Skip to main content

സിൽവർ ലൈൻ  പദ്ധതി ആവിഷ്‌ക്കരിച്ചത് കൃത്യമായ പഠനങ്ങൾക്കു ശേഷമെന്ന് എംഡി

ആശങ്കകളും സംശയങ്ങളും ദൂരീകരിച്ച് ജനസമക്ഷം സിൽവർ ലൈൻ പരിപാടി

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്ന എല്ലാ ആശങ്കകളും സംശയങ്ങളും തീർത്ത് ജനസമക്ഷം സിൽവർ ലൈൻ വിശദീകരണ യോഗം. പദ്ധതിയെക്കുറിച്ച് ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടുള്ള സംശയങ്ങൾക്കൊപ്പം പരിപാടിയിൽ ഉയർന്നു വന്ന സന്ദേഹങ്ങൾക്കും കെ റെയിൽ മാനേജിംഗ് ഡയറക്ടർ വി അജിത് കുമാർ കൃത്യവും വ്യക്തവുമായ മറുപടി നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന പല ആശങ്കകളും ജനസമക്ഷം പരിപാടിയിൽ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററുടെയും എംഡിയുടെയും വിശദീകരണങ്ങളോടെ മാറിയതായി പരിപാടിക്കു ശേഷം സംസാരിച്ചവർ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വികസനത്തിന് ഗതിവേഗം നൽകുന്ന സിൽവർ ലൈൻ പദ്ധതിക്ക് എല്ലാ പിന്തുണയും യോഗത്തിൽ അവർ വാഗ്ദാനം ചെയ്തു.
സിൽവർലൈൻ പോലുള്ള പദ്ധതികളുടെ കാര്യത്തിൽ രാജ്യത്തെ 10 സംസ്ഥാനങ്ങൾ റെയിൽവേ മന്ത്രാലയവുമായി ഇതിനകം ധാരണാപത്രത്തിൽ ഒപ്പുവച്ചതായി എംഡി പറഞ്ഞു. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. കേരളത്തിലെ ട്രെയിനുകളുടെ ശരാശരി വേഗത 45 കിലോമീറ്ററാണ്. 10-12 മണിക്കൂറെടുത്താണ് അവ കാസർക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്നത്. സിൽവർ ലൈൻ യാഥാർഥ്യമാവുന്നതോടെ യാത്രാ സമയം നാലു മണിക്കൂറായി ചുരുങ്ങും.
576 കിലോമീറ്റർ വരുന്ന നിലവിലെ റെയിൽവേ പാതയിൽ 36 ശതമാനവും കൊടും വളവുകയാണ്. ഇതിലൂടെ കൂടുതൽ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ കഴിയില്ല. 626 ഇടങ്ങളിലെ വളവുകൾ തീർക്കണമെങ്കിൽ ഏകദേശം കെ റെയിൽ പദ്ധതിക്കായി വേണ്ടിവരുന്ന അത്ര തന്നെ ഭൂമി ഏറ്റെടുക്കേണ്ടതായി വരും. റെയിൽവേ സർവീസ് ഭാഗികമായി നിർത്തിവച്ച് വളവുകൾ നിവർത്താൻ ശ്രമിച്ചാലും അത് പൂർത്തിയാവണമെങ്കിൽ വർഷങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈസ്പീഡ് പാത നിർമിക്കാൻ സിൽവർ ലൈനിനു വേണ്ടതിനേക്കാൾ ഇരട്ടി ചെലവ് വേണ്ടിവരുമെന്നു മാത്രമല്ല, ടിക്കറ്റ് നിരക്കും വർധിക്കും.
നിലവിൽ 1.3 കോടിയിലേറെ വാഹനങ്ങളാണ് കേരളത്തിലുള്ളത്. ഓരോ വർഷവും 11 ശതമാനമാണ് വാഹനങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന വളർച്ച. ഈ വർധനവ് താങ്ങാൻ നമ്മുടെ റോഡുകൾക്ക് ശേഷിയില്ല. ദേശീയപാത വികസനം പൂർത്തിയായാലും വാഹനപ്പെരുപ്പം നിലവിലെ രീതിയിൽ തുടർന്നാൽ 10 വർഷം കൊണ്ട് ഗതാഗതക്കുരുക്ക് ഇന്നത്തേതിനേക്കാൾ കൂടുതൽ രൂക്ഷമാകുമെന്നും എംഡി അറിയിച്ചു. പ്രതിവർഷം 40,000ത്തിലേറെ വാഹനാപകടങ്ങളിലായി 4000ത്തിലേറെ പേരാണ് കേരളത്തിൽ മരണപ്പെടുന്നത്. കെറെയിൽ വരുന്നതോടെ യാത്രാവാഹനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. പരിസ്ഥിതിയെ അപകടപ്പെടുത്തുന്ന കാർബൺ വാതകത്തിന്റെ അളവ് വലിയ തോതിൽ കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂരിൽ നിന്ന് 35 മിനുട്ടിൽ കാസർകോട്ടും 39 മിനുട്ടിൽ കോഴിക്കോട്ടും ഒരു മണിക്കൂർ 23 മിനുട്ടിൽ തൃശൂരിലും ഒരു മണിക്കൂർ 56 മിനുട്ടിൽ എറണാകുളത്തും മൂന്നു മണിക്കൂർ 19 മിനുട്ടിൽ തിരുവനന്തപുരത്തും എത്താൻ സിൽവർ ലൈൻ പദ്ധതിയിലൂടെ സാധിക്കും. രണ്ട് ലൈനുകളിലൂടെ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും തിരിച്ചും മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ 37 ട്രെയിനുകളാണ് സർവീസ് നടത്തുക. ആകെ 11 സ്റ്റോപ്പുകളാണ് ഉണ്ടാവുക. തിരക്കേറിയ സമയങ്ങളിൽ 20 മിനുട്ട് ഇടവിട്ട് ട്രെയിനുകൾ സർവീസ് നടത്തും. രാത്രികാലങ്ങളിലും പകൽ തിരക്കു കുറഞ്ഞ സമയത്തുമാണ് ചരക്ക് ലോറികളുമായുള്ള റോ റോ സർവീസുകൾ നടത്തുക. പദ്ധതിയിൽ നിക്ഷേപമിറക്കാൻ കേരളത്തിലെ നിക്ഷേപകർക്കും അവസരമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേ പദ്ധതികൾക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നാണ് ചട്ടമെങ്കിലും സിൽവർ ലൈൻ പദ്ധതിക്കായി അത് നടപ്പാക്കിയിട്ടുണ്ട്. പരിസ്ഥിതി ആഘാതം പരമാവധി കുറച്ചാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദേശീയപാതയ്ക്ക് 60 മീറ്റർ വരെ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്ന സ്ഥാനത്ത് കെ റെയിലിന് വേണ്ടി 15 മീറ്റർ മുതൽ 25 മീറ്റർ വരെ വീതിയിൽ മാത്രമാണ് ഭൂമി ഏറ്റെടുക്കുന്നത്. പാത കടന്നു പോകുന്ന 530 കിലോമീറ്ററിൽ 137 കിലോമീറ്റർ ആകാശപാതയോ തുരങ്കങ്ങളോ ആണ്. നിലവിലെ എല്ലാ റോഡുകളും വഴികളും അതേപോലെ നിലനിർത്തും. ഇവയില്ലാത്ത ഇടങ്ങളിൽ ഓരോ 500 മീറ്ററിലും പാത മുറിച്ചുകടക്കാൻ വഴിയൊരുക്കും. അതിനാൽ കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയാണ് ഇതെന്ന വാദം ശരിയല്ല. കേരളത്തിൽ പാർശ്വഭിത്തിക്കു പകരം വേലി മാത്രമാണ് നിർമിക്കുകയെന്നും സദസ്സിൽ നിന്നുള്ള ചോദ്യത്തിന് മറുപടിയായി എംഡി പറഞ്ഞു.
സിൽലൈൻ പാതയോട് ചേർന്ന് 10 മീറ്റർ വീതിയിൽ മാത്രമാണ് ബഫർ സോണായി കണക്കാക്കുക. ഇതിൽ ലൈനിനോട് ചേർന്നുള്ള അഞ്ച് മീറ്റർ സുരക്ഷാ മേഖലയായിരിക്കും. ബാക്കി അഞ്ച് മീറ്ററിൽ മുൻകൂർ അനുമതിയോടെ നിർമാണ പ്രവർത്തനങ്ങൾ ആവാം. മാടായിപ്പാറയിലെ നിലവിലെ ജലസ്രോതസ്സുകൾക്ക് ഒരു വിധത്തിലുള്ള കോട്ടവും തട്ടാത്ത രീതിയിലായിരിക്കും ഭൂഗർഭപാത നിർമിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഗുരുതര രോഗികളെ കൊണ്ടുപോവുന്നതിനുള്ള മെഡിക്കൽ സൗകര്യങ്ങളും ട്രെയിനിൽ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
 

date