Skip to main content

അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി വേഗത്തിലാക്കണം: ജില്ലാ വികസന സമിതി

അംബേദ്കർ ഗ്രാമം പദ്ധതി പ്രവർത്തനം വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു. ജില്ലയിൽ 17 കോളനികളിലാണ് ഒരു കോടി രൂപ വീതം ചെലവിൽ അംബേദ്കർ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം, ഭവന നിർമാണം തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹാബിറ്റാറ്റിനാണ് നിർമാണ ചുമതല. 2020 ൽ ആരംഭിച്ച പദ്ധതിയിൽ 14 കോളനികളിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതായി എംഎൽഎമാർ പരാതിപ്പെട്ടു. പ്രവൃത്തിയുടെ ഗുണനിലവാരം സംബന്ധിച്ചും കോളനി നിവാസികൾ പരാതി ഉന്നയിച്ചതായി എംഎൽഎമാർ ചൂണ്ടിക്കാട്ടി. ടി ഐ മധുസൂദനൻ, അഡ്വ. സണ്ണിജോസഫ്, അഡ്വ. സജീവ് ജോസഫ് എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്.
പദ്ധതിയിൽ വിഭാവനം ചെയ്ത രീതിയിലും ഗുണനിലവാരം ഉറപ്പാക്കിയും എത്രയും വേഗം പ്രവൃത്തി പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉേദ്യാഗസ്ഥർ ശ്രദ്ധിക്കണമെന്ന് യോഗം നിർദേശിച്ചു. നിർമാണ ഏജൻസിയായ ഹാബിറ്റാറ്റിനെ പങ്കെടുപ്പിച്ച് ജനുവരി ആദ്യ വാരം ജില്ലാ കലക്ടർ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു.
വകുപ്പുകളുടെ ഏകോപനമില്ലായ്മ വികസന പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതായി കെ പി മോഹനൻ എംഎൽഎ പറഞ്ഞു. ഇക്കാര്യത്തിൽ ജില്ലാ കലക്ടർ ആവശ്യമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാങ്കേതികത്വത്തിന്റെ പേരിൽ വികസന പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന് കെ സുധാകരൻ എം പി പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ തടസ്സപ്പെട്ട താലൂക്ക് വികസന സമിതി ഇനി മുതൽ കൃത്യമായി ചേരണമെന്നും യോഗങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി പങ്കെടുക്കണമെന്നും ജില്ലാ കലക്ടർ നിർദേശം നൽകി.
കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ പുനരാരംഭിക്കുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു. പ്രവൃത്തി ഏകദേശം പൂർത്തിയായതായും ജനവരി ഒമ്പതിന് ട്രയൽറൺ നടത്തുമെന്നും ഡിടിപിസി അറിയിച്ചു. പയ്യാമ്പലം പാത്ത്‌വേ നിർമാണം ജനവരി 15നകം പൂർത്തിയാക്കും. എച്ച്‌ഐവി ബാധിതർക്കുള്ള ധനസഹായ വിതരണത്തിന് നടപടി സ്വീകരിച്ചതായി എഡിഎം കെ കെ ദിവാകരൻ അറിയിച്ചു. 300 ലധികം അപേക്ഷകളാണ് ധനസഹായത്തിനായി ലഭിച്ചത്. ഇതിനാവശ്യമായ തുക ലഭ്യമാകുന്ന മുറയ്ക്ക് വിതരണം നടത്താനാവും.
കണ്ണൂർ കോർപ്പറേഷനിൽ ശ്മശാനത്തിന് അഴീക്കോട് എംഎൽഎ അനുവദിച്ച മൂന്ന്  കോടി രൂപയുടെ പ്രവൃത്തിയുടെ ഡിപിആർ ഒരാഴ്ചക്കകം സമർപ്പിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു.
2018 ലെ പ്രളയത്തിൽ പാടെ തകർന്ന ആറളം-അയ്യങ്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലം പുനർനിർമിക്കാൻ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി അടിയന്തര പദ്ധതി ഉണ്ടാവണമെന്ന് അഡ്വ. സണ്ണിജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. മറ്റ് റോഡുകൾ, വീടുകൾ എന്നിവയുടെ പുനർ നിർമാണം ത്വരിതപ്പെടുത്താനും എംഎൽഎ നിർദേശിച്ചു. കൊവിഡ് കാലത്ത് നിർത്തലാക്കിയ കെ എസ് ആർ ടി സി സർവീസുകൾ ജില്ലയിൽ മാത്രം പുനരാരംഭിക്കാത്തത് മലയോര മേഖലയിലെ ജനങ്ങളെ വലയ്ക്കുന്നതായി എംഎൽഎമാർ ചൂണ്ടിക്കാട്ടി. ആറാട്ട് കടവ്, രാജഗിരി ഇടക്കോളനികളിൽ വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനും  കോളനി നിവാസികളുടെ പുനരധിവാസത്തിനും പരിഹാരം തേടുന്നതിനുമുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎമാർ നിർദ്ദേശിച്ചു.
മുഴപ്പിലങ്ങാട്- മാഹി ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് പുഴയിൽ ഭിത്തി കെട്ടി പാലം നിർമിക്കരുതെന്നും എരഞ്ഞോളി പാലം നിർമാണ പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്നും കെ മുരളീധരൻ എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.  ജനുവരി 15 ഓടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി നൽകി.   ജില്ലയിലെ എല്ലാ ഓഫീസുകളും കടലാസ് രഹിതമാക്കിമാറ്റുന്നതിന് എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് ജില്ലാകലക്ടർ അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ കെ സുധാകരൻ എംപി, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ടി ഐ മധുസൂദനൻ, കെ വി സുമേഷ്, കെ പി മോഹനൻ, അഡ്വ. സണ്ണി ജോസഫ്, അഡ്വ. സജീവ് ജോസഫ്, മേയർ ടി ഒ മോഹനൻ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സബ് കലക്ടർ അനുകുമാരി, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ, എഡിഎം കെ കെ ദിവാകരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date