മലമ്പുഴയില്‍ 75 കോടിയുടെ സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്ക് എസ്റ്റിമെറ്റ് തയ്യാറാക്കുന്നു
ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്, എം. എല്‍. എ ഫണ്ടുകള്‍ ഉപയോഗിച്ച് 75 കോടിയുടെ സമ്പൂര്‍ണ മലമ്പുഴ കുടിവെള്ള പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണെന്ന് സ്ഥലം എം.എല്‍.എയും ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ പറഞ്ഞു. ഇതു പൂര്‍ത്തിയാവുന്നതോടെ ഈ പഞ്ചായത്തിന് സമീപത്തെ നാലു പഞ്ചായത്തുകളിലും പാലക്കാട് നഗരസഭയിലും കുടിവെള്ളം എത്തിക്കാനാവും.കൂടാതെ മലമ്പുഴ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാര്‍ഡുകളില്‍ പൈപ്പ് ലൈന്‍ നീട്ടുന്നതിനായി ഉയര്‍ന്ന സ്ഥലത്തു ടാങ്ക് സ്ഥാപിക്കാന്‍ ആനക്കല്ലില്‍ സ്വകാര്യ വ്യക്തിയുടെ 15 സെന്‍റ് സ്ഥലം സൗജന്യമായി ലഭ്യമായതിനെ തുടര്‍ന്ന് ജല അതോറിറ്റി മുഖേന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇത് പ്രാവര്‍ത്തികമാകുന്ന മുറയ്ക്ക് ഈ പഞ്ചായത്തില്‍ 13 വാര്‍ഡുകളിലേക്ക് കുടിവെള്ളം എത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മലമ്പുഴ എം.എല്‍.എ വി.എസ്. അച്യുതാനന്ദന്‍റെ നിര്‍ദ്ദേശ പ്രകാരം നാലു വാര്‍ഡുകളിലും വാട്ടര്‍ കിയോസ്കില്‍ വെള്ളം എത്തിക്കുന്നുണ്ട്. മലയോര മേഖലകളിലും പട്ടികവര്‍ഗ കോളനികളിലും കുടിവെള്ളം എത്തിച്ച് മലമ്പുഴ പഞ്ചായത്ത് മാതൃകയാവുന്നുണ്ട്. ജല അതോറിറ്റിയുടെ പൈപ്പ് വഴിയും വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിച്ചും മലമ്പുഴ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്ന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി എം.പി ഫണ്ടില്‍ നിന്ന്14.70 ലക്ഷം മുടക്കി ആനക്കല്ല് എസ്.ടി. സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം പൂര്‍ത്തീകരിച്ചു. സ്ഥാപനത്തിന് കളിസ്ഥലമുള്‍പ്പെടെയുളള ഭൗതീക സാഹചര്യങ്ങള്‍ക്കായി എം.എല്‍.എ, എം.പി ഫണ്ട് ആവശ്യപ്പെടാന്‍ പഞ്ചായത്ത് ഭരണസമിതിയില്‍ തീരുമാനമായിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്തിന്‍റെ 40 ലക്ഷം മുടക്കിയാണ് പഞ്ചായത്തിലെ സ്കൂളുകളില്‍ ക്ലാസ്മുറികള്‍ പൂര്‍ത്തീകരിക്കുന്നത്.
ആനക്കല്ല് എസ്. ടി കോളനിയില്‍ 'സമഗ്ര' ആദിവാസി സാക്ഷരത പദ്ധതി ആരംഭിച്ചിട്ടുണ്ട്. സാക്ഷരതാ പദ്ധതിയുടെ ഭാഗമായി നാല്, ഏഴ് തുല്യത ക്ലാസുകള്‍ തുടങ്ങി. 10, 11 ക്ലാസുകളില്‍ തുല്യത രജിസ്ട്രേഷന്‍ ഉടന്‍ ആരംഭിക്കും. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്, പഠനമുറി, മേശ, കസേര, സൈക്കിള്‍ എന്നിവ വര്‍ഷംതോറും വിതരണം ചെയ്യുന്നുണ്ട്.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി മലമ്പുഴ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരളത്തിലെ തന്നെ ആദ്യത്തെ ഓട്ടിസം ഓട്ടിസം സെന്‍റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കാട്ടാനശല്യം കൂടുതലായ നാല്, അഞ്ച് വാര്‍ഡുകളില്‍ ആനകളെ പ്രതിരോധിക്കാന്‍ ഫ്ളിക്കറിങ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തും ഭരണസമിതിയും. പഞ്ചായത്തിന്‍റെ മുഴുവന്‍ പ്രദേശങ്ങളിലും വഴിവിളക്കുകള്‍ സ്ഥാപിക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. എല്ലാവര്‍ഷവും ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് ഒരു കോടിയോളം മുടക്കി പുതിയ റോഡുകള്‍ നിര്‍മിച്ചും നിലവിലുള്ള റോഡുകള്‍ അറ്റകുറ്റപണികള്‍ ചെയ്തും ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വരുന്നുണ്ട്..
വയോജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന് സമീപം പകല്‍വീട് നിര്‍മാണം പൂര്‍ത്തിയാക്കിട്ടുണ്ട്.. പട്ടികജാതി-വര്‍ഗ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണവും നടത്തി. ്. പാലിയെറ്റിവ് കെയര്‍ യൂനിറ്റുകളില്‍ വൃദ്ധരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നുണ്ട്.
കുടുംബശ്രീ അംഗങ്ങളെ ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായി പാട്ടക്കൃഷി, പുഷ്പകൃഷി, വാഴകൃഷി, പച്ചക്കറി കൃഷി, എന്നിവ നടക്കുന്നുണ്ട്. തൊഴില്‍സേന, കുടുംബശ്രീ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവ സജീവമാണ്. സ്ത്രീകള്‍ക്കായി സൗജന്യ തുന്നല്‍ പരിശീലനം, കരകൗശല വസ്തു നിര്‍മാണ പരിശീലനം എന്നിവ നടപ്പാക്കുന്നുണ്ട്.
- Log in to post comments