കണ്ണൂര്‍ അറിയിപ്പുകള്‍ 25-02-2022
ഭണാനുമതി ലഭിച്ചു
കെ വി സുമേഷ് എംഎൽ എയുടെ പ്രത്യേക വികസന നിധിയിലുൾപ്പെടുത്തി 14 ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപ്പറേഷനിലെ തളാപ്പ് അമ്പാടി മുക്കിനടുത്തുള്ള എൻഎച്ച് അമ്പലവയൽ റോഡ്, മസ്ജിദ് വനത്തിൽ കണ്ട് റോഡ്, ബാലൻ നായർ റോഡ്, മസ്ജിദ് റോഡ് എന്നീ സ്ഥലങ്ങളിൽ കൾവെർട്ട് നിർമ്മാണ പ്രവൃത്തിക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
ഇരിക്കൂർ എംഎൽ എ യുടെ പ്രത്യേക വികസന നിധിയിലുൾപ്പെടുത്തി ആറ് ലക്ഷം രൂപ വിനിയോഗിച്ച് ഇരിക്കൂർ മണ്ഡലത്തിലെ ഉളിക്കൽ ഗ്രാമ പഞ്ചായത്തിൽ ശാന്തിഗിരി ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
സംരംഭകത്വ വികസന പരിശീലന പരിപാടി
സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും പുതിയ സംരംഭകർക്കും 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റാണ് പരിശീലനം നൽകുന്നത്. മാർച്ച് 21 മുതൽ 31 വരെ എറണാകുളം കളമശ്ശേരിയിലെ കെഐഇഡി ക്യാമ്പസ്സിലാണ് പരിശീലനം. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സൗജന്യമായാണ് കോഴ്സ് നൽകുന്നത്. താൽപര്യമുള്ളവർ കെഐഇഡിയുടെ വെബ്സൈറ്റ് ആയ www.kied.infoൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890 / 2550322/ 9605542061.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ. ഐടിഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫയർ ആൻഡ്് സേഫ്റ്റി, മൂന്ന് മാസത്തെ ക്യുഎ-ക്യുസി എൻ ഡി ടി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, വിഎച്ച്സി, ഡിപ്ലോമ, ഡിഗ്രി, ബിടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 8301098705.
മാഹിയിൽ മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കുന്നു
മാഹിയിൽ ദേശീയ പാതയോരത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നു. മാലിന്യ നിക്ഷേപം വ്യാപകമായതോടെയാണ് മാഹി പാലം മുതൽ പെട്ടിപ്പാലം വരെയുള്ള പ്രദേശത്ത് 20 ക്യാമറകൾ സ്ഥാപിക്കാൻ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്.
ഏറെനാളായി ദേശീയ പാതയോരം മാലിന്യ മുക്തമാക്കാനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത്. എന്നാൽ മാഹി പാലം മുതൽ പെട്ടിപ്പാലം വരെയുള്ള പ്രദേശത്ത് മാലിന്യ നിക്ഷേപം വ്യാപകമാണ്. ഇതോടെയാണ് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 ലക്ഷം രൂപ ചിലവിൽ ക്യാമറകൾ സ്ഥാപിക്കുന്നത്. ക്യാമറകളുടെ മോണിറ്ററിങ്ങിന് പഞ്ചായത്ത് ജീവനക്കാരെ കൂടാതെ ന്യൂ മാഹി പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ മയ്യഴി പുഴയിലേക്ക് മലിനജലം ഒഴുക്കിയ 18 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും അഞ്ചു ലക്ഷത്തോളം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ക്യാമറ സ്ഥാപിക്കുന്നതോടെ മാലിന്യം തള്ളുന്നത് കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
മാലിന്യ സംസ്‌കരണ കേന്ദ്രം സുന്ദരമാക്കി പയ്യന്നൂർ നഗരസഭ
വലിച്ചെറിയുന്ന മാലിന്യം എങ്ങനെ പുനരുപയോഗിക്കാമെന്നു കാട്ടിത്തരികയാണ് പയ്യന്നൂർ നഗരസഭ. പാഴ്വസ്തുക്കൾ കൊണ്ടുള്ള നിരവധി ശിൽപ്പങ്ങളാണ് മൂരിക്കൊവ്വലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് മുന്നിൽ സജ്ജമാക്കിയിട്ടുള്ളത്. ഇതോടൊപ്പം പൂന്തോട്ടവും ഒരുക്കി.
ശിൽപി സുരേന്ദ്രൻ കൂക്കാനത്തിന്റെ നേതൃത്വത്തിൽ പഴയ ഡ്രമ്മുകൾ, ഉപയോഗശൂന്യമായ ഹെൽമെറ്റുകൾ, ഗംബൂട്ടുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് ശിൽപങ്ങൾ ഒരുക്കിയത്. മാലിന്യങ്ങളുടെ അളവ് കുറക്കുക, പുനരുപയോഗിക്കുക, പുനർ നിർമിക്കുക തുടങ്ങിയ ആശയങ്ങൾ വിദ്യാർഥികളിലും പൊതുജനങ്ങളിലും ഉണ്ടാക്കുക, മാലിന്യ സംസ്‌കരണ രീതികൾ കണ്ട് പഠിക്കാൻ അവസരമൊരുക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭാധ്യക്ഷ കെ വി ലളിത പറഞ്ഞു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ മാലിന്യ നിർമാർജനത്തിനുള്ള ജനകീയ പദ്ധതികളും നടപ്പാക്കുന്നുണ്ട്.
ഹരിത കർമസേന, ശുചീകരണ തൊഴിലാളികൾ എന്നിവർ ശേഖരിക്കുന്ന മാലിന്യം വേർതിരിച്ച് ജൈവ മാലിന്യങ്ങൾ തുമ്പൂർമുഴി പ്ലാൻറിൽ സംസ്‌കരിക്കുന്നു. പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങളിൽ നിന്നും പുനരുപയോഗത്തിനു സാധ്യമായവയും വേർതിരിക്കും. അല്ലാത്തവ ഷ്രഡ് ചെയ്ത് ടാറിംഗ് പ്രവൃത്തിക്കായി ഉപയോഗിക്കുകയാണ്. ഇനി വലിച്ചെറിയുന്ന നാപ്കിനുകൾ സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ. മാലിന്യ ശേഖരണത്തിനായി നെല്ലിക്ക ആപ്പും തയ്യാറാക്കിയിട്ടുണ്ട്.
പടം) പയ്യന്നൂർ നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ശിൽപി സുരേന്ദ്രൻ കൂക്കാനത്തിന്റെ നേതൃത്വത്തിലൊരുക്കിയ ശിൽപങ്ങൾ
വൈദ്യുതി മുടങ്ങും
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ എ പി സ്റ്റോർ, പള്ളിപ്പറമ്പ്, സദ്ദാം മുക്ക്, കോടിപ്പൊയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 26 ശനി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ചേപ്പായി കോട്ടം, പാണപ്പുഴ റേഷൻ ഷോപ്പ് എന്നീ ട്രാൻസ്ഫോർ പരിധിയിൽ ഫെബ്രുവരി 26 ശനി രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൊലീസ് സ്റ്റേഷൻ, മിനി ഇൻഡസ്ട്രി, കുറുവ റോഡ്, കാനാമ്പുഴ എന്നീ ട്രാൻസ്ഫോർ പരിധിയിൽ ഫെബ്രുവരി 26 ശനി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ക്വട്ടേഷൻ
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജ് ക്യാമ്പസിലെ പ്രധാന ഗേറ്റ് മുതൽ പ്രധാന കെട്ടിടം വരെ സ്ട്രീറ്റ് ലൈറ്റ് നിർമിക്കുന്നതിനും സ്ഥാപിക്കുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 10ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
എംപ്ലോയ്മെന്റ് സീനിയോറിറ്റി പുതുക്കാം
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തു 2000 ജനുവരി ഒന്ന് മുതൽ 2021 ആഗസ്ത് 31 വരെയുള്ള (രജിസ്‌ട്രേഷൻ കാർഡിൽ 10/99 മുതൽ 06/21 വരെ രേഖപ്പെടുത്തിയവർക്ക്) കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കുവാൻ സാധിക്കാത്തവർക്കും ഈ കാലയളവിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ചു യഥാസമയം വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും ഏപ്രിൽ 30 വരെ സീനിയോറിറ്റിയോടെ രജിസ്‌ട്രേഷൻ പുതുക്കാം. എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷൻ കാർഡും സഹിതം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടോ ദൂതൻ മുഖേനയോ ഹാജരായോ www.eemployment.kerala.gov.in മുഖേനയോ രജിസ്‌ട്രേഷൻ പുതുക്കാവുന്നതാന്നെ് മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0490 2474700.
- Log in to post comments