Skip to main content

കലക്‌ടേഴ്‌സ് അറ്റ് സ്‌കൂള്‍-തളിപ്പറമ്പ് നിയോജക മണ്ഡലം ഉദ്ഘാടനം

പാഴ്‌സ്തുക്കള്‍ തരംതിരിച്ച് ശേഖരിച്ച് ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കുന്നതിന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പങ്ക് വളരെ വലുതാണെന്നും  ശുചിത്വ മിഷന്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന കലക്‌ടേഴ്‌സ് അറ്റ്് സ്‌കൂള്‍ പദ്ധതി വിദ്യാര്‍ഥികളിലും വിദ്യാര്‍ഥികളിലൂടെ രക്ഷിതാക്കളിലും ശുചിത്വ ശീലം വളര്‍ത്തിയെടുക്കുന്നതിന് ഉപകാരപ്രദമാകുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കലക്‌ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്‍ തയ്യാറാക്കിയ 'എന്റെ പരിസരങ്ങളില്‍' എന്ന ഹ്രസ്വ ചിത്രം പ്രദര്‍ശനത്തിന്റെ  തളിപ്പറമ്പ് നിയോജക മണ്ഡലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ കലക്‌ടേഴ്‌സ് അറ്റ് സ്‌കൂള്‍ പോസ്റ്റര്‍ പ്രകാശനവും  സി എച്ച് കമ്മാരന്‍ സ്മാരക മൊറാഴ സെന്‍ട്രല്‍ എ യു പി സ്‌കൂളില്‍ മന്ത്രി നിര്‍വ്വഹിച്ചു.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ ക്യാമ്പയിനിന്റെ  ഭാഗമായി ബിന്നുകള്‍ സ്ഥാപിച്ച്   തരം തിരിച്ച് അജൈവ വസ്തുക്കള്‍ ഈ ബിന്നുകള്‍വഴി ശേഖരിച്ച് മാലിന്യ സംസ്‌കരണത്തിന്റെ തരംതിരിവിന്റെ പ്രാധാന്യത്തെ പറ്റി വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കടലാസ്, പെറ്റ് ബോട്ടില്‍, പാല്‍ കവര്‍, ഹാര്‍ഡ് ബോട്ടില്‍ എന്നിങ്ങനെ നാലുതരം അജൈവ വസ്തുക്കളാണ് ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂളുകളില്‍ നിന്നും  ശേഖരിക്കുന്നത്. ശേഖരിക്കപ്പെടുന്ന അജൈവ വസ്തുക്കള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഹരിതകര്‍മസേന നിശ്ചിത ഇടവേളകളില്‍ സ്‌കൂളുകളില്‍ നിന്നും പുനചംക്രമണത്തിനായി ശേഖരിക്കും. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആന്റ് അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍  പി എം രാജീവ് പദ്ധതി വിശദീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി സതീദേവി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ഉണ്ണികൃഷ്ണന്‍, ജില്ലാ ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍  സുജന, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നസ്രി തുടങ്ങിയവര്‍  പങ്കെടുത്തു.

date