പെരളശ്ശേരിയിൽ കുട്ടികളുടെ ഹരിത പോലീസ്
ഹരിത പെരുമാറ്റചട്ട പരിപാലനത്തിനായി പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത പൊലീസ് (സ്്റ്റുഡന്റ് ഗ്രീൻ പൊലീസ്-എസ് ജി പി) വരുന്നു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു. ശുചിത്വ ശീലങ്ങൾ ആരംഭിക്കേണ്ടത് കുട്ടികളിൽ നിന്നാണെന്നും അതിനാൽ മാതൃകാപരമായ ഉദ്യമത്തിനാണ് പഞ്ചായത്ത് തുടക്കമിട്ടതെന്നും ജില്ലാ കലക്ടർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ പദ്ധതി രൂപ രേഖ ജില്ലാ കലക്ടർക്ക് കൈമാറി.
ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് സേനയുടെ ഭാഗമാക്കുക. ജനറൽ ക്യാപ്റ്റൻ, വാർഡ് തല ഗ്രീൻ ഓഫീസർമാർ, ഗ്രീൻ കേഡറ്റുമാർ എന്നിങ്ങനെയാണ് റാങ്കുകൾ നിശ്ചയിച്ചിട്ടുള്ളത്. പഞ്ചായത്തിലെ കുട്ടികളും വിദ്യാർത്ഥികളും ഹരിത പോലീസിന്റെ ഭാഗമാവും. പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ താൽപര്യമുള്ള മറ്റു പഞ്ചായത്തുകളിലെ വിദ്യാർഥികൾക്കും ഹരിത പൊലീസിന്റെ ഭാഗമാകാം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ഇടപെടലോടെ മാത്രമേ സമ്പൂർണ ശുചിത്വം സാധ്യമാകൂ എന്ന തിരിച്ചറിവാണ് ഹരിത പോലീസ് എന്ന കുട്ടികളുടെ സേനയുടെ രൂപീകരണം എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് പഞ്ചായത്ത് പ്രസിഡണ്ട്് എ വി ഷീബ പറഞ്ഞു.
ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ സുഗതൻ, ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്‌സ് പേഴ്സൺ വി കെ അബിജാത് എന്നിവർ പങ്കെടുത്തു.
- Log in to post comments