കണ്ണൂര്‍ അറിയിപ്പുകള്‍ 19-02-2022
ഉന്നതവിദ്യാഭ്യാസ ധനസഹായ വിതരണം
വിധവകളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള ധനസഹായം നൽകുന്നതിന് 2021-22 സാമ്പത്തിക വർഷത്തേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ/സർക്കാർ എയിഡസ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സർവ്വകലാശാലകൾ അംഗീകരിച്ച കോളേജുകളിൽ പഠിക്കുന്നവരാകണം അപേക്ഷകർ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
സർക്കാറിന്റെ മറ്റ് സ്‌കോളർഷിപ്പുകൾ ലഭിക്കുന്നവർ ഈ ധനസഹായത്തിന് അർഹരല്ല. അങ്കണവാടി വർക്കർ/ഹെൽപ്പർ, ആശാവർക്കർ/പാർട്ടൈം കണ്ടിജന്റ് ജീവനക്കാർ ഒഴികെയുള്ള സർക്കാർ ജീവനക്കാരുടെ മക്കൾ അർഹരല്ല. ധനസഹായതുക അപേക്ഷകയുടെ മാതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. ധനസഹായം ലഭിക്കേണ്ട കുട്ടി വിധവയുടെ മകൻ/മകൾ ആയിരിക്കണം.
മേലധികാരി സാക്ഷ്യപ്പെടുത്തിയ കോഴ്സ് ഫീസ് സംബന്ധിച്ച അപേക്ഷയോടൊപ്പമുള്ള സാക്ഷ്യപത്രം, വില്ലേജ് ഓഫീസർ നൽകുന്ന വിദ്യാർഥിയുടെ മാതാവ് വിധവയാണെന്ന് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റിന്റെ അസ്സൽ, മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. മുൻവർഷം പടവുകൾ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവർ 2020-21 വർഷത്തെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, ഹോസ്റ്റൽ മെസ് ഫീസ് എന്നിവയുടെ രശീതിന്റെ പകർപ്പുകളും, ധനസഹായം ലഭിച്ച തുകമേൽ പറഞ്ഞവയുടെ ആകെ തുകയിൽ നിന്ന് അധികരിക്കുന്നില്ല എന്ന അപേക്ഷയുടെ സാക്ഷ്യപത്രം തുടങ്ങിയവ അപ്ലോഡ് ചെയ്യണം. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കു www.schemes.wcd.kerala.gov.in സന്ദർശിക്കുക. അപേക്ഷ അതത് ഐ സി ഡി എസ് ഓഫീസുകളിലെ ശിശുവികസന പദ്ധതി ഓഫീസർക്ക് ഫെബ്രുവരി 22 നകം സമർപ്പിക്കണം.
കരാട്ടെ പരിശീലകരെ ആവശ്യമുണ്ട്
കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിൽ പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ പരിശീലനം പദ്ധതിയിൽ ഉൾപ്പെടുത്തി കരാട്ടെ പരിശീലനം നൽകുന്നതിന് പരിശീലകരെ ആവശ്യമുണ്ട്. പരിശീലകർ സ്പോട്സ് കൗൺസിൽ രജിസ്ട്രേഷനുള്ളവരായിരിക്കണം. താൽപര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഫെബ്രുവരി 23ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്കായി ഹാജരാകണം. ഫോൺ: 04985 260235, 9496049020.
ഐഎൽജിഎംഎസ് സോഫ്റ്റ്വെയർ: പരിശീലനം 21മുതൽ
ജില്ലയിലെ ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് ഐഎൽജിഎംഎസ് സോഫ്റ്റ്വെയറിലുള്ള പരിശീലനം ഫെബ്രുവരി 21 മുതൽ മാർച്ച് 18 വരെ കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ നടക്കും.
സുകന്യ സമൃദ്ധി അക്കൗണ്ട് സമാഹരണം
ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ചു കണ്ണൂർ പോസ്റ്റൽ ഡിവിഷൻ സംഘടിപ്പിച്ച സുകന്യ സമൃദ്ധി അക്കൗണ്ട് സമാഹരണത്തിലൂടെ 1400ൽ പരം അക്കൗണ്ടുകൾ തുറന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ നറുക്കെടിപ്പിൽ കെ സൗമ്യ ചെവിടമ്മത്ത്, ബീന ചട്ടുകപ്പാറ, എം ധന്യ തിരുവട്ടൂർ എന്നിവർ സമ്മാനർഹരായി. ഏറ്റവും കൂടുതൽ അക്കൗണ്ടുകൾ സമാഹരിച്ച് പട്ടുവം സബ് പോസ്റ്റ്് ഓഫീസ് ഒന്നാം സ്ഥാനം നേടി. കണ്ണൂർ സിവിൽ സ്റ്റേഷൻ പോസ്റ്റോഫീസ് രണ്ടാം സ്ഥാനവും മുരിങ്ങേരി ബ്രാഞ്ച് പോസ്റ്റോഫീസ് മൂന്നാം സ്ഥാനവും നേടി. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സമ്മാനങ്ങൾ നേരിട്ട് എത്തിച്ചു നൽകുമെന്ന് പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു.
കാർഷിക സൗജന്യ വൈദ്യുതി പദ്ധതി
ചെറുകിട നാമമാത്ര കർഷകർക്ക് കാർഷിക സൗജന്യ വൈദ്യുതി പദ്ധതി പ്രകാരമുള്ള സബ്സിഡി തുക മുൻകൂറായി ബാങ്ക് മുഖേന നേരിട്ട് കൈമാറാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തീരുമാനിച്ചു. കുറഞ്ഞത് എട്ട് അംഗങ്ങളുള്ളരജിസ്റ്റർ ചെയ്ത ഗ്രൂപ്പുകൾക്കും പാടശേഖര സമിതികൾക്കുമാണ് ആനുകൂല്യം. അംഗങ്ങൾ കാർഷിക സൗജന്യ വൈദ്യുതി പദ്ധതി ഗുണഭോക്താക്കൾ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് കൃഷി വകുപ്പുമായി ബന്ധപ്പെടുക.
മത്സ്യബന്ധന യാനങ്ങളുടെ സംയുക്ത പരിശോധന 27 ന്
മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന മത്സ്യബന്ധന യാനങ്ങളുടെയും എഞ്ചിനുകളുടെയും സംയുക്ത പരിശോധന ഫെബ്രുവരി 27ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ നടത്തും. ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പരിശോധന. കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിയ പരിശോധനയാണിത്. യോഗ്യമായ എല്ലാ വള്ളങ്ങളും യഥാർഥ രേഖകൾ സഹിതം നിശ്ചിത കേന്ദ്രങ്ങളിൽ ഹാജരാക്കി പരിശോധനയ്ക്ക് വിധേയമാകണം. പരിശോധനയ്ക്ക് ഹാജരാക്കാത്ത എഞ്ചിനുകൾക്ക് മത്സ്യബന്ധനത്തിന് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കില്ല. ഒരു യാനത്തോടൊപ്പം ഒരാൾക്ക് മാത്രമാണ് പരിശോധനാ കേന്ദ്രത്തിൽ പ്രവേശനമുണ്ടാകുക. പരിശോധനയ്ക്ക് ഹാജരാക്കുന്ന യാനങ്ങൾക്കും എഞ്ചിനുകൾക്കും രജിസ്ട്രേഷൻ, മത്സ്യബന്ധന ലൈസൻസ്, ഫിംസ് രജിസ്ട്രേഷൻ എന്നിവ നിർബന്ധമാണ്. ഒരു വ്യക്തിക്ക് പരമാവധി രണ്ട് എഞ്ചിനുകൾക്ക് മാത്രമേ പെർമിറ്റ് അനുവദിക്കൂ.
വൈദ്യുതി മുടങ്ങും
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ജില്ലാ കലക്ടറേറ്റ്, സിവിൽ സ്റ്റേഷൻ അനക്സ്, ഡി പി സി ബിൽഡിങ്, ജില്ലാ പഞ്ചായത്ത് ഓഫീസ്, പൊലീസ് സ്റ്റേഷൻ, ടെലഫോൺ ഭവൻ, കോടതി, അമ്പിളി തീയേറ്റർ, സ്റ്റേഡിയം, പഴയ ബസ് സ്റ്റാന്റ്, മഹാത്മാ മന്ദിരം, സബ് ജയിൽ റോഡ്, ആശീർവാദ് ഹോസ്പിറ്റൽ, താവക്കര, കാൽടെക്സ്, തായത്തെരു, മനോരമ റോഡ്, ടിടിഐ, ടി കെ, കസാനക്കോട്ട എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 20 ഞായർ രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
ദർഘാസ്
തിരുമേനി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 24ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 9447912637.
ഇ ടെണ്ടർ
തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിലേക്ക് കണ്ണൂർ ടൗൺ റൂട്ടിലേക്കും തളിപ്പറമ്പ കരിമ്പം റൂട്ടിലേക്കും വാടകക്ക് വാഹനം ലഭ്യമാക്കുന്നതിന് കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് ഇ ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 28ന് ഉച്ചക്ക് രണ്ട് മണി വരെ https://gem.gov.in വെബ്‌സൈറ്റിൽ ടെണ്ടർ സമർപ്പിക്കാം. ഫോൺ: 0497 2708125, 2700841.
ക്ലബ്ബുകൾക്കുളള സർട്ടിഫിക്കറ്റ് വിതരണം
സംസ്ഥാന യുവജനക്ഷേമ ബോർഡ് കണ്ണൂർ ജില്ലയിൽ രൂപീകരിച്ച കാർഷിക, യുവതി, ട്രാൻസ്ജെൻഡർ ക്ലബ്ബുകളുടെ സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ സംസ്ഥാനതല കേരളോത്സവത്തിന്റെ സർട്ടിഫിക്കറ്റ് വിതരണവും ഫെബ്രുവരി 21 രാവിലെ 11 മണിക്ക് ജില്ലാപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിക്കും. യുവജനക്ഷേമ ബോർഡ് അംഗം വി കെ സനോജ് അധ്യക്ഷത വഹിക്കും.
- Log in to post comments