Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 22-12-2021

വാര്‍ഡ് തല പരിശീലനം

അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വെയുടെ ഭാഗമായുള്ള കോര്‍പറേഷന്‍ വാര്‍ഡ്തല സമിതിയുടെ പരീശീലനം ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഓഫീസര്‍ ടൈനി സൂസന്‍ വിഷയാവതരണം നടത്തി. കില പ്രതിനിധികളായ പി രാജഗോപാലന്‍, വി കെ പ്രകാശിനി, കെ പി ഹംസകുട്ടി, രഘുവരന്‍ എന്നിവര്‍ ക്ലാസെടുത്തു. കില ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, ഇ രാഘവന്‍ മാസ്റ്റര്‍, കില റിസോഴ്‌സ് പേഴ്‌സണ്‍ പി കെ ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

ക്ഷേമ പെന്‍ഷന്‍

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ 2021 സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ക്ഷേമ പെന്‍ഷന്‍ അംഗ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ചെറുകിട വ്യവസായം: വനിതാ ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ഈ വാര്‍ഷിക പദ്ധതിയില്‍ സ്വയം തൊഴില്‍ പദ്ധതി പ്രകാരം ഉല്‍പാദന മേഖലയില്‍ ചെറുകിട വ്യവസായം തുടങ്ങുന്നതിന് വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് അഞ്ച് വനിതകള്‍ ഉള്‍പ്പെട്ടതും ഗ്രേഡ് ചെയ്യപ്പെട്ടതുമായ ഗ്രൂപ്പിന് 85 ശതമാനം, പരമാവധി മൂന്ന് ലക്ഷം രൂപവരെ വായ്പാ ബന്ധിതമായി സബ്‌സിഡി നല്‍കും. റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, ഭക്ഷ്യ സംസ്‌കരണം പോലുള്ള ഉല്‍പാദന മേഖലയില്‍ ഇരിട്ടി ബ്ലോക്ക് പരിധിയില്‍ വ്യവസായം തുടങ്ങുന്നതിന് താല്‍പര്യമുള്ളവര്‍ അതത് ഗ്രാമപഞ്ചായത്തുകള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഗ്രൂപ്പ് അംഗങ്ങള്‍ 18നും 60നും ഇടയില്‍ പ്രായമുള്ളവരും മൂന്ന് വര്‍ഷമായി ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസമുള്ളവരും രണ്ടു ലക്ഷത്തില്‍ കുറവ് വാര്‍ഷിക വരുമാനമുള്ളവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുമായോ ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായോ ബന്ധപ്പെടുക. ഫോണ്‍: 0490 2491240, 9946166255.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ. വനിതാ ഐ ടി ഐയില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇസ്ട്രക്ടറെ നിയമിക്കുന്നു. നിര്‍ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെൡയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 23ന് രാവിലെ 10.30ന് തോട്ടടയിലുള്ള വനിതാ ഐടിഐയില്‍ ഹാജരാകണം. ഫോണ്‍: 0497 2955987.

പരിശീലന പരിപാടി: അപേക്ഷ ക്ഷണിച്ചു

കേരള കാര്‍ഷിക സര്‍വ്വകലാശാല സുവര്‍ണ ജൂബിലിയുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ഉത്തരമേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം വിവിധ പരിശീലന പരിപാടികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 30ന് അഞ്ചു മണിക്കകം താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. ജൈവകൃഷി ഉല്‍പാദന ഉപാധികള്‍ ഉണ്ടാക്കല്‍- 9744899609, കൂണ്‍ കൃഷിയും മൂല്യവര്‍ധനവും- 8848914791.  

എന്‍എസ്‌സി കൈപ്പറ്റല്‍: രേഖകള്‍ സഹിതം ഹാജരാകണം

ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസിലെ എംപികെബിവൈ/എസ്എഎസ് ഏജന്റുമാര്‍ സെക്യൂരിറ്റി ആയി സമര്‍പ്പിച്ച കാലഹരണപ്പെട്ട നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍എസ്‌സി) കൈപ്പറ്റുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം ജനുവരി 20നകം ഓഫീസില്‍ ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അസ്സല്‍ സി എ കൈവശമില്ലാത്ത, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏജന്‍സി പ്രവര്‍ത്തനം അവസാനിപ്പിച്ച ഏജന്റുമാര്‍ക്ക് പോസ്‌റ്റോഫീസില്‍ നിന്നുള്ള ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ്, പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്, 200 രൂപയുടെ നഷ്ടോത്തരവാദ ബോണ്ട് എന്നിവ ഹാജരാക്കി കൈപ്പറ്റാം. ജനുവരി 20നകം രേഖകള്‍ കൈപ്പറ്റാത്തവരുടെ എന്‍എസ്‌സികള്‍ ഇനിയൊരറിയിപ്പില്ലാതെ സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

വിമുക്തി: ഷോര്‍ട്ട് ഫിലിം മത്സരം

സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ലഹരി വിരുദ്ധ ആശയം, പോസിറ്റീവ് എനര്‍ജി നല്‍കുന്ന സന്ദേശം എന്നിവ ഉണ്ടായിരിക്കണം. ദൈര്‍ഘ്യം നാലു മുതല്‍ എട്ടു മിനിറ്റ്. മൂവി ക്യാമറയിലോ മൊബൈല്‍ ഫോണിലോ ചിത്രീകരിക്കാം. അധ്യാപക സഹായം തേടാം. പൂര്‍ണമായ മേല്‍വിലാസം, ഇ മെയില്‍, ഫോണ്‍ നമ്പര്‍, പഠിക്കുന്ന സ്‌കൂള്‍, കോളേജ്, ക്ലാസ് എന്നിവ രേഖപ്പെടുത്തി സ്‌കൂള്‍/കോളേജ് അധികാരി സാക്ഷ്യപ്പെടുത്തിയ ഷോര്‍ട്ട് ഫിലിം ജനുവരി 31നകം vimukthiexcise@gmail.com ല്‍ അയക്കണം. മികച്ച ഷോര്‍ട്ട് ഫിലിമുകള്‍ വിമുക്തി മിഷന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് യാഥാക്രമം 25000, 15000, 10000 രൂപ, ട്രോഫി, പ്രശസ്തി പത്രം എന്നിവയും ലഭിക്കും. സ്‌കൂള്‍, കോളേജ് വിഭാഗങ്ങള്‍ക്ക് പ്രത്യേകം സമ്മാനം നല്‍കും. മികച്ച സ്‌ക്രിപ്റ്റ്, മികച്ച സംവിധായകന്‍ എന്നിവക്ക് 10000 രൂപ വീതവും സമ്മാനമായി ലഭിക്കും.

വയോസേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വയോജന സേവന മേഖലയില്‍ മികച്ച പദ്ധതികളും പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ക്കുള്ള വയോസേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വയോജന മേഖലയില്‍ മികച്ച സേവനം കാഴ്ച വെച്ച ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എന്‍ജിഒ/സ്ഥാപനം, മികച്ച കായികതാരം, കലാ സാംസ്‌കാരിക മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വയോജനങ്ങള്‍, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിവക്കാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ മികവ് തെളിയിക്കുന്ന റിപ്പോര്‍ട്ട്, ഫോട്ടോ എന്നിവ സഹിതം ജനുവരി 10നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം www.sjd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 8281999015.

കാലാവധി കഴിഞ്ഞ മരുന്നുകള്‍ പിടിച്ചെടുത്തു

മട്ടന്നൂര്‍ ആശ്രയ ഹോസ്പിറ്റലില്‍ നിന്നും കാലാവധി കഴിഞ്ഞ പെന്റവാക് മരുന്ന് പിടിച്ചെടുത്തു. കണ്ണൂര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത മരുന്നുകള്‍ ഡ്രഗ്‌സ് ആന്‍് കോസ്‌മെറ്റിക്‌സ് ആക്റ്റ് ആന്റ് റൂള്‍സ് പ്രകാരം മട്ടന്നൂര്‍ കോടതിയില്‍ സമര്‍പ്പിച്ചതായി അസ്സിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെപ്പ് നടത്തിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഭരണാനുമതി

ഇരിക്കൂര്‍ എംഎല്‍എയുടെ 2020-2021 ലെ പ്രത്യേക വികസന നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ഉദയഗിരി പഞ്ചായത്തിലെ ഉദയഗിരി മുതുശ്ശേരി ബൈപ്പാസ് റോഡ് ടാറിങ്ങ് പ്രവൃത്തി നടത്തുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരിയില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംതരം പാസായ 15 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറുമാസത്തെ പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുംഫു എന്നിവയാണ് പഠനവിഷയങ്ങള്‍. അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് തീയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ നടത്തുന്നത്. അപേക്ഷാ ഫോറവും പ്രോസ്‌പോക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിന് സമീപമുള്ള എസ് ആര്‍ സി ഓഫീസില്‍ ലഭിക്കും. https://srccc.in/download എന്ന ലിങ്കിലും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം-33. ഫോണ്‍: 0497 2325101, 2325102.
പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ലോ ആയോധനാ ഫൗണ്ടേഷന്‍, വഴുതക്കാട്, തിരുവനന്തപുരം-9447683169 ലോ ലഭിക്കും.

ജില്ലാ വികസന സമിതി യോഗം മാറ്റി

ഡിസംബര്‍ 29ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനിരുന്ന ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 31 വെള്ളി രാവിലെ 11 മണിയിലേക്ക് മാറ്റി.

വിറക് ലേലം

മാടായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലുള്ള ധര്‍മ്മശാല പറശ്ശിനിക്കടവ് റോഡിലെ ധര്‍മ്മശാല ഡി ടി പി സിക്ക് സമീപത്ത് മുറിച്ചിട്ട മരത്തിന്റെ വിറക് ഡിസംബര്‍ 29ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0497 2877799.

വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ടിക്കല്‍ സെക്ഷനിലെ പെരുമ്പ ചിറ്റാരി കൊവ്വല്‍, കോറോം റോഡ്, ഗാന്ധിമുക്ക്, ബസ് ബേ പരിസരം എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ 23 വ്യാഴം രാവിലെ ഏഴു മുതല്‍ 11 മണി വരെയും കെ പി കോളനി, ഓള്‍ഡ് പോസ്‌റ് ഓഫീസ് - എസ് എസ് ടെമ്പിള്‍ റോഡ്, കവ്വായി, റെയില്‍വെ സ്‌റ്റേഷന്‍ മുതല്‍ ഒളവറ പാലം വരെ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ടിക്കല്‍ സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍, എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 23 വ്യാഴം രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ടിക്കല്‍ സെക്ഷനിലെ പള്ളിക്കുളം ജേബീസ് കോളേജ് റോഡ്, ജയലക്ഷ്മി റോഡ്, നാലുമുക്ക്, നല്ലാഞ്ഞിമുക്ക്, കുന്നാവ്, രാജാസ് സ്‌കൂള്‍, വെങ്ങര വയല്‍, ഹാന്‍വീവ്, ചിറക്കല്‍ ചിറ, കാന്‍പ്രിന്റ്, ആറാട്ട് വയല്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 23 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ടിക്കല്‍ സെക്ഷനിലെ ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, മെട്രോ കാര്‍ഡിയാക്, സിറ്റിമാന്‍, ലിബര്‍ട്ടി, മഞ്ഞോടി, ഊട്ടുമഠം, സത്രം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 23 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്നു മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ടിക്കല്‍ സെക്ഷനിലെ കൈപ്പക്കയില്‍ മെട്ട ,കൈപ്പക്കയില്‍ മെട്ട പള്ളി, കൊയ്യോട്ട്പാലം, ചെമ്മാടം വായനശാല എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 23 വ്യാഴം രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും കച്ചേരിപ്പറമ്പ് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നു മണി വരെയും കാവുംചാല്‍, ചെക്കിക്കുളം കനാല്‍, പാള്ളിയത്ത്, ചെമ്മാടം വായനശാല എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും.

date