Skip to main content

തദ്ദേശ തല പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന മേളക്ക് പെരളശ്ശേരിയില്‍ തുടക്കം

പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്ഥാപന തലത്തിലെ ആദ്യ ബദല്‍ ഉല്‍പ്പന്ന മേളക്ക് പെരളശേരി ഗ്രാമപഞ്ചായത്തില്‍  തുടക്കമായി. പേപ്പര്‍ ബാഗുകള്‍, തുണി സഞ്ചികള്‍, സിമന്റ് പൂച്ചട്ടികള്‍, പാള പ്ലേറ്റ്, ചവിട്ടി, പേപ്പര്‍ പേന തുടങ്ങി പ്ലാസ്റ്റിക്കിനു ബദലാകുന്ന വിവിധങ്ങളായ ഉത്പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനുള്ളത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ.കെ രത്‌നകുമാരി മേള ഉദ്ഘാടനം ചെയ്തു.
ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ ബദല്‍ മേള ഡിസംബര്‍ 25ന് വെള്ളച്ചാലില്‍ നടക്കും. ഹരിത കേരളം മിഷന്‍ ജില്ലാ റിസോഴ്‌സ്‌പേഴ്‌സണ്‍മാരായ കെ നാരായണന്‍, വി കെ അഭിജാത്, വി പ്രശാന്ത്, കെ കെ സുഗതന്‍, സജിത, ജനപ്രതിനിധികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ഡ് തലങ്ങളില്‍ വളണ്ടിയര്‍ സംഘങ്ങളെ  രൂപീകരിച്ച് ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനത്തിന്റെയും സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് കാമ്പയിനിന്റെ  ഭാഗമായും  ബോധവത്കരണം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് പെരളശേരി ഗ്രാമ പഞ്ചായത്ത്. വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി 'ഹരിത പാഠ ശാലയുടെ' ഉദ്ഘാടനം ഡിസംബര്‍ 27 സബ് കലക്ടര്‍ അനുകുമാരി  നിര്‍വഹിക്കും. ഹരിത കേരളം മിഷന്‍ സംസ്ഥാന കണ്‍സല്‍ട്ടന്റ് ടി പി സുധാകരന്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ജനപ്രതിനിധികള്‍, ഓരോ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പട്ട അഞ്ച് വീതം വളണ്ടിയര്‍മാര്‍, ഹരിത കര്‍മ്മസേനാ അംഗങ്ങള്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന വാര്‍ഡ് സഭകളിലും അയല്‍സഭകളിലും വളണ്ടിയര്‍മാര്‍ വിഷയാവതരണം നടത്തും. ജനകീയ പങ്കാളിത്തത്തോടെ ശുചിത്വ മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ട് വരാനാണ് പഞ്ചായത്തിന്റെ ശ്രമം.
 

date