അയ്മനം ഇനി വിശപ്പുരഹിത പഞ്ചായത്ത്; സംസ്ഥാനത്തിന് മാതൃകയെന്ന് മന്ത്രിയുടെ പ്രശംസ
അയ്മനം ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകപ്പ് മന്ത്രി ഡോ. കെ. ടി ജലീലിന്റെ പ്രശംസ. അയ്മനം സ്വദേശിയായ നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയുടെ സ്മാരകമായി പഞ്ചായത്ത് നിര്‍മ്മിച്ച സാംസ്‌കാരിക നിലയത്തിന്റെയും വിശപ്പ് രഹിത പദ്ധതി ഉള്‍പ്പെടെയുള്ള ഏഴ് വികസന പദ്ധതികളുടെയും ഉദ്ഘാടനം സാംസ്‌ക്കാരിക നിലയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് കാര്യാലയം മികച്ച സേവനം ഉറപ്പു വരുത്തുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള മാതൃകകള്‍ പരിശോധിച്ച് സംസ്ഥാനത്താകെ പഞ്ചാത്തുകളില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കും.
ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞാല്‍ തന്നെ ഏറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുമായും ജനങ്ങള്‍ക്ക് നല്ല സഹകരണമാണ് ഉള്ളത്. എല്ലാ വിഭാഗത്തില്‍ പെട്ടവരുടെയും പ്രതീക്ഷക്ക് അനുസരിച്ച് വളരാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
നാടക നടനും ചലച്ചിത്ര നടനുമായ എന്‍.എന്‍ പിള്ളയുടെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ച സാംസ്‌കാരിക നിലയം, കൃഷിഭവന്റെയും അംഗന്‍വാടിയുടെയും പുതിയ കെട്ടിടം, കുടുംബ ശ്രീ കാന്റീന്‍, വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതി, ഹെല്‍ത്ത് കാര്‍ഡ്, ജീവിത ശൈലി രോഗ നിര്‍ണ്ണയ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ഡിജിറ്റല്‍ (സ്മാര്‍ട്ട്) പഞ്ചായത്തിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു.
അഡ്വ.കെ സുരേഷ് കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു തോമസ്, എഴുത്തുകാരായ അയ്മനം ജോണ്‍, ഔസേപ്പ് ചിറ്റക്കാട്ട്, മികച്ച അംഗനവാടി ടീച്ചര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് സി.എ ഗീത, വിദ്യാര്‍ത്ഥി പ്രതിഭകളായ നേവ ജോമി, അശൈ്വത്, പൊതു പ്രവര്‍ത്തകന്‍ മൂസാക്കുട്ടി എന്നിവരെ ചലച്ചിത്ര താരം വിജയരാഘവന്‍ ചടങ്ങില്‍ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ബിനു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ് സലിം ഗോപാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയേഷ് മോഹന്‍, മഹേഷ് ചന്ദ്രന്‍, പി.സുഗതന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(തുടരും)
- Log in to post comments