Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 15-01-2022

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഡയറക്ടർ നിയമനം

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (ഐഐഎംഎസ്) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, എംബിബിഎസും, മെഡിക്കൽ പിജിയുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളേജ് അധ്യാപന പരിചയമുള്ളവർ, ഗവ. സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളതും എംബിബിഎസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് വിദഗ്ധർ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷ ക്ഷണിച്ചു.  നിശ്ചിത യോഗ്യതയുള്ളവർ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾ www.gmcpalakkad.in ൽ ലഭിക്കും.

മണ്ണെണ്ണ പെർമിറ്റ്: സംയുക്ത പരിശോധന മാറ്റി

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായി ഫിഷറീസ്, മത്സ്യഫെഡ്, സിവിൽ സപ്ലൈസ് എന്നീ വകുപ്പുകൾ ജനുവരി 16ന് സംയുക്തമായി നടത്താൻ നിശ്ചയിച്ചിരുന്ന ഏകദിന പരിശോധന കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സമുദ്ര മത്സ്യഗ്രാമങ്ങളിൽ സാഗർമിത്ര; അപേക്ഷ ക്ഷണിച്ചു
 

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ കീഴിൽ  ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗർമിത്ര പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് സാഗർമിത്രകളെ നിയമിക്കുന്നു.  പ്രതിമാസം 15,000 രൂപ ഇൻസെന്റീവ് ലഭിക്കും. ഫിഷറീസ് സയൻസ്/മറൈൻ ബയോളജി/സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദമാണ് യോഗ്യത. അപേക്ഷകർ ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളിൽ ഫലപ്രദമായി ആശയവിനിമയം നടത്താൻ പ്രാഗൽഭ്യമുളളവരും, വിവരസാങ്കേതിക വിദ്യയിൽ പരിജ്ഞാനമുളളവരും 35 വയസ് കവിയാത്തവരും മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വസിക്കുന്നവരുമായിരിക്കണം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസിലും, മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 24നകം ജില്ലാ ഓഫീസിൽ സമർപ്പിക്കണം.ഫോൺ: 0497 2731081.

തപാൽ വകുപ്പിൽ ഇൻഷൂറൻസ് ഏജന്റ്: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ പോസ്റ്റൽ പരിധിയിൽപെട്ട വിവിധ പഞ്ചായത്തുകളിൽ തപാൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണതപാൽ ലൈഫ് ഇൻഷൂറൻസ് പോളിസികളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 നും 50 നും ഇടയിൽ.
പഞ്ചായത്ത് തലത്തിലാണ് നിയമനം. എങ്കിലും ഡിവിഷന്റെ പരിധിയിൽപെട്ട മറ്റു സ്ഥലങ്ങളിലും പ്രവർത്തിക്കുന്നതിനുള്ള അനുമതി ഉണ്ടായിരിക്കും. അപേക്ഷകർ പേര്, വയസ്സ്, യോഗ്യത, വിലാസം, മൊബൈൽ നമ്പർ എന്നിവ സഹിതം എഴുതി തയ്യാറാക്കിയ അപേക്ഷ രേഖകളുടെ പകർപ്പ് സഹിതം സൂപ്രണ്ട് ഒാഫ് പോസ്‌റ്റോഫീസസ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ 670001 എന്ന വിലാസത്തിൽ ജനുവരി 20നകം ലഭിക്കണം. ഫോൺ: 9446375330.

നാളെ വൈദ്യുതി മുടങ്ങും (ജനുവരി 17)

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ തങ്ങൾ റോഡ്, കായച്ചിറ, പടപ്പറോഡ്, കൊളച്ചേരിപറമ്പ് കനാൽ, എ പി സ്റ്റോർ പള്ളിപ്പറമ്പ്, പള്ളിപ്പറമ്പ്, കാവുംചാൽ, കോടിപൊയിൽ, കൊളച്ചേരിപറമ്പ് നാല്‌സെന്റ്, സദ്ദാംമുക്ക്, മുബാറക് റോഡ്, ആലുംകുണ്ട്, ചേലേരിമുക്ക്, ചേലേരിസ്‌കൂൾ, ചേലേരി അമ്പലം, ഈശാനമംഗലം, കാര്യാപ് സ്‌കൂൾ, കയ്യങ്കോട്, കേളൻമുക്ക്, കൊളച്ചേരിപറമ്പ്, മുണ്ടേരികടവ് റോഡ്, നൂഞ്ഞേരി, വൈദ്യർകണ്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ജനുവരി 17 തിങ്കൾ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒമ്പത്, 10 ക്ലാസ്സുകളിലെ വിദ്യാർഥികൾക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതി 2021-22 വർഷം മുതൽ എൻഐസിയുടെ ഇബിടി സൈറ്റിൽ നിന്നും മാറ്റി വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ്ണ പോർട്ടലിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഇ-ഗ്രാന്റ്‌സ് 3.0 വഴി നടപ്പാക്കുന്നതിന് ഉത്തരവായിട്ടുണ്ട്.  അർഹതയുള്ള വിദ്യാർഥികൾ സ്ഥാപന മേധാവികൾക്ക് ജനുവരി 31നകം അപേക്ഷ സമർപ്പിക്കുക. സ്ഥാപന മേധാവികൾ ഇത് പരിശോധിച്ച് ജനുവരി 31 നകം ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് കൈമാറണം.

വൈദ്യുതി മുടങ്ങും

തലശ്ശേരി സൗത്ത്  ഇലക്ട്രിക്കൽ സെക്ഷനിലെ എരങ്ങോളി പാലം, ബ്രൈറ്റ്, കെടിപി മുക്ക്, ഗ്രീൻ ആപ്പിൾ, എൽഐസി, മുക്കം, ചിറക്കര, എന്നീ ഭാഗങ്ങളിൽ ജനുവരി 16 ഞായർ രാവിലെ 10 മുതൽ 12 മണി വരെയും കീഴന്തിമുക്ക്, പി എം സ്റ്റോർ, എൻ കെ റോഡ്, ക്രൈസ്റ്റ് കോളേജ്, ടൗൺ ബാങ്ക്, ബഡായക്കണ്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 12 മുതൽ മുതൽ വൈകിട്ട് ആറു മണി വരെയും വൈദ്യുതി മുടങ്ങും.

വാക്ക് ഇൻ ഇന്റർവ്യൂ 19ന്

പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 19ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്തിൽ നടത്തും.  യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാല അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ.  പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ.  പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും.  യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

ടെണ്ടർ ക്ഷണിച്ചു

കൂത്തുപറമ്പ് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴിലെ 95 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 28ന് രാവിലെ 11.30 വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 04902 463442.

വിചാരണ മാറ്റി

കലക്ടറേറ്റിൽ ജനുവരി 19ന് നടത്താനിരുന്ന  പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ  ദേവസ്വം പട്ടയങ്ങളുടെ വിചാരണ മാർച്ച് 17 ലേക്ക് മാറ്റിയതായി ആർ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

വിദ്യാർഥികളിൽ ശുചിത്വ ശീലം വളർത്തിയെടുക്കണം-
 ടി ഐ മധുസൂദനൻ

വിദ്യാർഥികളിൽ ശുചിത്വ ശീലം വളർത്തിയെടുക്കണമെന്ന് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ. ശുചിത്വ മിഷന്റെ കലക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായുള്ള ബിന്നുകൾ ഉപയോഗപ്പെടുത്തി അജൈവ മാലിന്യം തരം തിരിവ് ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വമിഷൻ തയ്യാറാക്കിയ 'എന്റെ പരിസരങ്ങളിൽ' എന്ന ഹ്രസ്വചിത്ര പ്രദർശനത്തിന്റെ പയ്യന്നൂർ മണ്ഡലതല ഉദ്ഘാടനവും ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ പോസ്റ്റർ പ്രകാശനവും പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂർ ബ്ലോക്ക് എക്‌സ്റ്റൻഷൻ ഓഫീസർ രജിത പദ്ധതി വിശദീകരിച്ചു. വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, വാർഡ് കൗൺസിലർ എം പ്രസാദ്, പ്രിൻസിപ്പൽ പി വി വിനോദ് കുമാർ, ഹെഡ് മാസ്റ്റർ സി കെ അംഗജൻ, കെ കമലാക്ഷൻ, ജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

കൊവിഡ് ഹെൽപ്‌ലൈൻ

കൊവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ജില്ലാ ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക് വിളിക്കാം.  ഫോൺ: 0497 2700194.

കാർഷിക യന്ത്രങ്ങൾ അനുവദിച്ചുതുടങ്ങി

നടപ്പു സാമ്പത്തിക വർഷം എസ്എംഎഎം പദ്ധതിയിലൂടെ അപേക്ഷിച്ചവർക്ക് കാർഷിക യന്ത്രങ്ങൾ അനുവദിച്ചു തുട ങ്ങി. പാസ്സായാൽ 15 ദിവസത്തിനകം ഡീലറെ തെഞ്ഞെടുത്തില്ലെങ്കിൽ അപേക്ഷ റദ്ദാക്കപ്പെടുകയും അപേക്ഷകരിൽ തൊട്ടുപിറകിലുളളയാൾക്ക് അവസരം ലഭിക്കുകയും ചെയ്യും. പുതുതായി 1776 പേർക്ക് അനുമതി ലഭിച്ചിട്ടുണ്ട്.  അവർ അടിയന്തിരമായി ഡീലറെ തെരെഞ്ഞെടുത്ത് യന്ത്രങ്ങൾ വാങ്ങിക്കുന്നതിനുളള നടപടിസ്വീകരിക്കണമെന്ന് അസിസ്റ്റന്റ്എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) അറിയിച്ചു

date