Skip to main content

ജില്ലാ വിജിലന്‍സ് സമിതി യോഗം

ജില്ലാതല വിജിലന്‍സ് സമിതി യോഗം ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.  സമിതി കണ്‍വീനര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി എ. രാമചന്ദ്രന്‍, ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുതല മേധാവികള്‍, കമ്മിറ്റി മെമ്പര്‍മാര്‍, അഴിമിതി വിരുദ്ധ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, കലാകായിക സംഘടനകള്‍, ജില്ലയിലെ അകീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവരുടെ സംരക്ഷണത്തിനായി വിവരദാദാക്കളുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും ജനങ്ങളില്‍ അഴിമതി വിരുദ്ധ ബോധം സൃഷ്ടിക്കുന്നതിനും അഴിമതിക്കെതിരെ പരാതിപ്പെടാന്‍ ആവശ്യമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ വിജിലന്‍സ് സമതിയുടെ കൗണ്ടര്‍  തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും ഡിസംബറില്‍ ലോക അഴിമതി വിരുദ്ധ ദിനം താലൂക്കടിസ്ഥാനത്തില്‍ ഏഴ് കേന്ദ്രങ്ങളിലായി പ്രത്യേകം പ്രത്യേകം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് അതിവിപുലമായി ആചരിക്കാനും തീരുമാനമായി. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ ശക്തമായ നടപടികൈകൊള്ളുന്നതുമായി ബന്ധപ്പെട്ട് പൊലീസ്, ജിയോളജി, റവന്യൂ വകുപ്പുകളുടെ പ്രത്യേക യോഗം വിളിക്കുന്നതാണെന്ന് കലക്ടര്‍ പറഞ്ഞു.  സമിതിയില്‍ പ്രൈവറ്റ് ബസ്സുകളുടെ നിയമലംഘനത്തിനെതി വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ എമര്‍ജന്‍സി ഡോറില്ലാതെയും വിദ്യാര്‍ഥികളെ കയറ്റാതെയും വിദ്യാര്‍ഥികള്‍ ബസില്‍ കയറാതിരിക്കാന്‍ ഡോര്‍ സ്റ്റെപ്പ് ഉയര്‍ത്തിയും വിദ്യാര്‍ഥികളെ ബസ്സില്‍ സീറ്റില്‍ ഇരിക്കാന്‍ സമ്മതിക്കാതെയും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെയും റിസര്‍വേഷന്‍ സീറ്റുകള്‍ അര്‍ഹതയുള്ളവര്‍ക്ക് ഇരിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കാതെയും സര്‍വ്വീസ് നടത്തുന്ന ബസ്സ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ആര്‍.ടി.ഒക്കും പൊലീസിനും നിര്‍ദ്ദേശം നല്‍കി.  സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ശരിയാംവണ്ണം നിരീക്ഷിക്കുന്നതിനായി ഡി.ഡി.ഇക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കി.  പൊതുജനങ്ങള്‍ക്ക് ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ അഴിമിതിസംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ മൂന്ന് മാസം കഴിഞ്ഞ് കൂടുന്ന വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ തരാവുന്നതാണെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി അറിയിച്ചു.

 

date