കണ്ണൂര്‍ അറിയിപ്പുകള്‍ 06-02-2022
പിജിഡിസിഎ, ഡിസിഎ കോഴ്‌സുകൾ
സംസ്ഥാന ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റിന്റെ കണ്ണൂർ ജില്ലയിലെ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന പിജിഡിസിഎ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ കോഴ്‌സിന് ബിരുദവും ഡിസിഎ കോഴ്‌സിന് എസ്എസ്എൽസിയുമണ് യോഗ്യത. എസ്‌സി/എസ്ടി, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. ഇതിനുപുറമേ മറ്റു തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിങ്ങ്, അക്കൗണ്ടിങ്ങ്, ഓഫീസ് ഓട്ടോമേഷൻ, ഡാറ്റ എൻട്രി, ടാലി, ഡിടിപി, എംഎസ് ഓഫീസ് എന്നീ കോഴ്‌സുകൾക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് മേലെചൊവ്വ ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശമുള്ള സി-ഡിറ്റ് പഠന കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 9947763222
സർവ്വോദയപക്ഷ ഖാദി വിപണനമേള ജില്ലാതല ഉദ്ഘാടനം എട്ടിന്
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സർവ്വോദയപക്ഷ ഖാദി വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി എട്ട് രാവിലെ 10.30ന് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ എക്‌സൈസ്-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ സാന്നിധ്യം വഹിക്കും. മേളയുടെ ഭാഗമായി ഫെബ്രുവരി ഒമ്പത് മുതൽ 14 വരെ ഖാദി തുണിത്തരങ്ങൾക്ക് 30% വരെ ഗവ. റിബേറ്റ് ലഭിക്കും.
സിവിൽ ഡിപ്ലോമക്കാർക്ക് ജൽജീവൻ മിഷനിൽ നിയമനം
ജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കൺട്രോൾ ലാബുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമക്കാരെ കരാർ അടിസ്ഥാനത്തിൽ വളണ്ടിയറായി നിയമിക്കുന്നു. 631 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ അല്ലെങ്കിൽ പരമാവധി ആറുമാസത്തേക്കാണ് നിയമനം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. താൽപര്യമുള്ളവർ ഫെബ്രുവരി ഒമ്പത് ബുധനാഴ്ച്ച രാവിലെ 11 മണി മുതൽ രണ്ട് മണിവരെ കണ്ണൂർ താണ കേരള ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷനിൽ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുക. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് ഹാജരാവുക. ഫോൺ: 8289940564
'പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ': തൈ വിതരണം ഏഴിന്
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ, കൃഷി വകുപ്പ് സഹകരണത്തോടെ നടപ്പിലാക്കുന്ന 'പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ' എന്ന പദ്ധതി പ്രകാരം ജില്ലയിലെ തെരഞ്ഞെടുത്ത 13 പഞ്ചായത്തുകളിലെ 100 ജെ എൽ ജി ഗ്രൂപ്പുകൾക്ക് പാഷൻ ഫ്രൂട്ട് തൈകൾ വിതരണം ചെയ്യും. ഫെബ്രുവരി എട്ടിന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പദ്ധതി ഉദ്ഘാടനം ചെയ്യും. ഗ്രൂപ്പുകൾക്ക് തൈകൾ സൗജന്യമായും ഉൽപ്പാദനോപാദികൾ സബ്‌സിഡി നിരക്കിലുമാണ് അനുവദിക്കുന്നത്.
വിമുക്തി: അവലോകന യോഗം 10ന്
വിമുക്തി ജില്ലാതല എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഫെബ്രുവരി 10ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.
അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടണം
കേരള സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിലെ കേരള കൈത്തൊഴിലാളി, വിദഗ്ധ തൊഴിലാളി, ബാർബർ, ബ്യൂട്ടീഷ്യൻ,ക്ഷേത്ര ജീവനം, അലക്ക്, പാചകം, ഗാർഹികം തൊഴിലാളി ക്ഷേമ പദ്ധതിക്ക് പകരം 2016 ഫെബ്രുവരി ഒന്നു മുതൽ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന് രൂപം നൽകിയതിനാൽ അതിലെ അംഗങ്ങൾ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. അംഗങ്ങളുടെ പ്രതിമാസ വരിസംഖ്യ 100 രൂപയാക്കി ഏകീകരിച്ചിരുന്നു. എന്നാൽ ബാങ്കിൽ നേരിട്ട് വരിസംഖ്യ അടയ്ക്കുന്ന പല അംഗങ്ങളും 100 രൂപ അടയ്ക്കുന്നില്ല. പഴയ നിരക്കിൽ അടക്കുന്ന ജില്ലയിലെ അംഗങ്ങൾ അടിയന്തിരമായി അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടാത്ത പക്ഷം അവരുശട റിട്ടയർമെന്റ്/പെൻഷൻ മുതലായ ആനുകൂല്യങ്ങൾ ഇനി മുതൽ അനുവദിച്ചുനൽകുന്നതല്ലെന്നും അറിയിച്ചു.
കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം
പെരിങ്ങോം ഗവ. കോളേജിൽ 2014 മുതൽ 2017 വരെ പ്രവേശനം നേടിയ വിദ്യാർഥികളിൽ പ്രവേശന സമയത്ത് ഒടുക്കിയ കോഷൻ ഡോപ്പോസിറ്റ് തുക കൈപ്പറ്റാൻ ബാക്കിയുള്ള വിദ്യാർഥികൾ ഫെബ്രുവരി 22ന് 10 മണിക്കും രണ്ട് മണിക്കും ഇടയിൽ കോളേജ് ഓഫീസിൽ നിന്നും നേരിട്ട് വന്ന് തുക കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. തുക വാങ്ങാനായി വരുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖ കൈയിൽ കരുതണം. പ്രസ്തുത തീയതിയിൽ തുക കൈപ്പറ്റാത്ത പക്ഷം തുക സർക്കാരിലേക്ക് കണ്ടുകെട്ടും.
ഡിജിറ്റൽ മീഡിയ ആന്റ് മാർക്കറ്റിങ് കോഴ്‌സ്
ഫിഷറീസ് വകുപ്പിന്റെ കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ബിരുദധാരികളായ യുവതികൾക്ക് ഡിജിറ്റൽ മീഡിയ ആന്റ് മാർക്കറ്റിങ്ങിൽ പരിശീലനം നൽകുന്നു. പ്രായപരിധി 21-35 വയസ്സ്. അപേക്ഷകർ മത്സ്യബോർഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ്‌ഐഎംഎസിൽ ഉൾപ്പെടുന്നവരുമായിരിക്കണം. മൂന്ന് മാസത്തെ സൗജന്യ ഓൺലൈൻ പരിശീലനവും കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ആറ് മാസത്തെ പ്രായോഗിക പരിശീലനവും നൽകും. നാല് വർഷത്തെ പ്രൊഫഷനൽ ഡിഗ്രി ഉള്ളവർക്കും തീരനൈപുണ്യ കോഴ്‌സ് പൂർത്തിയാക്കിയവർക്കും മുൻഗണന. അപേക്ഷാഫോറം സാഫിന്റെ ജില്ലാ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആധാർകാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ക്ഷേമനിധി പാസ് ബുക്ക്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 21 നകം ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 7902502030, 8547439623, 9526239623, 8075561552.
ഭരണാനുമതി ലഭിച്ചു
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ പ്രത്യേക വികസനനിധിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപറേഷൻ 17-ാം ഡിവിഷനിലെ സുകുമാരി ടീച്ചർ ശങ്കുണ്ണി വീട് റോഡ് ടാറിങ് പ്രവൃത്തിക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
ലോക കാൻസർ ദിനത്തിൽ ജേതാക്കളുമായി സംവാദം
ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി മലബാർ കാൻസർ സെന്ററിലെ വിവിധ വിഭാഗങ്ങളിൽ ചികിത്സ തേടി രോഗത്തെ മറികടന്നു മികച്ച രീതിയിൽ മുന്നോട്ട്് പോകുന്ന വ്യക്തികളുമായി എംസിസി സംവാദം നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 12 പേർ നേരിട്ടും മറ്റുള്ളവർ ഓൺലൈനിലുമാണ് പങ്കെടുത്തത്. ഡയറക്ടർ ഡോ. ബി സതീശന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ സപ്പോർട്ടീവ് ഗ്രൂപ്പുകളുടെ പ്രതിനിധികൾ അനുഭവങ്ങൾ പുതു തലമുറയുമായി പങ്കുവച്ചു.
സജിത, പങ്കജാക്ഷി എന്നിവർ തേജസ് ഗ്രൂപ്പിനെയും പ്രകാശൻ നവജീവനെയും രതി, ശിവജി എന്നിവർ സ്പന്ദനം ഗ്രൂപ്പിനെയും ശ്രീജിത്ത് നവധ്വനി ഗ്രൂപ്പിനെയും പ്രതിനിധീകരിച്ച് സംസാരിച്ചു. ഓൺലൈനായി കോയമ്പത്തൂരിൽ നിന്ന് സബിനേശും, തിരൂരിൽ നിന്ന് ബീനയും, രക്ഷകർത്താക്കളുടെ പ്രതിനിധിയായി മുഹമ്മദലി മാസ്റ്ററും പങ്കെടുത്തു. ഡോ. ആദർശ് ധർമ്മരാജൻ, ഡോ. രവീണ ആർ നായർ എന്നിവർ വിഷയാവതരണം നടത്തി. സ്തനാർബുദവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഡോ. സൈന സുനിൽകുമാറും, സ്റ്റോമയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഡോ. ബിജിയും ഇൻഷുറൻസ് സാമ്പത്തിക സഹായമായവുമായി ബന്ധപ്പെട്ട് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ അനിതയും മറുപടി നൽകി. പുഷ്പ ആന്റണി ആശംസ അറിയിച്ചു.
കാർഷിക യന്ത്രങ്ങൾ അനുവദിച്ചു തുടങ്ങി
കാർഷികയന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ അനുവദിക്കുന്ന കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതി സ്മാമിൽ നടപ്പു സാമ്പത്തിക വർഷം അപേക്ഷിച്ചവർക്ക് കാർഷിക യന്ത്രങ്ങൾ അനുവദിച്ചു തുടങ്ങി. ജില്ലയിൽ 3652 അപേക്ഷകളിൽ 1000 പേർ കാർഷിക യന്ത്രങ്ങൾ വാങ്ങി. ഓൺലൈൻ അപേക്ഷയുടെ മുൻഗണനാക്രമം അനുസരിച്ചാണ് അപേക്ഷ പാസാവുന്നത്. പാസ്സായാൽ 15 ദിവസത്തിനകം ഡീലറെ തെരഞ്ഞെടുക്കണം. ഇല്ലെങ്കിൽ അപേക്ഷ തനിയെ റദ്ദാക്കപ്പെടുകയും തൊട്ടുപിറകിലുളളയാൾക്ക് അവസരം ലഭിക്കുകയും ചെയ്യും. പുതുതായി 2400 പേർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അപേക്ഷിച്ചവർ അവരുടെ സ്മാം അക്കൗണ്ടിൽ ലോഗിൻ ചെയ്ത് യന്ത്രങ്ങൾ അനുവദിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. യന്ത്രങ്ങൾ അനുവദിച്ച പക്ഷം അപേക്ഷകർ ഡീലറെ തെരെഞ്ഞെടുത്ത് യന്ത്രങ്ങൾ വാങ്ങിക്കാൻ നടപടി സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) അറിയിച്ചു.
വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
വിവിധ മേഖലകളിൽ സ്തുത്യർഹ സേവനത്തിനുള്ള വനിതാരത്‌നം പുരസ്‌കാരങ്ങൾക്ക് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതികം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് അവാർഡ്. അപേക്ഷയോടൊപ്പം പ്രവർത്തന മേഖല വിശദീകരിക്കുന്ന രേഖകൾ എന്നിവ ഉൾപ്പെടുത്തുക. വ്യക്തികൾക്കും സംഘടനകൾക്കും വനിതകളെ നാമനിർദ്ദേശം ചെയ്യാം. അപേക്ഷകളും നോമിനേഷനുകളും അതത ്ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് ഫെബ്രുവരി 15നകം സമർപ്പിക്കണം.
അപേക്ഷക ജീവിച്ചിരിക്കുന്നവരും, കഴിഞ്ഞ അഞ്ച് വർഷമെങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിച്ചവരുമായിരിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോറവും http://wcd.kerala.gov.in/ ൽ ലഭിക്കും. ഫോൺ: 04972 700708
വൈദ്യുതി മുടങ്ങും
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സ്‌റ്റൈലോ കോർണർ, പുതിയതെരു ടൗൺ, പുതിയതെരു മുച്ചിലോട്ട് കാവ്, ധനരാജ് തിയ്യറ്റർ പരിസരം, ഹൈവേ ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി ആറ് ഞായർ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും കീരിയാട് സിമന്റ് ഗോഡൗൺ, ബുഷ്‌റ കമ്പനി പരിസരം, കൊല്ലറത്തിക്കൽ താഴെ ഭാഗം എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 2.30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പഴയ ബസ്സ്റ്റാന്റ് പരിസരം, സ്റ്റേഡിയം, എസ്പിസിഎ, പാമ്പൻ മാധവൻ റോഡ്, ഫാത്തിമ ഹോസ്പിറ്റൽ, മഹാത്മാ മന്ദിരം, സബ് ജയിൽ, സുഭാഷ് റോഡ്, ഹരിശ്ചന്ദ്ര, റോസസ്, ഒണ്ടേൻപറമ്പ്, ജവഹർ, എസ്എൻ നഴ്‌സറി, മടിയൻ മുക്ക്, ഭജനകോവിൽ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി ആറ് ഞായർ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഒണ്ടേൻ റോഡ്, ആറാട്ട് റോഡ്, മൂന്നാം പീടിക എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി ആറ് ഞായർ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഹൈ ടച്ചിംഗ് വർക്ക് ഉള്ളതിനാൽ ജനശക്തി ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി ആറ് ഞായറാഴ്ച രാവിലെ എട്ട് മുതൽ രാത്രി 10 വരെ വൈദ്യുതി മുടങ്ങും.
- Log in to post comments