മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പീഡിയാട്രിക് ഐസിയുവിന് ഭരണാനുമതി
കണ്ണൂർ ജില്ലയിലെ ഏക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക ഗവൺമെന്റ് ആശുപത്രിയിൽ പീഡിയാട്രിക് ഐസിയു സ്ഥാപിക്കാൻ 29.5 ലക്ഷം രൂപയുടെ ഭരണാനുമതി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ 2021-22 വർഷത്തെ എം എൽ എ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
ആഴ്ചയിൽ ആറ് ദിവസം പീഡിയാട്രിക് ഒപി സൗകര്യവും 12 കിടക്കകളോടുകൂടിയ പീഡിയാട്രിക് വാർഡും 12 നവജാത ശിശുക്കളെ കിടത്താവുന്ന എസ്എൻസിയു സൗകര്യവും നിലവിലുണ്ട്. എന്നാൽ പീഡിയാട്രിക് ഐസിയു സൗകര്യം ലഭ്യമായിരുന്നില്ല. നേരത്തെ എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ അവലോകനം യോഗം ചേർന്ന് ആശുപത്രി വികസനം സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. യോഗത്തിൽ മാങ്ങാട്ടുപറമ്പ് മാതൃ-ശിശു ആശുപത്രിയെ കേരളത്തിലെ മികച്ച സ്പെഷാലിറ്റി ആശുപത്രിയാക്കി മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി സി ബ്ലോക്കിലെ രണ്ടാം നിലയിൽ നാല് കിടക്കകളോടുകൂടിയ പീഡിയാട്രിക് ഐ സി യു ഒരുക്കാൻ തുക അനുവദിച്ചത്. നിലവിൽ അഞ്ച് ശിശുരോഗ സേവനം ഇവിടെ ലഭ്യമാണ്.
പുതിയ കാഷ്വാലിറ്റി ബ്ലോക്ക് കെട്ടിട നിർമ്മാണം, അഗ്നി സുരക്ഷാ സംവിധാനം സ്ഥാപിക്കൽ, പവർ സ്റ്റേഷൻ നിർമ്മാണം, പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ, ജനറേറ്റർ സ്ഥാപിക്കൽ, ജനറേറ്റർ റൂം, ഓഫീസ് നവീകരണം തുടങ്ങിയ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതിനായി 7.62 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു
- Log in to post comments