സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ സ്ത്രീപക്ഷ നവകേരളം പ്രചാരണ പരിപാടി ഉദ്ഘാടനം നാളെ
സമൂഹത്തില്‍ സ്ത്രീധനം മൂലമുള്ള പ്രശ്നങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ സമൂഹം ഒന്നാകെ ചിന്തിക്കേണ്ടതിന്റെയും നിലവിലെ ചിന്താഗതി മാറ്റി അനാചാരത്തിനെ തുടച്ചു നീക്കേണ്ടതിന്റേയും ആവശ്യകത മനസിലാക്കി കുടുംബശ്രീ സംസ്ഥാന വ്യാപകമായി സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനുമെതിരെ സ്ത്രീപക്ഷ നവകേരളം എന്ന പേരില്‍ ഇന്നു (ഡിസംബര്‍ 18 ശനി) മുതല്‍ 2022 മാര്‍ച്ച് 8 വരെ നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടി ആരംഭിക്കും. സംസ്ഥാനതല പരിപാടിയോടൊപ്പം ജില്ലാതലത്തിലും സി.ഡി.എസ് തലത്തിലും വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രചാരണ പരിപാടി ഉദ്ഘാടനം നിര്‍വഹിക്കും.
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേയുള്ള പ്രചാരണം, ഇത്തരം വിപത്തുക്കള്‍ക്കെതിരെ പ്രതിജ്ഞയെടുക്കല്‍, പൊതുജന ബോധവല്‍ക്കരണം മുന്‍നിര്‍ത്തിയുള്ള കാല്‍നട- ടൂവീലര്‍ റാലികള്‍, പോസ്റ്റര്‍ പ്രചാരണങ്ങള്‍, സെമിനാറുകള്‍, സംവാദങ്ങള്‍, അയല്‍ക്കൂട്ടതല പ്രവര്‍ത്തനങ്ങളുടെ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സി.ഡി.എസ് തലത്തില്‍ നടത്തുന്നത്. എ.ഡി.എസ് തലത്തില്‍ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ ഓക്സിലറി ഗ്രൂപ്പുകളില്‍ ഡിസംബര്‍ 19 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ പ്രത്യേക ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും. സ്ത്രീധനവും സ്വര്‍ണ്ണാസക്തിയും യുവതലമുറയില്‍ വളര്‍ന്നുവരുന്ന ലഹരി ഉപയോഗം പോലുള്ള ദുഷ്പ്രവണതകളും ഇല്ലായ്മ ചെയ്യാനും സ്ത്രീപീഡനങ്ങള്‍ക്ക് അറുതി വരുത്താനും പര്യാപ്തമാകുന്ന സ്ത്രീപക്ഷ സാമൂഹ്യ സാക്ഷരത എല്ലാ ജനങ്ങളിലും ഉണ്ടാക്കുവാനുള്ള യത്നമാണ് കുടുംബശ്രീയുടെ സ്ത്രീപക്ഷ നവകേരളം എന്ന പ്രചരണ പരിപാടി. ഡിസംബര്‍മാസം പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നിരന്തരമായ ദീര്‍ഘകാല ഇടപെടലുകളിലൂടെ ലക്ഷ്യത്തിലേക്കെത്തുക എന്നതാണ് ഉദ്ദേശം.
ഈ പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പന്റെ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിഷാന്തിനി മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ് മോഹനന്‍, പത്തനംതിട്ട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഷെമീര്‍, ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ പി.എസ് തസ്നീം, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതദാസ്, കോന്നി എം.എം.എന്‍.എസ്.എസ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം എച്ച്.ഒ.ഡി സി. വര്‍ഗീസ്, ചൈല്‍ഡ് ലൈന്‍ കോ-ഓഡിനേറ്റര്‍ ആതിര സുകുമാരന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് - എ.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
ഉദ്ഘാടനത്തിനു മുന്നോടിയായി പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് പത്തനംതിട്ട ടൗണ്‍ വഴി അബാന്‍ ജംഗ്ഷനില്‍ എത്തുന്ന തരത്തില്‍ ടൂവീലര്‍ റാലിയും തുടര്‍ന്ന് സ്ത്രീധനവും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും എന്ന വിഷയത്തില്‍ സെമിനാറും ചര്‍ച്ചയും ഉണ്ടായിരിക്കും.
- Log in to post comments