Skip to main content

മൈക്രോ ഫാസിസസം മാധ്യമപ്രവര്‍ത്തനത്തിന് വെല്ലുവിളി :  ദാമോദര്‍ പ്രസാദ്

മൈക്രോ ഫാസിസം അഥവാ സൂക്ഷ്മതലങ്ങളില്‍ ഇടപെടുന്ന ഫാസിസത്തിന്റെ ലക്ഷണങ്ങളാണ് ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ പ്രകടമാകുന്നതെന്നും മൈക്രോ ഫാസിസവും മാഫിയ മൂലധനവും ചേരുമ്പോള്‍ ഇരകളാവുന്നത്. റിപ്പോര്‍ട്ടര്‍മാരാണെന്നും കാലിക്കറ്റ് സര്‍വ്വകലാശാല ഇ.എം.എം.ആര്‍.സി ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് പറഞ്ഞു. ദേശീയ മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും തൃശൂര്‍ പ്രസ് ക്ലബും ചേര്‍ന്ന് സംഘടിപ്പിച്ച മാധ്യമങ്ങളും ഭരണനിര്‍വ്വഹണവും എന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തേയും സഹിഷ്ണുതയേയും എതിര്‍ക്കുക എന്നതാണ് മൈക്രോ ഫാസിസത്തിന്റെ രീതി.  ഫലിതത്തോടുളള എതിര്‍പ്പും വിമര്‍ശനങ്ങളോടുളള അസഹിഷ്ണുതയുമൊക്കെ മൈക്രോ ഫാസിസത്തിന്റെ ലക്ഷണങ്ങളായി കണക്കാം. ഇതാണ് മാധ്യമങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളി.  

ഭരണഘടനപരമായ ജനാധിപത്യ വ്യവസ്ഥയ്ക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ് വിവരാവകാശനിയമ നിര്‍മ്മാണം. അവകാശങ്ങളെ വിപുലപ്പെടുത്തിയാണ് ജനാധിപത്യം വികസിപ്പിക്കുന്നത്. ഇത് മാധ്യമങ്ങളെ ശക്തമാക്കുന്നുണ്ട്. വിവരാവകാശ നിയമം ഏറെ സഹായകരമാണ് മാധ്യമ പ്രവര്‍ത്തനത്തിന നല്‍കിയത്. ഈ നിയമം ഉപയോഗപ്പെടുത്തിയ റിപ്പോര്‍ട്ടുകളാണ് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവുന്നത്. കോര്‍പ്പറേറ്റ് മൂലധനം പലതരത്തില്‍ വികേന്ദ്രീകരിക്കപ്പെടുന്ന കാലമാണിത്. താഴെതട്ടില്‍ കോര്‍പ്പറേറ്റ് മൂലധനം മാഫിയ മൂലധനവുമായി കണ്ണിചേരുന്നു. ഇതും മാധ്യമപ്രവര്‍ത്തനത്തിന് ഭീഷണിയാവുന്നുണ്ട് ദാമോദര്‍ പ്രസാദ് പറഞ്ഞു.

മാധ്യമാസക്തരായ ഒരു സമൂഹമാണ് കേരളത്തിലേത്. ജാതിവിരുദ്ധമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രമുണ്ട് കേരളത്തിന.് എന്നാല്‍ പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും ഈയൊരു ചരിത്ര പാരമ്പര്യത്തോട് നീതി പൂല്‍ത്തുന്നുവോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്.  മാധ്യമാസക്തരായ മധ്യവര്‍ഗ്ഗസമൂഹത്തിന് രുചിക്കാത്ത വാര്‍ത്തകളെ പരമ്പരാഗത മാധ്യമങ്ങള്‍ നിരാകരിക്കുന്നു. ഇവിടെയാണ് സമൂഹമാധ്യമങ്ങള്‍ പ്രസക്തമാവുന്നത്. ട്രാന്‍സ്‌ജെന്റര്‍ വിഷയമടക്കമുളള വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് സമൂഹമാധ്യമങ്ങളുടെ ഇടപെടലാണ്. എന്നാല്‍ വംശീയതയും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കുന്ന ഇടങ്ങളായും സമൂഹമാധ്യമങ്ങള്‍ മാറുന്നുവെന്നത് കാണാതിരുന്നുകൂടാ.

മുന്‍ഗണനയെന്തിനാവണം എന്നതാണ് മാധ്യമങ്ങള്‍ നേരിടുന്ന പ്രശ്‌നം. സെന്‍ഷേനെ ലൈവ് ചെയ്യുകയെന്നത് മാത്രമായി മാധ്യമ ഇടപെടല്‍ മാറിപോകുന്നുണ്ട്. റിപ്പോര്‍ട്ടുകളെക്കാള്‍ കൂടുതല്‍ ടെലിവിഷന്‍ സംവാദങ്ങള്‍ക്ക് ഭരണകൂടത്തിന്റെയും ജൂഡീഷ്യറിയുടെയും പരിഗണന കിട്ടുന്ന കാലത്ത് റിപ്പോര്‍ട്ടിംഗും റിപ്പോര്‍ട്ടറും അക്രമസക്താരായി പോകുന്നു. റിപ്പോര്‍ട്ടിംഗാണ് ആധുനിക മാധ്യമപ്രവര്‍ത്തനത്തിന്റെ നട്ടെല്ലന്ന കാര്യം മറന്നു പോകരുത്. പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് റിപ്പോര്‍ട്ട് ചെയ്ത് ഭരണകൂടത്തെക്കൊണ്ട് നടപടി എടുപ്പിക്കാന്‍  മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്ന കാര്യം വിസ്മരിക്കരുത്.

ഭരണകൂടത്തെ സേവിക്കുകയല്ല മറിച്ച് വിമര്‍ശനാത്കമായി നോക്കി കാണുകയാണ് മാധ്യമങ്ങളുടെ ധര്‍മ്മം. മാധ്യമങ്ങള്‍ ഒരു തരം അധികാര കേന്ദ്രമായി മാറുന്നതും തമ്മിലുളള ആശാസ്യമല്ല. ഭരണകൂടവും മാധ്യമങ്ങളും സംഘര്‍ഷങ്ങള്‍ക്കിടയിലാണ് സത്യം ലോകമറിയുന്നത്.  ദാമോദര്‍ പ്രസാദ് വ്യക്തമാക്കി. മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡണ്ട് കെ.പ്രഭാത് അദ്ധ്യക്ഷത വഹിച്ചു.  വീക്ഷണം റെസിഡന്റ് എഡിറ്റര്‍ എന്‍.ശ്രീകുമാര്‍, ദീപിക ന്യൂസ് എഡിറ്റര്‍ ഡേവീഡ് പൈനാടത്ത്, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ എന്‍ മധു,  മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.കെ.കൃഷ്ണകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.   വാര്‍ഡ് കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണ്ണ, ഐ.ആന്‍ഡ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മോഹനന്‍ എന്നിവര്‍ ആശംസ നേരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍.സന്തോഷ് സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി എം.വിനീത നന്ദിയും പറഞ്ഞു.
 

date