Skip to main content

നാടക ശില്പശാലയ്ക്ക് പത്തിന് തിരിതെളിയും

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും കുറിയന്നൂര്‍ വൈഎംസിഎ ലൈബ്രറിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാടക ശില്പശാലയ്ക്ക്  ഈ മാസം പത്തിന് തുടക്കമാവും. കുറിയന്നൂര്‍ മാര്‍ത്തോമാ ഹൈസ്‌കൂളില്‍ നടക്കുന്ന നാലു ദിവസത്തെ ശില്‍പ്പശാലയില്‍ നാടകത്തിന്റെ വിവിധ വശങ്ങളെപ്പറ്റി  നൂറനാട് സുകു, കരിവള്ളൂര്‍ മുരളി, മനോജ് സുനി, ഹരീഷ് കുമാര്‍, പ്രിയരാജ് ഭരതന്‍, മധു വാരണാസി, പ്രവീണ്‍ രാജ് കിളിമാനൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

 

ഈ മാസം 10 ന് വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന ശില്പശാല നാടകകൃത്തും നരേന്ദ്രപ്രസാദ് നാടക പഠന ഗവേഷണ കേന്ദ്രം ചെയര്‍മാനുമായ ഫ്രാന്‍സിസ്.ടി.മാവേലിക്കര ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ റവ.ഡോ.ഐപ്പ് ജോസഫ് അധ്യക്ഷനാവുന്ന ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് മുഖ്യ പ്രഭാഷണം നടത്തും.

 

13ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.  ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് വി. ആന്റണി അധ്യക്ഷത വഹിക്കും. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര നാടക പ്രതിഭ അമല്‍രാജ് ദേവ് മുഖ്യാതിഥിയായിരിക്കും.

 

നാടകമെന്ന കലയുടെ നൂതനമായ രീതി സമ്പ്രദായങ്ങള്‍ ശാസ്ത്രീയമായ പരിശീലനത്തിലൂടെ യുവതീയുവാക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. നാടക നിര്‍മാണത്തിന്റെ മുഴുവന്‍ പ്രക്രിയയും മനസിലാക്കാനും താല്പര്യമുള്ള മേഖലകളില്‍ വൈദഗ്ധ്യം നേടാനുമുള്ള അവസരം കൂടിയാണ് ശില്‍പ്പശാല ഒരുക്കുന്നത്.

date