Skip to main content

സി.കെ.ജി മെമ്മോറിയൽ സ്കൂൾ കെട്ടിടോദ്ഘാടനം മന്ത്രി നിർവഹിച്ചു 

 

 

 

ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ നവീകരിച്ച ഹൈസ്കൂൾ ബ്ലോക്ക്‌ കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. പൊതുവിദ്യാലയങ്ങളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അൺഎയ്ഡഡ് മേഖലകളിൽ നിന്ന് വിദ്യാർത്ഥികൾ പൊതു വിദ്യാലയങ്ങളിലേക്ക് തിരിച്ചു വന്ന കാലമാണ്. എയ്ഡഡ് മേഖലയും ഈ മാറ്റങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.   പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തണമെന്ന സര്‍ക്കാര്‍ നയം മനസിലാക്കി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കി നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. വിദ്യാഭ്യാസത്തോടൊപ്പം തന്നെ ജീവിതമൂല്യങ്ങളും മുറുകെ പിടിക്കണം. ഉയർന്ന ചിന്ത, മാനവികബോധം എന്നിവ വളർത്തി മുന്നോട്ടുപോകാൻ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. 

 പുതിയ സയന്‍സ് ലാബിന്റെ ഉദ്ഘാടനം മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാറും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം മൂടാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഭാസ്‌കരനും നിര്‍വ്വഹിച്ചു.

സയന്‍സ് ലാബ്, വിപുലമായ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം എന്നിവ അടങ്ങുന്നതാണ് നവീകരിച്ച ഹൈസ്‌കൂള്‍ ബ്‌ളോക്ക്. സ്‌കൂളിന്റെ സ്ഥാപക മാനേജരായ എം.എം കൃഷ്ണന്‍ നായരുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചതാണ് പുതിയ ബ്‌ളോക്ക്.

2021 ലെ പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ദേവനന്ദ ടി, ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ യദു കൃഷ്ണന്‍ എം, ഹിന്ദി ക്ലബായ ആലോക് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം നഫ്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ സതീഷ് ബാബു ദേവാങ്കണം, അശ്വിന്‍, നന്ദു രോഹന്‍, അന്‍സിക, ദീപ കെ, ദൃശ്യ നികേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. 
മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർ രജുല ടി.എം, പ്രിന്‍സിപ്പല്‍ പി.ശ്യാമള, ഹെഡ്മാസ്റ്റര്‍ ഇ.സുരേഷ് ബാബു, ഡെപ്യൂട്ടി എച്ച്.എം കെ.കെ മനോജ് കുമാര്‍, പി.ടി.എ പ്രസിഡന്റ് വി.വി സുരേഷ്, കെ.വിജയരാഘവന്‍, ബാബു ചെറുകുന്നുമ്മല്‍, ഹമീദ് സത്‌വ, വിശ്വന്‍ എം.കെ, രജീഷ് മാണിക്കോത്ത്, ഒ.രാഘവന്‍, സിറാജ് മൂടാടി, സജിത്ത് വി.എം, മിനി പുത്തന്‍പുരയില്‍, കെ.ഹുസൈന്‍, പ്രകാശന്‍ നെല്ലുമഠത്തില്‍, ടി.സതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

date