കതിരൂരിൽ ഹരിത പാഠശാല
ഹരിത കേരളം ജില്ലാ മിഷന്റെയും കതിരൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ഹരിത പാഠശാല സംഘടിപ്പിച്ചു. പഞ്ചായത്ത്തല സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടി ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി പി സനിൽ അധ്യക്ഷത വഹിച്ചു.
സമ്പൂർണ ശുചിത്വ പദ്ധതി റിപ്പോർട്ട് (ഡി പി ആർ) ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരന് നൽകി കളക്ടർ പ്രകാശനം ചെയ്തു.
പഞ്ചായത്തിൽ സമ്പൂർണ ശുചിത്വ പദ്ധതി നടപ്പാക്കുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളും, മാലിന്യ സംസ്‌കരണ ഉപാധികളും ബദൽ സാധ്യതകളും, ഹരിത നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ജി സഹദേവൻ, കെ ലത റാണി, കെ പി റംസീന, കെ ലക്ഷ്മി ലേഖ, കെ നാരായണൻ, ഇ കെ സോമശേഖരൻ എന്നിവർ ക്ലാസെടുത്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സൽ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി സനില, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ പി റംസീന, അംഗം സനില പി രാജ് എന്നിവർ സംസാരിച്ചു.
- Log in to post comments