Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 21-02-2022

ലെവൽക്രോസ് അടച്ചിടും

എൻ എച്ച്-ബീച്ച് (കൊളം ഗേറ്റ്) റോഡിൽ തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 234ാം നമ്പർ ലെവൽക്രോസ് ഫെബ്രുവരി 22 ചൊവ്വ രാവിലെ ഒമ്പത് മുതൽ 25ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

വൈദ്യുതി മുടങ്ങും

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചുങ്കം, തുയ്യത്ത്, ചോനാടം, റബ്‌കോ റോഡ്, കുഞ്ഞിക്കൂലം, മഹാറാണി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 22 ചൊവ്വ രാവിലെ ഏഴ് മുതൽ ഒമ്പത് മണി വരെയും നേതാജിറോഡ്, കോമത്തുപാറ, റാഫ റിഫ, വാവാച്ചിമുക്ക് എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി  വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ജേർണലിസ്റ്റ് നഗർ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 22 ചൊവ്വ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി  വരെയും എളയാവൂർ അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 മണി വരെയും വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ  ഇരട്ടേങ്ങൽ, കെപിആർ നഗർ, പനക്കളം, പാലോട്ടുവയൽ, വെണ്ണക്കൽവയൽ, മാലൂർസിറ്റി, കാരോത്തുവയൽ, കുരുമ്പോളി, കരിവെള്ളൂർ, മാലൂർ വയൽ, കാവിന്മൂല, നിട്ടാറമ്പ, മാലൂർ ഹൈസ്‌കൂൾ, കെകെ ക്രഷർ, കൂവക്കര, ചിത്രപീഠം, തൃക്കടാരിപ്പൊയിൽ, ഇടുമ്പ, ഇടുമ്പ സ്‌കൂൾ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 22 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

്പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ തണ്ടനാട്ടുപോയിൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 22 ചൊവ്വ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കൂർമ്പ കാവ്, വാരം കനാൽ, ആയങ്കി, ചുടല, കാടങ്കോട്, കാടങ്കോട് പള്ളി, ചാലിൽ മെട്ട എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫബ്രുവരി 22 ചൊവ്വ രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെയും തക്കാളി പീടിക, വാരം കടവ്, എച്ച്ടി ആരോഗ്യ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ വെസ്റ്റേൺ ഫുഡ്, ചെറുകുഞ്ഞിക്കര, പനയത്താംപറമ്പ്, ശ്രീശക്തി, തലക്കോട്, ക്രഷർ, പറമ്പുക്കരി എന്നീ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 22 ചൊവ്വ രാവിലെ 7.30 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ വോഡഫോൺ മാളികപറമ്പ, ക്രഷർ, ഹോളിപ്രോപ്സ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി  22 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ  വൈദ്യുതി മുടങ്ങും.

ത്രിദിന തൊഴിൽ മേള

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 23, 24, 25 തീയതികളിൽ രാവിലെ 10 മുതൽ ഉച്ച ഒരു മണി വരെ അഭിമുഖം നടക്കും. കസ്റ്റമർ സർവീസ് മാനേജർ/ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് ട്രെയിനി, പ്രൊജക്ട് മാനേജർ (സിവിൽ), സിവിൽ എഞ്ചിനീയർ, ഇന്റീരിയർ സൈറ്റ് സൂപ്പർവൈസർ, പേഴ്സനൽ അസിസ്റ്റന്റ്, ഓട്ടോകാഡ്, സ്റ്റോർ കീപ്പർ, അക്കൗണ്ടന്റ്, ഫാക്കൽറ്റി (അക്കൗണ്ടിങ്), മൊബൈൽ ടെക്നീഷ്യൻ, സിസിടിവി ഫ്രണ്ട് ഓഫീസിൽ എക്സിക്യൂട്ടീവ്, മാർക്കറ്റിങ് സ്റ്റാഫ്, ഓവർസീസ് കൗൺസിലർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിങ്, മാർകോം എഞ്ചിനീയർ, എച്ച് ആർ, സെയിൽസ് മാനേജർ/എക്സിക്യൂട്ടീവ്, കാഷ്യർ, രജിസ്ട്രേഷൻ എക്സിക്യൂട്ടീവ്, സർവീസ് മാനേജർ, സർവീസ് അഡൈ്വസർ, സർവീസ് ടെക്നീഷ്യൻ, ഡെലിവറി എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ/ എം കോം/ ബി കോം/ എംബിഎ/ ഡിഗ്രി ഇൻ സയൻസ്/ ബിടെക് സിവിൽ, ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സ് ബിടെക്ക് മെക്കാനിക്കൽ എന്നിവയാണ് യോഗ്യത.  താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം.  ഫോൺ: 0497 2707610, 6282942066.

ബാലവേലയെ പറ്റി വിവരം നൽകുന്നവർക്ക് പാരിതോഷികം
 
ജില്ലയിൽ ബാലവേലയെ പറ്റി വിവരം നൽകുന്ന വ്യക്തിക്ക് വനിതാ ശിശുവികസന വകുപ്പ് 2500 രൂപ പാരിതോഷികം നൽകും. ബാലവേല, ബാല ഭിക്ഷാടനം, തെരുവ് ബാല്യ വിമുക്ത കേരളം എന്നീ ലക്ഷ്യങ്ങളുമായി വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയിലൂടെ 565 കുട്ടികളെയാണ് 2018 നവംബർ മുതൽ 2021 നവംബർ വരെമൂന്ന് വർഷം കൊണ്ട് രക്ഷിച്ചത്. നിയമപ്രകാരം 14 വയസ്സ് പൂർത്തിയാകാത്ത കുട്ടികളെ ജോലി ചെയ്യിക്കാനോ 14 വയസ്സ് കഴിഞ്ഞതും 18 വയസ്സ് പൂർത്തിയാകാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളിൽ ഏർപ്പെടുത്താനോ പാടില്ല. കുടുംബത്തിലെ ബുദ്ധിമുട്ടുകൾ, ദാരിദ്ര്യം, മറ്റു കാരണങ്ങൾ എന്നിവ കൊണ്ട് കുട്ടികൾ ജോലി ചെയ്യേണ്ടി വരുമ്പോൾ അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയെ അത് ദോഷകരമായി ബാധിക്കും. ബാലവേല ചെയ്യിപ്പിച്ചതായി കണ്ടെത്തിയാൽ ആറ് മാസം മുതൽ രണ്ട് വർഷം വരെയാണ് തടവ്.
ജില്ലാ ശിശുസംരക്ഷണ ഓഫീസിലെ ശരണബാല്യം  റെസ്‌ക്യു ഓഫീസർക്കാണ് വിവരം നൽകേണ്ടത്. വിവരങ്ങൾ വ്യക്തവും സത്യസന്ധവുമായിരിക്കണം. നൽകുന്ന വിവരത്തിൽ കുട്ടി ജോലി ചെയ്യുന്ന സ്ഥാപനം/സ്ഥലത്തിന്റെ പേരും വിലാസവും ഫോട്ടോയും, ഉടമസ്ഥന്റെ പേര് വിവരങ്ങൾ, കുട്ടിയുടെ ഫോട്ടോ (ഉണ്ടെങ്കിൽ) അല്ലെങ്കിൽ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന മറ്റു വിവരങ്ങൾ എന്നിവ ഉണ്ടായിരിക്കണം.
ഒരേവിവരം ഒന്നിലധികം വ്യക്തികളിൽ നിന്നും ലഭിച്ചാൽ ആദ്യം വിവരം നൽകുന്നയാൾക്കാണ് പാരിതോഷികം ലഭിക്കുക. വിവരദാതാക്കളുടെ വ്യക്തിത്വം ഒരു കാരണവശാലും വെളിപ്പെടുത്തില്ല. ജില്ലയിൽ ബാലവേല നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ 0490 2967199, 8281213156 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

അനെർട്ട് സ്പോട്ട് രജിസ്ട്രേഷൻ മികച്ച  പ്രതികരണം
             
സബ്സിഡിയോട് കൂടി ഗാർഹിക സൗരോർജ്ജ പ്ലാന്റുകളുടെ അനെർട്ട് രജിസ്ട്രേഷൻ പുരോഗമിക്കുന്നു. രണ്ട് കിലോ വാട്ട് മുതൽ 10 കിലോ വാട്ട് ശേഷി വരെ സൗരോർജ്ജ പ്ലാന്റുകൾ 40 ശതമാനം സബ്സിഡിയിൽ സ്ഥാപിക്കാം.  അനെർട്ട് ജില്ലാ ഓഫീസിന് സമീപം ആരംഭിച്ച സ്പോട്ട് രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെബ്രുവരി 22, 23 തീയ്യതികളിൽ ആധാർ കാർഡ്, ഇലക്ട്രിസിറ്റി ബിൽ, അഡ്വാൻസ് തുക സഹിതം വന്ന്  രജിസ്റ്റർ ചെയ്യാവുന്നതാണ്.    

ജില്ലാ ആസൂത്രണ സമിതി യോഗം
             
തദ്ദേശ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പുരോഗതി അവരോകനം ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി 22 ചൊവ്വ രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.

ക്വട്ടേഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ് വകുപ്പിൽ ഹെവി ഡ്യൂട്ടി മൾട്ടി ഫങ്ഷണൽ കോപ്പിയർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 28ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

ടെണ്ടർ

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ പട്ടികവർഗ ഗ്രൂപ്പുകൾക്ക് ബാൻഡ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.  ഫെബ്രുവരി 26ന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ: 0497 2700357.

ക്വട്ടേഷൻ

പെരിങ്ങോം ഗവ.കോളേജിലേക്ക് ടൂൾ കിറ്റ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 25ന് രാവിലെ 11 മണി  വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 04985 295440.

പയ്യാവൂർ ആദിവാസി മേഖല വിനോദ വിജ്ഞാന കേന്ദ്രം നിർമ്മാണം: ഫണ്ട് ശേഖരണം തുടങ്ങി

പയ്യാവൂർ ആദിവാസി മേഖല വിനോദ വിജ്ഞാന കേന്ദ്രം നിർമ്മാണത്തിന് ഫണ്ട് ശേഖരണം തുടങ്ങി. ജില്ലാതല ഉദ്ഘാടനം കടന്നപ്പള്ളി ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഡോ. വി ശിവദാസൻ എം പി നിർവ്വഹിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്‌കീം, നെറ്റ്‌വർക്ക്-പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്‌മെൻറ് എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ അധ്യക്ഷത വഹിച്ചു. വിജ്ഞാന കേന്ദ്രം നിർമ്മാണ ഫണ്ട് ശിവദാസൻ എം പി ഏറ്റുവിവാങ്ങി. നെറ്റ്‌വർക്ക്-പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്‌മെൻറ്  കോ-ഓർഡിനേറ്റർ ടി കെ ഗോവിന്ദൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ബേബി മനോഹരൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, ഹയർസെക്കണ്ടറി ജില്ലാ കോ ഓർഡിനേറ്റർ ടി വി വിനോദ്, എൻ എസ്എസ് റീജ്യണൽ പ്രോഗ്രാം കൺവീനർ മനോജ് കുമാർ കണിച്ചുകുളങ്ങര, എൻഎസ്എസ് ജില്ലാ കൺവീനർ ശ്രീധരൻ കൈതപ്രം, സ്‌കൂൾ പ്രിൻസിപ്പൽ കെ സന്തോഷ് കുമാർ, ഹെഡ്മിസ്ട്രസ് ബീന സി പി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം രമണി  തുടങ്ങിയവർ സംസാരിച്ചു.

പടം: പയ്യാവൂർ ആദിവാസി മേഖല വിനോദ വിജ്ഞാന കേന്ദ്രം നിർമ്മാണത്തിന് ഫണ്ട് ശേഖരണം ജില്ലാതല ഉദ്ഘാടനം കടന്നപ്പള്ളി ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഡോ. വി ശിവദാസൻ എം പി നിർവ്വഹിക്കുന്നു

ചങ്ങാതി സർവ്വെ തുടങ്ങി

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായി സാക്ഷരതാമിഷൻ പാപ്പിനിശ്ശേരി പഞ്ചായത്തിൽ നടപ്പാക്കുന്ന ചങ്ങാതി പദ്ധതിയുടെ സർവ്വെ തുടങ്ങി. കെ വി സുമേഷ് എംഎൽഎ ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നും വിവരം ശേഖരിച്ച് ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി പെരിയാർ കമ്പനിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പി സുശീല അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ സി എച്ച് അബ്ദുൾ സലാം, സി ഷാഫി, ഒ കെ മൊയ്തീൻ, പഞ്ചായത്ത് സാക്ഷരത പ്രേരക് പി വി അജിത, പ്രകാശൻ മാസ്റ്റർ,  പി പി നദീറ, പെരിയാർ കമ്പനി ഉടമ വാസുദേവൻ തുടങ്ങിയവർ സംബന്ധിച്ചു. പാപ്പിനിശ്ശേരി ഹയർ സെക്കണ്ടറി സ്‌കൂൾ, അരോളി ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലെ എൻ എസ് എസ് വളണ്ടിയർമാരാണ് സർവ്വെ നടത്തുന്നത്. രണ്ടാഴ്ചക്കുള്ളിൽ സർവ്വെ പൂർത്തിയാക്കും.

കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് കെഎസ്ആർടിസിയിൽ ഉല്ലാസയാത്ര നടത്താം

കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 27 മുതൽ കണ്ണൂർ ഡിപ്പോയിൽ നിന്ന് യാത്ര തുടങ്ങുന്നതോടെ മലബാർ മേഖലയിൽ നിന്നും ഇടുക്കി ഹൈറേഞ്ചിലേക്ക് കുറഞ്ഞ ചെലവിൽ ഉല്ലാസ യാത്ര സാധ്യമാകും.  
മൂന്നാറിലെ തേയില ഫാക്ടറി, ടീ മ്യൂസിയം, ടോപ് സ്റ്റേഷൻ, കുണ്ടള തടാകം, ഇക്കോ പോയിന്റ്, മാട്ടുപ്പെട്ടി അണക്കെട്ട്, ഫ്‌ളവർ ഗാർഡൻ എന്നിവയാണ് യാത്രയിലൂടെ കാണാനാകുക. കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിക്കുന്നത്.
മൂന്നാറിൽ എ സി സ്ലീപ്പർ ബസിൽ താമസവും കാഴ്ചകൾ കാണുന്നതും ഉൾപ്പെടെ 1850 രൂപയാണ് ടിക്കറ്റ് നിരക്ക്.  ഭക്ഷണ ചെലവും എൻട്രി ഫീസും യാത്രക്കാർ വഹിക്കണം. ഇത് ഉപയോഗപ്പെടുത്തിയാൽ ചെറുസംഘമായി യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചെലവിൽ മൂന്നാർ കണ്ട് മടങ്ങാം.  അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ 9496131288, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. മറ്റു സമയങ്ങളിൽ വാട്ട്‌സാപ്പ് വഴിയും ബുക്ക് ചെയ്യാം.

നല്ല മണ്ണിലേക്ക് വിത്തെറിഞ്ഞ് കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത്

കർഷകരുടെ നിലനിൽപ്പിനായി പോരാടിയ കരിവെള്ളൂർ കാർഷിക  സമൃദ്ധി തിരിച്ചുപിടിക്കാൻ 'നല്ല മണ്ണ്' പദ്ധതി നടപ്പാക്കുന്നു. കേരളത്തിനാകെ മാതൃകയാക്കാവുന്ന പദ്ധതിയുടെ വികസന രേഖ കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് തയ്യാറാക്കി.

നല്ല മണ്ണ്, ശുദ്ധജലം, ശുദ്ധ വായു എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് ഈ ബൃഹദ് പദ്ധതി. ഹരിതകേരള മിഷൻ, കൃഷി വകുപ്പ് എന്നിവയുമായി കൈകോർത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. ഗ്രാമപഞ്ചായത്ത് മേഖലയിലെ കാർഷിക വികസനം, ശുദ്ധജല ലഭ്യത, പരിസ്ഥിതി സംരക്ഷണം, ശുചിത്വം എന്നിങ്ങനെ മണ്ണിൽ നിന്നും തുടങ്ങി സമഗ്ര വികസനത്തിലേക്കുള്ള ചുവട് വെപ്പാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിരമിച്ച ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, കർഷകർ, സാമൂഹ്യ പ്രവർത്തകർ, ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങി എല്ലാ വിഭാഗക്കാരും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
കൃഷി അനുബന്ധ മേഖലകളിലെ പ്രതിസന്ധികൾ സർവേകളിലൂടെ കണ്ടെത്തി. മണ്ണ് നേരിടുന്ന വെല്ലുവിളികൾ, ജൈവശോഷണം, അമ്ലത്വം എന്നിവ കണ്ടെത്താൻ 31 ഗ്രന്ഥശാലകളെ ഉപയോഗപ്പെടുത്തി മണ്ണ് പരിശോധനയും പ്രത്യേക സമിതികൾ ജലപരിശോധനയും നടത്തി. ഭൂപ്രകൃതി, കാലാവസ്ഥ, പരിസ്ഥിതി സവിശേഷതകൾ, മൺതരങ്ങൾ, ഭൂവിനിയോഗം, മനുഷ്യ വിഭവം, കൃഷി വിന്യാസം, നീർത്തട പഠനം, ജലസ്രോതസ്സ്, പ്രദേശത്തെ കാർഷിക പ്രശ്നങ്ങൾ എന്നിവ സൂക്ഷ്മമായി പരിശോധിച്ചു.
പാടശേഖരസമിതികൾ, ക്ലബ്ബുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീകൾ, സന്നദ്ധ പ്രവർത്തകർ, സംഘടനകൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഉൾപ്പെടുത്തി വിവിധ സമിതികൾ രൂപീകരിച്ചാണ് പ്രവർത്തനം. സമഗ്രമായ ഡി പി ആർ തയ്യാറാക്കി ജില്ലാ കലക്ടർ നിയോഗിച്ച വിദഗ്ധ സമിതിക്ക് സമർപ്പിച്ച് കഴിഞ്ഞു. വരുന്ന അഞ്ച് വർഷം കൊണ്ട് കൃഷി അനുബന്ധ മേഖലയിൽ സുസ്ഥിര വികസനം നേടുകയാണ് ലക്ഷ്യം. പോരായ്മകൾ പരിഹരിക്കപ്പെടുന്നതോടെ സംസ്ഥാനത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതിയായി നല്ല മണ്ണ് മാറുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു പറയുന്നു. ഇത് യാഥാർഥ്യമാകുന്നതോടെ കാർഷിക ജൈവ സമൃദ്ധിയെ തിരിച്ചുപിടിക്കാനുള്ള സർക്കാരിന്റെ മുഖ്യ ലക്ഷ്യത്തിലേക്കുള്ള ശക്തമായ ചുവടുവെപ്പായി 'നല്ല മണ്ണ്' മാറും.

(പടം) കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിന്റെ നല്ല മണ്ണ് പദ്ധതിയുടെ ഭാഗമായി മണ്ണ് ശേഖരിച്ചപ്പോൾ

നല്ല മണ്ണ് പദ്ധതിയുടെ ഭാഗമായി ജലപരിശോധനക്ക് വെള്ളം ശേഖരിക്കുന്നു

നല്ല മണ്ണ് പദ്ധതി ലോഗോ

വായനശാലകൾക്ക് ലാപ്ടോപ്പും പുസ്തകങ്ങളും വിതരണം ചെയ്തു

പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റ് നെറ്റ്‌വർക്ക് പദ്ധതി പ്രകാരം ആരംഭിച്ച വായനശാലകൾക്ക് ലാപ്ടോപ്പ്, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ഡോ വി ശിവദാസൻ എംപി വിതരണോദ്ഘാടനം നിർവഹിച്ചു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷനായി. പദ്ധതി കൺവീനർ ടി കെ ഗാവിന്ദൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.

ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ ശ്രീലത, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി രജനി, ആന്റണി സെബാസ്റ്റ്യൻ, ടി ബിന്ദു, റോയി നമ്പുടാകം, പി പി വേണുഗോപാൽ, സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി അഴീക്കോടൻ ചന്ദ്രൻ, ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ജയൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ എ ബഷീർ, ഗ്ലോബൽ എക്സിക്യുട്ടീവ് എജ്യൂക്കേഷൻ എച്ച് ആർ മേധാവി എസ് ഗണേഷ്, ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത് കമൽ എന്നിവർ പങ്കെടുത്തു

date