കണ്ണൂര്‍ അറിയിപ്പുകള്‍ 14-01-2022
വയനാട്ടിലേക്ക് ഉല്ലാസയാത്രാ സർവീസുമായി കെഎസ്ആർടിസി
ജനുവരി 23 മുതൽ കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ വയനാട്ടിലേക്ക് എല്ലാ ഞായറാഴ്ചകളിലും ഒഴിവുദിനങ്ങളിലും ഉല്ലാസയാത്രാ സർവീസ് നടത്തുന്നു. രാവിലെ ആറ് മണിക്ക് കണ്ണൂരിൽനിന്ന് യാത്ര ആരംഭിച്ച് രാത്രി 10 മണിയോടെ തിരിച്ചെത്തുന്ന വിധമാണ് സർവീസ്. വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളായ ബാണാസുര സാഗർ അണക്കെട്ട്, ടീ മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിൻറ് എന്നിവയാണ് സന്ദർശിക്കുക. നാല് നേരത്തെ ഭക്ഷണം, പ്രവേശന ഫീസ് എന്നിവയുൾപ്പെടെ 1,000 രൂപയാണ് ചാർജ്. ഫോൺ: 9526863675, 9744852870, 9496131288, 9744262555, 9048298740.
സ്വയം തൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതിക്കാർക്കായി നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴിൽ സ്വയംതൊഴിൽ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. ആറ് ശതമാനം പലിശ നിരക്കിൽ 60 തുല്യ മാസ ഗഡുക്കളായി തുക തിരിച്ചടക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 0497-2705036, 9446958777.
'സമം' ഏകദിന ചിത്രകലാ ക്യാമ്പ്
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'സമം - സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം' പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമിയും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും ചേർന്ന് ജനുവരി 15 ശനിയാഴ്ച കണ്ണൂർ പുസ്തകോത്സവ നഗരിയിൽ ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ദസ്തയേവ്‌സ്‌കിയുടെ 200-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് 'ദസ്തയേവ്‌സ്‌കി കലയും ജീവിതവും' എന്ന വിഷയത്തിൽ 15 കലാകൃത്തുക്കൾ ചിത്രരചന നിർവ്വഹിക്കും. സി.എൻ അരുൺ കുമാർ, ടിവി ലീജ, കെ അനേഷ്, എം സമു, കെ ഇ സ്മിത, സി കെ സുഹൈമ, പി സിനു ബാബു, വി മല്ലിക, ദേവദാസ് പെരിയെ, അഭിനവ് പ്രസന്നൻ, എൻവി രമ്യ, ടി അശ്വതി, ലിജിന എടക്കാട്, കെ വി ചോകില, മെഹറൂഫ് പിലാത്തറ എന്നീ കലാകൃത്തുക്കൾ പങ്കെടുക്കും.
ജില്ലാ മാനസികാരോഗ്യം പദ്ധതി: ഒഴിവുകൾ
ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യം പദ്ധതിയിലേക്ക് ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ-യോഗ്യത: ബികോം, പിജിഡിസിഎ. സ്റ്റാഫ് നഴ്‌സ്: യോഗ്യത-ബിഎസ്‌സി നഴ്‌സിങ്/ജനറൽ നഴ്‌സിങ്. രണ്ട് തസ്തികകളിലേക്കും മുൻപരിചയം അഭികാമ്യം.
ജനുവരി 21ന് വൈകീട്ട് മൂന്ന് മണിക്കകം നോഡൽ ഓഫീസർ, ജില്ലാ മാനസികാരോഗ്യ പദ്ധതി, റൂം നമ്പർ 115, ജില്ലാ ആശുപത്രി കണ്ണൂർ എന്ന വിലാസത്തിലോ dmhpkannur@gmail.com എന്ന ഇ മെയിലിലോ അപേക്ഷ സമർപ്പിക്കണം.
റോഡുസുരക്ഷാമാസാചരണം: ഓൺലൈൻ മത്സരങ്ങൾ
ദേശിയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെ റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ-കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി റോഡ് സുരക്ഷയെ ആസ്പദമാക്കി പെയിന്റിംഗ്, കഥയെഴുത്ത്, കവിതയെഴുത്ത്, ഉപന്യാസ രചന, വെർച്വൽ ക്വിസ്, മുദ്രാവാക്യം ഉണ്ടാക്കൽ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർക്ക് ജനുവരി 13 മുതൽ ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാം. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും നൽകും. കൂടുതൽ വിവരങ്ങൾക്കായി www.natpac.kerala.gov.in സന്ദർശിക്കുക.
കാള ലേലം
കണ്ണൂർ സെൻട്രൽ ജയിൽ ഡയറിഫാമിലെ ഒരു വയസ്സിലധികം പ്രായമുള്ള കാളകളെ ജനുവരി 27ന് രാവിലെ 11 മണിക്ക് ജയിൽ പരിസരത്ത് ലേലം ചെയ്യും. ഫോൺ: 0497 2747180
വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പൊന്നച്ചേരി, ആലക്കാട് ചെറിയ പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 15 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഹോസ്പിറ്റൽ ജംഗ്ഷൻ, കാര റോഡിൽ ഭജനമഠം വരെയും, ഗാന്ധി പാർക്ക് റോഡ്, മുത്തപ്പൻ മീപ്പുര റോഡ്, മെയിൻ റോഡിൽ മിന ബസാർ മുതൽ സെൻറ് മേരിസ് സ്‌കൂൾ പരിസരം എന്നീ ഭാഗങ്ങളിൽ ജനുവരി 15 ശനി രാവിലെ 7.30 മുതൽ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കിഴുത്തള്ളി, ചാലക്കുന്നു ഗുരുമഠം, പിവിഎസ് അപ്പാർട്ട്‌മെന്റ്, എലീന അപാർട്ട്‌മെന്റ്, മിസ്റ്റി വില്ല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 15 ശനി രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ തണ്ടനാട്ടുപോയിൽ, കണ്ണങ്കൈ കോളനി, സോഫടെക്സ്, പൂവത്തിൻകാട്, വെളിച്ചംതോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 15 ശനി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിൻ; വിദ്യാർഥികൾക്ക് മത്സരങ്ങൾ
പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാമ്പയിനിന്റെ സന്ദേശം പ്രചരിപ്പിക്കാൻ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി മൽസരങ്ങൾ നടത്തുന്നു. വിജയികൾക്ക് സാക്ഷ്യപത്രവും അഭയം വെൽഫെയർ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന സമ്മാനങ്ങളും ലഭിക്കും. ഹൈസ്‌കൂൾ/ഹയർ സെക്കണ്ടറി/ബിരുദ വിദ്യാർഥികൾക്ക് കവിതാരചന, വിഷയം: എന്റെ സ്വപ്ന ഗ്രാമം, ഹൈസ്‌കൂൾ വിഭാഗം പ്രബന്ധ രചനക്ക് ഹരിത വിദ്യാലയം എന്റെ സങ്കൽപത്തിൽ, ഹയർ സെക്കണ്ടറി വിഭാഗം-മാലിന്യ സംസ്‌കരണം-സംസ്‌കാരത്തിന്റെ പുതുമുഖം, ബിരുദ വിഭാഗം-ബദൽ മാർഗങ്ങൾ തേടുമ്പോൾ. പൊതുജനങ്ങൾക്കുള്ള മുദ്രാവാക്യ രചനാ മൽസരത്തിന് പ്രകൃതിയെ പിണക്കാതെ മനുഷ്യനാവുക എന്നതാണ് വിഷയം.
വിദ്യാർഥികൾ രചനക്കൊപ്പം പഠിക്കുന്ന വിദ്യാലയത്തിന്റെ അധികാരിയിൽ നിന്നുള്ള സാക്ഷ്യപത്രം കൂടി ഹാജരാക്കണം. രചനകൾ ജനവരി 22ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ മിഷൻ കോ ഓഡിനേറ്റർ, ഹരിത കേരളം മിഷൻ, ജില്ലാ ആസൂത്രണ സമിതി സെക്രട്ടരിയറ്റ് മന്ദിരം, സിവിൽ സ്റ്റേഷൻ പി ഒ, കണ്ണൂർ 670002 എന്ന വിലാസത്തിൽ ലഭിക്കണം.
അപേക്ഷ ക്ഷണിച്ചു
ഐ ടി വകപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റിന്റെ ജില്ലയിലെ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഒഫീസ് ഒാട്ടോമേഷൻ, ഡിപ്ലോമ ഇൻ ഡിടിപി, ഡാറ്റ എൻട്രി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംങ്ങ്, എംഎസ് ഓഫീസ്, ടാലി എന്നീ കോഴ്‌സുകൾക്ക് എസ്എസ്എൽസി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്‌സി, എസ്ടി, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾ സി-ഡിറ്റ് കമ്പ്യൂട്ടർ പഠനകേന്ദ്രം ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശം മേലെ ചൊവ്വ എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 9947763222.
യോഗ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. യോഗ ദർശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠനം. ആറുമാസത്തെ പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാ ഫോറവും വിശദാംശങ്ങളും താവക്കരയിലുള്ള അംഗീകൃത പഠനകേന്ദ്രമായ പ്യൂപ്പിൾസ് ലോ ഫൗണ്ടേഷൻ ഓഫീസിൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20. വിലാസം: സെന്റർ കോ ഓർഡിനേറ്റർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, പ്യൂപ്പിൾസ് ലോ ഫൗണ്ടേഷൻ, സെൻട്രൽ പോയിന്റ്‌സ് ബിൽഡിങ്, താവക്കര, കണ്ണൂർ 2. വെബ്‌സൈറ്റ്: www.src.kerala.gov.in/ www.srccc.in. ഫോൺ: 0497 2765655, 7994846530, 9895214345.
ഭരണാനുമതി ലഭിച്ചു
കൂത്തുപറമ്പ് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 7.5 ലക്ഷം രൂപ വിനിയോഗിച്ച് കോട്ടയം ഗ്രാമപഞ്ചായത്തിലെ തൃക്കൈക്കുന്ന് ക്ഷേത്ര പരിസരത്ത് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
- Log in to post comments