കണ്ണൂര്‍ അറിയിപ്പുകള് 28-02-2022
ലെവല്‍ക്രോസ് അടച്ചിടും
കൊവ്വപ്പുറം - കുന്നനങ്ങാട് റോഡില്‍ കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 255-ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് ഒന്ന് ചൊവ്വ രാവിലെ 10 മുതല്‍ ഏഴിന് വൈകിട്ട് എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡിലും ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിലും ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. മെക്കാനിക്കല്‍/ മെറ്റലര്‍ജി/ പ്രൊഡക്ഷന്‍ എഞ്ചിനീയറിങ്/ മെക്കാട്രോണിക്സ് എന്നീ വിഷയത്തിലെ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് ഷീറ്റ് മെറ്റല്‍ വര്‍ക്കറുടെ യോഗ്യത. യോഗ്യരായ ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് രണ്ടിന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണന ഇല്ലാത്തവരെ പരിഗണിക്കും.
ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമ ഒന്ന്/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് ടെക്നീഷ്യന്റെ യോഗ്യത. യോഗ്യരായ ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് മൂന്നിന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോണ്‍: 0497 2835183.
പന്ന്യന്നൂരില്‍ അടുക്കള മാലിന്യം സംസ്കരിക്കാന്‍
ഇനി ബൊക്കാഷി ബക്കറ്റുകള്‍
വീടുകളിലെ അടുക്കള മാലിന്യം വളമാക്കി മാറ്റാന്‍ പന്ന്യന്നൂര്‍ പഞ്ചായത്തില്‍ ഇനി 'ബൊക്കാഷി ബക്കറ്റുകള്‍' ഉപയോഗിക്കും. പഞ്ചായത്തത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 274 കുടുംബങ്ങള്‍ക്കാണ് ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.
പഞ്ചായത്തിന്റെ പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സെന്റീവ് ഗ്രാന്റില്‍ നിന്നും 7,78,160 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ അഴുകുന്നതിന് മുമ്പ് കമ്പോസ്റ്റ് ആക്കി മാറ്റുന്ന വായുരഹിത അഴുകലിന്റെ രൂപമാണ് ബൊക്കാഷി. ദുര്‍ഗന്ധം പരത്തില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മാലിന്യം ശേഖരിക്കാനുള്ള ബക്കറ്റ്, വേസ്റ്റ് പ്രസ്സര്‍, അരിപ്പ എന്നിവയാണ് ഒരു കിറ്റിലുണ്ടാകുക. ബൊക്കാഷി നിര്‍മാണത്തിനു വേണ്ട പ്രധാന ഘടകം ലാക്റ്റോബാസിലസ് ബാക്ടീരിയയാണ്. ഗുണപ്രദമായ ഈ സൂക്ഷ്മാണു അടങ്ങിയ പൊടിയും ബക്കറ്റിനൊപ്പം ലഭിക്കും. ഇത് ഉപയോഗിച്ചാണ് മാലിന്യം കമ്പോസ്റ്റ് ആക്കി മാറ്റുന്നത്. നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ അളവിന് ആനുപാതികമായി പൊടി ചേര്‍ക്കണം. ഈ ബാക്ടീരിയയാണ് ദുര്‍ഗന്ധം വരാതെ കമ്പോസ്റ്റ് തയ്യാറാക്കാന്‍ സഹായിക്കുന്നത്.
കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ ബക്കറ്റില്‍ ആദ്യം ശര്‍ക്കര ഇടണം. അതിനു മുകളില്‍ അരിപ്പ വെച്ച് അടക്കുക. പിന്നീട് ജൈവ മാലിന്യം നിക്ഷേപിക്കാം. ബക്കറ്റ് നിറഞ്ഞ ശേഷം വായു കടക്കാതെ 15 ദിവസം അടച്ചു വച്ചാല്‍ കമ്പോസ്റ്റ് തയ്യാറാകും. ഖരരൂപത്തിലുള്ള കമ്പോസ്റ്റ് ജൈവ വളമായും ബക്കറ്റിന്റെ അടിവശത്തെ ടാപ്പിലൂടെ ശേഖരിക്കുന്ന ദ്രാവകം കീടനാശിനിയായും ഉപയോഗിക്കാം.
സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും
ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണം - ബാലാവകാശ കമ്മീഷന്
കേരളത്തിലെ സ്വകാര്യ ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും സംസ്ഥാന പൊലീസ് മേധാവിയും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷന് അംഗം റെനി ആന്റണി നിര്‍ദ്ദേശം നല്കി.
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞു കിടന്നാലും കുട്ടികളെ ഇരിക്കാന്‍ അനുവദിക്കാത്തതും കമ്മീഷന് ഗൗരവമായാണ് കാണുന്നത്. വിദ്യാര്‍ഥികള്‍ കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകുന്നതും സീറ്റില്‍ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും കുട്ടികളോടുള്ള കടുത്ത വിവേചനവും കുട്ടികള്‍ക്കായുള്ള ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് കമ്മീഷന് വിലയിരുത്തി. ഇത്തരം സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് നിര്‍ദ്ദേശിച്ചു. ഇടുക്കി സ്വദേശി റ്റോം ജോസഫ് ബാലാവകാശ കമ്മീഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നിര്‍ദ്ദേശം.
ഇ ടെണ്ടര്‍
പിണറായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 40 കെവിഎ ഡീസല്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് പിണറായി സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഇ ടെണ്ടര്‍ ക്ഷണിച്ചു. www.etenderkerala.gov.in ല്‍ നിന്ന് മാര്‍ച്ച് മൂന്ന് മുതല്‍ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0490 2382710
- Log in to post comments