ബി സുധ, അസി.ഡയറക്ടർ, പോസ്റ്റ്മാസ്റ്റർ ജനറൽ, നോർത്തേൺ റീജിയൺ, നടക്കാവ്, കോഴിക്കോട് 673 011 എന്ന വിലാസത്തിൽ ഡിസംബർ 10നകം ലഭിക്കണം. കവറിന് മുകളിൽ തപാൽ അദാലത്ത് എന്ന് എഴുതണം.
സ്വാശ്രയ സംഘങ്ങൾക്ക് തൊഴിൽ സംരംഭങ്ങൾക്ക് ധനസഹായം
പത്തോ അതിൽ കൂടുതലോ പട്ടികജാതിക്കാർ ചേർന്ന് രൂപീകരിച്ച സ്വാശ്രയ സംഘങ്ങൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ 10 ലക്ഷം രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു. 80 ശതമാനം അംഗങ്ങളെങ്കിലും പട്ടികജാതിക്കാരായ വനിതാ സംഘങ്ങൾക്കും അപേക്ഷിക്കാം. 15 ലക്ഷം രൂപ വരെയുള്ള പ്രൊജക്ടുകളാണ് പരിഗണിക്കുക. 75 ശതമാനം തുക ധനസഹായമായി ലഭിക്കും. ബാക്കി തുക സംഘം സ്വന്തമായി കണ്ടെത്തണം. പരമാവധി ധനസഹായം 10 ലക്ഷം രൂപ. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള സ്വാശ്രയസംഘങ്ങളുടെ പ്രൊജക്ടുകളാണ് പരിഗണിക്കുക. വിശദമായ പ്രൊജക്ട് റിപ്പോർട്ട്, ഗ്രൂപ്പിലെ അംഗങ്ങളുടെ ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ബന്ധപ്പെട്ട മറ്റുരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ ഡിസംബർ 30 വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ: 0497 2700596.
സ്‌കോൾ കേരള ഡി സി എ പ്രവേശന തീയതി നീട്ടി
സ്‌കോൾ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ നടത്തിവരുന്ന ഡി സി എ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി പിഴയില്ലാതെ ഡിസംബർ 31 വരെയും 60 രൂപ പിഴയോടുകൂടി 2022 ജനുവരി 15വരെയും നീട്ടിയതായി സ്‌കോൾ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. നിശ്ചിത സമയപരിധിക്കകം ഫീസടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. 0471 2342950, 2342271, 2342369.
ലെവൽക്രോസ് അടച്ചിടും
കണ്ണപുരം - ധർമ്മശാല റോഡിലെ പാപ്പിനിശ്ശേരി - കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 252-ാം നമ്പർ ലെവൽക്രോസ് ഡിസംബർ 12ന് രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
താവം - ദാലിൽ റോഡിലെ കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 256-ാം നമ്പർ ലെവൽക്രോസ് ഡിസംബർ 10ന് രാവിലെ എട്ട് മണി മുതൽ 12ന് രാത്രി എട്ട് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
തറക്കല്ലിടൽ മാറ്റി
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാമേധാവി ബിപിൻ റാവത്തും സഹസൈനികരും മരിച്ചതിലുള്ള ദുഃഖാചരണത്തിന്റെ ഭാഗമായി കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം അക്കാദമി ഇൻസ്റ്റ്യൂട്ട് ക്യാമ്പസിൽ ഡിസംബർ 10 വെള്ളിയാഴ്ച നടത്താനിരുന്ന അഡീഷണൽ അക്കാദമിക് ബിൽഡിംഗ് ശിലാസ്ഥാപന കർമ്മം മറ്റൊരു തീയതിയിലേക്ക് മാറ്റി വച്ചതായി എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
സൗജന്യ പി എസ് സി പരിശീലനം
പ്ലസ് ടു യോഗ്യത അടിസ്ഥാനമാക്കി പിഎസ് സി നടത്തുന്ന ഫൈനൽ പരീക്ഷക്ക് അർഹത നേടിയ ഉദ്യോഗാർഥികൾക്ക് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ പ്രാഥമിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നമ്പർ സഹിതം വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ താവക്കരയിലെ കണ്ണൂർ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഓഫീസിൽ ഡിസംബർ 17 നകം നൽകണം. ആദ്യം അപേക്ഷിക്കുന്നവർക്ക് പ്രവേശനത്തിന് മുൻഗണ ലഭിക്കും. ഫോൺ 7907358419, 9495723518.
ജോബ് ഫെയർ ജനുവരി രണ്ടിന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി രണ്ടിന് നിയുക്തി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ അഭ്യസ്തവിദ്യർക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തൊഴിൽ മേളകൾ നടത്തുന്നത്. ഉദ്യോഗാർഥികൾ www.jobfest.gov.in എന്ന വെബ്‌സൈറ്റിൽ ഡിസംബർ 27നകം രജിസ്റ്റർ ചെയ്ത അഡ്മിറ്റ് കാർഡ് സഹിതം ജോബ് ഫെയറിൽ പങ്കെടുക്കണം.
സ്വയം തൊഴിൽ വായ്പ അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് മുഖേന വിവിധ സ്വയം തൊഴിൽ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. മൾട്ടി പർപ്പസ് സർവ്വീസ് സെന്റർ/ജോബ് ക്ലബ്, കെസ്‌റു(കേരള സ്‌റ്റേറ്റ് സെൽഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോർ ദ രജിസ്‌ടേഡ് അൺ എംപ്ലോയ്ഡ്) എന്നീ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രായം 21നും 45നും മധ്യേ. പിന്നോക്ക, പട്ടിക വർഗ്ഗ, ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും. ഓരോ ജോബ് ക്ലബ്ബിലും പരമാവധി രണ്ട് പേർ വേണം. പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം(പരമാവധി രണ്ട് ലക്ഷം രൂപ) സബ്‌സിഡി അനുവദിക്കും.
കെസ്‌റുവിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 21നും 50 നും മധ്യേ. വായ്പാ തുക പരമാവധി പത്ത്‌ലക്ഷം രൂപ, വായ്പതുക 20 ശതമാനം സബ്‌സിഡി അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0497 2700831, 9847136010.
- Log in to post comments