Skip to main content

രാജ്യസഭാ കാലാവധിയും 13 കോടിയുടെ  ഫണ്ട് വിനിയോഗവും പൂര്‍ത്തിയാക്കി:  ജോയ് എബ്രഹാം എം.പി

 

പതിമൂന്ന് കോടിയില്‍ പരം രൂപയുടെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജോയ് ഏബ്രഹാം എം.പി രാജ്യസഭാംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 285 സ്‌കീമുകള്‍ നടപ്പാക്കിയ അദ്ദേഹത്തിന്റെ കാലാവധി ജൂണ്‍ 30 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ എം.പി ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് അവലോകനം നടത്തി. രണ്ടായിരത്തി പന്ത്രണ്ട് അവസാനത്തോടെയാണ് ജോയ് ഏബ്രഹാം   രാജ്യസഭംഗമാകുന്നത്. 2012-13 ല്‍ 243.44 ലക്ഷം രൂപയുടെ 51 സ്‌കീമുകള്‍ നടപ്പാക്കി. 2013-14 ല്‍ 564.65 ലക്ഷം രൂപയുടെ 128 സ്‌കീമുകളും, 2014-15 ല്‍ 356.46 ലക്ഷം രൂപയുടെ 75 സ്‌കീമുകളും 2015-16 ല്‍ 137.43 ലക്ഷം രൂപയുടെ 31 സ്‌കീമുകളുമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. പട്ടികജാതി വിഭാഗത്തില്‍ 85.71 ലക്ഷം രൂപയും പട്ടികവര്‍ഗ്ഗമേഖലയില്‍ 54.29 ലക്ഷം രൂപയുടെ പദ്ധതികളുമാണ് നടപ്പാക്കിയിട്ടുള്ളത്. തലപ്പലം ഗ്രാമപഞ്ചായത്തില്‍  കോരമല തോടിനു കുറുകെ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം, മേലുകാവ് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരം കവല കുടിവെള്ള പദ്ധതി, പൂഞ്ഞാര്‍ തെക്കേക്കരയില്‍ മീനച്ചിലാറിനു കുറുകെയുള്ള ആര്യത്തിനാല്‍ ഫുട്ട്ബ്രിഡ്ജിന്റെ വീതി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈരാറ്റുപേട്ട ബ്ലോക്കില്‍ പുരോഗമിക്കുകയാണ്. ളാലം ബ്ലോക്കില്‍ മൂന്നും ഉഴവൂര്‍, കാഞ്ഞിരപ്പള്ളി, പാമ്പാടി ബ്ലോക്കുകളില്‍ ഒന്നും വീതം സ്‌കീമുകള്‍ പൂര്‍ത്തിയായി വരുകയാണ്.  ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനിയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കീമുകളുടെ പൂര്‍ത്തീകരണം 18 മാസത്തിനകം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ്.പി.മാത്യു പദ്ധതി പുരോഗതി അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

                                                    (കെ.ഐ.ഒ.പി.ആര്‍-1311/18)

 

date