പിഎംഇജിപി ജില്ലാതല ബോധവത്കരണ സെമിനാർ നടത്തി
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി (പിഎംഇജിപി) ജില്ലാതല ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ കൂലിക്ക് പണിയെടുക്കുന്ന ഖാദി തൊഴിലാളികളെ പ്രോത്സാഹിപ്പിക്കാനും ഖാദി മേഖലയിൽ ഉണർവുണ്ടാക്കി സമൂഹത്തിലെ താഴെ തട്ടിലുള്ള ആളുകളെ സഹായിക്കാനും ഇത്തരം പദ്ധതികളിലൂടെ കഴിയുമെന്ന് പി ജയരാജൻ പറഞ്ഞു. നാട്ടറിവുകൾ പ്രയോജനപ്പെടുത്തി ജനങ്ങൾക്ക് സ്വീകാര്യമാകുന്ന ഉൽപ്പന്നങ്ങൾ നിർമ്മിച്ച് എതിർപ്പുകളെ അവഗണിച്ച് മുന്നോട്ടു പോകാം. അതിന്റെ ആദ്യ പടിയാണ് ഈ ക്ലാസെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു.
2008-09 മുതൽ എം.എസ്.എം.ഇ മന്ത്രാലയം ആവിഷ്‌ക്കരിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും ഖാദി ഗ്രാമ വ്യവസായ കമ്മീഷനും ജില്ലാ വ്യവസായ കേന്ദ്രവും 2017-18 മുതൽ കയർ ബോർഡും സംയുക്തമായി നടപ്പിലാക്കി വരുന്ന കേന്ദ്ര തൊഴിൽദായക പദ്ധതിയാണ് പിഎംഇജിപി. ഗ്രാമീണ മേഖലയിൽ ആരംഭിക്കാവുന്നതും 25 ലക്ഷം വരെ പദ്ധതി ചെലവ് വരുന്നതുമായ വ്യവസായ സംരംഭങ്ങൾക്ക് മൊത്തം പദ്ധതി ചെലവിന്റെ 25-35 % സബ്‌സിഡി അനുവദിക്കും. ഉത്പാദന മേഖലയിൽ 25 ലക്ഷവും സേവന മേഖലയിൽ 10 ലക്ഷവും ആണ് പദ്ധതി ചെലവിന്റെ പരിധി. ബാങ്കിൽനിന്നും ലഭിക്കുന്ന വായ്പയുടെ അടിസ്ഥാനത്തിലാണ് സബ്‌സിഡി അനുവദിക്കുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, വികലാംഗർ, വിമുക്തഭടൻമാർ തുടങ്ങിയ വിഭാഗങ്ങൾക്ക് മുൻഗണന നൽകും. ഇതിനായി പൊതുമേഖലാ ബാങ്കുകളിൽ നിന്നും വായ്പകൾ ലഭിക്കും.
കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഡയറക്ടർ കെ വി ഗിരീഷ് കുമാർ, കണ്ണൂർ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ എൻ എൻ ശ്യാം എന്നിവർ ക്ലാസെടുത്തു. കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ എ രതീഷ്, പ്രോജക്ട് ഓഫീസർ ഐ കെ അജിത് കുമാർ, കണ്ണൂർ ജില്ലാ ലീഡ് ബാങ്ക് മാനേജർ ഫ്രോണി ജോൺ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി ഒ ഗംഗാധരൻ, കണ്ണൂർ ആർസെറ്റി ഡയറക്ടർ കെ പി അരുൺ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അസിസ്റ്റന്റ് ഡയറക്ടർ പി സഞ്ജീവ് എന്നിവർ സംസാരിച്ചു.
- Log in to post comments