Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 01-01-2022

15 മുതൽ 18 വരെ വയസ്സുള്ളവർക്ക് കോവിഡ് വാക്സിനേഷൻ മൂന്ന് മുതൽ

ജില്ലയിൽ 15 മുതൽ 18 വയസ്സുവരെയുള്ളവർക്ക് കോവിഡ് വാക്സിൻ ലഭിക്കാനായി www.cowin.gov.in എന്ന പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാം. വാക്സിൻ ജനുവരി മൂന്ന് മുതൽ ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ വഴി നൽകി തുടങ്ങും.  കോവാക്സിനാണ് നൽകുന്നത്. വാക്സിനേഷനായി അവരവരുടെ താമസസ്ഥലത്തിനടുത്ത സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തേണ്ടതാണ്. ആധാർ കാർഡ് കൈവശം കരുതുക.
കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനായി ആധാർ കാർഡ് അല്ലെങ്കിൽ സ്‌കൂൾ ഐ.ഡി ഉപയോഗിക്കാം.
എല്ലാവരും രജിസ്റ്റർ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രം വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുക.
ഓൺലൈനായും സ്പോട്ട് രജിസ്ഷ്രേനും സൗകര്യം ഉണ്ടായിരിക്കും കുത്തിവെപ്പ് കേന്ദ്രങ്ങളിൽ കുട്ടിയുടെ കൂടെ രക്ഷാകർത്താവ് ഉണ്ടായിരിക്കണം.
ജനുവരി മൂന്ന് മുതൽ ഒമ്പത് വരെ കുട്ടികൾക്ക് മാത്രമായി കോവിഡ് വാക്സിനേഷൻ നടത്തുന്നതിനാൽ ഈ സന്ദർഭം പരമാവധി ഉപയോഗപ്പെടുത്തുക. കോവാക്സിൻ സ്വീകരിച്ച ശേഷം കുട്ടികൾ ഈ വിവരം സ്‌കൂളിലെ നോഡൽ ടീച്ചറെ അറിയിക്കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

വൈദ്യുതി കുടിശ്ശിക അടക്കണം

നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ചാർജ്ജ് കുടിശ്ശിക അടക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ ബില്ലുകൾ ജനുവരി മൂന്നിനകം അടച്ച് തീർക്കേണ്ടതാണെന്ന് കെ.എസ്.ഇ.ബി അസി. എൻജിനീയർ അറിയിച്ചു.  ഓഫീസിൽ നേരിട്ടും ഓൺലൈനായും കെ എസ് ഇ.ബി മൊബൈൽ ആപിലൂടെയും കുടിശ്ശിക വിവരങ്ങൾ അറിയാനും പണം അടക്കാനും സാധിക്കും. ഭാരത് ബിൽ പേയ്മെന്റ് സംവിധാനമുള്ള ഗൂഗിൾ പേ, ഫോൺ പേ, പേയ് ടി.എം, തുടങ്ങിയ സംവിധാനങ്ങൾ വഴിയും അനായാസം വൈദ്യുതി ചാർജ് അടക്കാൻ സാധിക്കും. വൈദ്യുതി ചാർജ് കുടിശ്ശികയായിരിക്കുന്നവരുടെ വൈദ്യതി വിച്ഛേദന നടപടികൾ നടന്നുവരുന്നു. വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാ ഉപഭോക്താക്കളും സഹകരിക്കേണ്ടതാണ്.

നിയുക്തി ജോബ് ഫെസ്റ്റ് രണ്ടിന്

നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് (കേരളം) വകുപ്പിന്റെ കീഴിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി രണ്ട് ഞായറാഴ്ച ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിയുക്തി ജോബ് ഫെസ്റ്റ് എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
ജോബ് ഫെസ്റ്റിൽ പങ്കെടുക്കാനായി 4750 ഉദ്യോഗാർത്ഥികളും 55 കമ്പനികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആസ്റ്റർ മിംസ് , വാസൻ ഐ കെയർ, ഐ ട്രസ്റ്റ് ഐ കെയർ, യുഎൽടിഎസ് , ബിസിനസ് റീസർച് ആൻഡ് അനലിറ്റിക്‌സ് തുടങ്ങിയ
വിവിധ പ്രമുഖ സ്ഥാപനങ്ങൾ ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവ്വഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനാവും. കോർപ്പറേഷൻ മേയർ അഡ്വ. ടി .ഒ. മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ എന്നിവർ മുഖ്യാതിഥികളാണ്.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൂത്തുപറമ്പ് ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം/വൊക്കേഷനൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൂന്ന് വർഷത്തെ സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി നാലിന് രാവിലെ 11 മണിക്ക് ഐ ടി ഐ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോൺ: 0490 2364535.

'സ്വസ്ഥം' കുടുംബ തർക്ക പരിഹാര കേന്ദ്രം ഉദ്ഘാടനം ചെയ്തു
 
ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ 'സ്വസ്ഥം' കുടുംബ തർക്ക പരിഹാര കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവ്വഹിച്ചു. സ്വസ്ഥം കൺസിലിയേഷൻ റൂമിൽ സജ്ജീകരിച്ച അമ്മയും കുഞ്ഞും മ്യൂറൽ ചിത്രം അനാച്ഛാദനവും കലക്ടർ നിർവ്വഹിച്ചു.  ജില്ലാ വനിത ശിശുവികസന ഓഫീസർ ദേന ഭരതൻ, ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പി സുലജ, ചിത്രകാരി പി ടി നസീമ എന്നിവർ സംബന്ധിച്ചു.
കുടുംബത്തിലെ അസ്വാരസ്യങ്ങൾ വിശദമായി കേട്ട് കൗൺസലിങ്, കൺസിലിയേഷൻ സൗകര്യം എന്നിവ ഏർപ്പെടുത്തുകയും ആവശ്യമെങ്കിൽ പൊലീസ്, നിയമ സഹായം ഉറപ്പു വരുത്തുകയുമാണ് സ്വസ്ഥം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ റിട്ട. അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ (വനിതകൾ മാത്രം) തുടങ്ങിയവരുടെ വളണ്ടിയർ സേവനം പ്രയോജനപ്പെടുത്തിയാണ് പ്രവർത്തിക്കുക.

(പടം)

അപേക്ഷ ക്ഷണിച്ചു
 
കണ്ണൂർ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ് ആന്റ് ക്വാളിറ്റി കൺട്രോൾ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ്ടു, ഐ ടി ഐ, വി എച്ച് എസ് ഇ, ഡിപ്ലോമ, ഡിഗ്രി, ബി ടെക്ക് കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.  ഫോൺ: 8281723705.

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് 12ന്

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ സിറ്റിങ് കണ്ണൂർ, കാസർകോട് ജില്ലകൾക്കായി ജനുവരി 12ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടത്തും. കോവിഡ്-19 പ്രോട്ടോക്കോൾ അനുസരിച്ച് 50 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.  ഒക്ടോബർ 30ന് മുമ്പ് നിവേദനം നൽകിയവർക്ക് രാവിലെ 10.30 മുതൽ ഉച്ചക്ക് 2.30 വരെയുള്ള സമയത്ത് തെളിവുകൾ ഹാജരാക്കാം. പുതുതായി ഹാജരാകാൻ 0484 2993148 ൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കായിരിക്കും പ്രവേശനം.  

ടെണ്ടർ ക്ഷണിച്ചു
അഴീക്കൽ തുറമുഖ വാർഫിലുള്ള രണ്ട് ബണ്ടുകളിൽ ശേഖരിച്ച ഡ്രെഡ്ജ് മെറ്റീരിയൽ നീക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ജനുവരി 15ന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ: 0497 2771413.

date