Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 04-03-2022

ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വല നൽകി

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന വല വിതരണം ചെയ്തു. 2,80,000 രൂപ ചെലവഴിച്ച് 14 പേർക്കാണ് വല നൽകിയത്. പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി പി മാലിനി, വാർഡ് അംഗം ഒ കെ മൊയ്തീൻ, കണ്ണൂർ ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ ടി ആർ രാജേഷ്, പഞ്ചായത്ത് സെക്രട്ടറി എൻ പ്രീജിത്ത് എന്നിവർ സംസാരിച്ചു.

അപേക്ഷ ക്ഷണിച്ചു

സി ഡിറ്റിന്റെ ജില്ലയിലെ പഠനേകന്ദ്രത്തിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിങ്, അക്കൗണ്ടിങ്, ഓഫീസ് ഓട്ടോമേഷൻ, ഡാറ്റാ എൻട്രി, ടാലി, ഡിടിപി, എംഎസ് ഓഫീസ്, പ്രോഗ്രാമിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്സി/എസ്ടി, ബിപിഎൽ  വിഭാഗത്തിൽപ്പെട്ടവർക്ക് സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. വിശദ വിവരങ്ങൾ മേലെ ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശമുള്ള സിഡിറ്റിന്റെ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ലഭിക്കും.  ഫോൺ: 9947763222.

ബേക്കറി: സംരംഭകത്വ ശിൽപശാല

വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി അഞ്ച് ദിവസം ബേക്കറി ഉൽപ്പന്ന നിർമാണത്തിൽ റസിഡൻഷ്യൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കുന്നു. മാർച്ച് 14  മുതൽ 18  വരെ എറണാകുളം കളമശ്ശേരി കെഐഇഡി ക്യാമ്പസിലാണ് പരിശീലനം. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തിൽ വിദഗ്ധർ നയിക്കുന്ന ബേക്കറി ഉൽപ്പന്ന നിർമ്മാണ തിയറി ക്ലാസും പ്രായോഗിക പരിശീലനവും വിവിധ സർക്കാർ പദ്ധതികൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ എന്നിവ സംബന്ധിച്ച ക്ലാസും ഉണ്ടാവും. വിജയിച്ച സംരംഭകരുമായുള്ള ചർച്ചയും ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ ക്ലാസുകളും ഉൾപ്പെടും. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം ഉൾപ്പെടെ 1,000 രൂപയാണ്  ഫീസ്. താൽപര്യമുള്ളവർ www.kied.info ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 9605542061.

വൈദ്യുതി മുടങ്ങും

തലശ്ശേരി സൗത്ത് സെക്ഷൻ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ അഞ്ചു മണിവരെ കുഞ്ഞിക്കൂലം, മഹാറാണി, ഫിഷിയാർഡ് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ പയ്യാവൂർ ചമതച്ചാൽ, പിലാക്കാവുമല,തിരൂർ, കൊശവൻവയൽ ട്രാൻസ്ഫോർമറുകളിൽ മാർച്ച് അഞ്ച് ശനി രാവിലെ 9.30 മുതൽ ഉച്ച രണ്ട് മണി വരെയും ഇരിക്കൂർ കഞ്ഞിലേരി ട്രാൻസ്ഫോർമറിൽ രാവിലെ 8.30 മുതൽ വൈകീട്ട് നാല് മണി വരെയും, തലക്കോട്, ചാർതോട്ടം, വയക്കര എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഹിറ സ്റ്റോപ്പ്, പറോത്തുംചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും കാഞ്ഞിരോട് ബസാർ ട്രാൻസ്‌ഫോർമറിന്റെ ചക്കരക്കൽ ഭാഗങ്ങളിലും മാർച്ച് അഞ്ച് ശനി രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

 

മിനി ജോബ് ഫെയർ അഞ്ചിന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാർച്ച് അഞ്ചിന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ മിനി ജോബ് ഫെയർ നടത്തുന്നു. എച്ച് ആർ ഇന്റേൺ, സൈറ്റ് സൂപ്പർവൈസർ (ഐടിഐ, ഇലക്ട്രിക്കൽ), ഇന്റീരിയർ ഡിസൈൻ മാനേജർ, അക്കാദമിക് കൗൺസലർ, ഗ്രാഫിക് ഡിസൈനർ, ഡ്രൈവർ, ഹെൽപ്പർ, സർവീസ് അഡൈ്വസർ, ടെക്‌നീഷ്യൻ, വാറന്റി ഇൻ ചാർജ്, ഷോറൂം സെയിൽസ് എക്‌സിക്യൂട്ടീവ്, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
എംബിഎ, ഡിഗ്രി, ബിടെക്/ ഡിപ്ലോമ/ ഐടിഐ ഇന്റീരിയർ ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ്, മെക്കാനിക്കൽ, പ്ലസ്ടു, എസ്എസ്എൽസി എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.  നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം.  ഫോൺ: 0497 2707610, 6282942066.

വൈദ്യുതി പ്രവഹിക്കും

മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം വയൽ ട്രാൻസ്‌ഫോർമർ മുതൽ ഇരിക്കൂർ പഞ്ചായത്തിലെ ചേടിച്ചേരി ട്രാൻസ്ഫോർമർ വരെ മടത്തംകുന്നു വഴി നിർമിച്ച പുതിയ 11 കെ വി ലൈനിൽ കൂടി മാർച്ച് അഞ്ച് മുതൽ വൈദ്യുതി പ്രവഹിക്കുമെന്ന് ശ്രീകണ്ഠപുരം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ലൈനുമായോ ഉപകരണങ്ങളുമായോ സമ്പർക്കത്തിൽ ഏർപ്പെടുന്നതും ലൈനിനടിയിൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതും കെട്ടിടങ്ങൾ നിർമ്മിക്കുന്നതും നിലവിലെ കെട്ടിടം  ലൈനിനടുത്തേക്ക് നീട്ടുന്നതും കുറ്റകരവും അപകടകരവുമാണെന്നും കെ എസ് ഇ ബി അറിയിച്ചു.

ലെവൽക്രോസ് അടച്ചിടും

തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 233ാം നമ്പർ ലെവൽക്രോസ് മാർച്ച് ആറ് ഞായർ രാവിലെ എട്ട് മുതൽ ഏഴിന് വൈകിട്ട് എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി.ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർ-ശിശുരോഗ വിദഗ്ധൻ, ദന്തൽ സർജൻ, ആർബിഎസ്‌കെ കോ ഓർഡിനേറ്റർ, ഡിഇഐസി മാനേജർ എന്നീ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ www.nhmkannur.in ൽ ലഭിക്കും.

സൗരോർജ്ജ നിലയം: രജിസ്‌ട്രേഷൻ ക്യാമ്പ്

കെ എസ് ഇ ബിയുടെ സൗര പദ്ധതി വഴി വീടുകളിൽ സൗരോർജ നിലയം സ്ഥാപിക്കാൻ മാർച്ച് അഞ്ച് ശനി രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വളപട്ടണം സെക്ഷൻ ഓഫീസിൽ സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തുന്നു. താൽപര്യമുള്ളവർ കെ എസ് ഇ ബിയിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ, കൺസ്യൂമർ നമ്പർ എന്നിവ നൽകണം. കൊളച്ചേരി, മയ്യിൽ, വളപട്ടണം എന്നീ സെക്ഷനുകളിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് പങ്കെടുക്കാം.
ആലക്കോട് ഇലക്ട്രിക്കൽ സബ്ഡിവിഷന് കീഴിൽ വരുന്ന ചപ്പാരപടവ്, കാർത്തികപുരം, ആലക്കോട്  സെക്ഷനുകളിൽ ഉൾപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക് സബ്സിഡിയോടെ സൗര നിലയം സ്ഥാപിക്കാൻ കെ എസ് ഇ ബി സൗരസ്‌പോട്ട് രജിസ്‌ട്രേഷൻ സംഘടിപ്പിക്കുന്നു. മാർച്ച് അഞ്ചിന് രാവിലെ 10 മുതൽ വൈകിട്ട് നാല് മണി വരെ ആലക്കോട് സെക്ഷൻ ഓഫീസിലാണ് രജിസ്‌ട്രേഷൻ. 40 ശതമാനം വരെ സബ്സിഡി ലഭിക്കും.

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഉറുമ്പച്ചം കോട്ടം, താഴെ തെരു മണ്ഡപം, ഏഴര, സലഫി പള്ളി, മുനമ്പ്, ബത്തമുക്ക്, നാറാണത്തുപാലം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് അഞ്ച് ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

 
110 കെവി പഴയങ്ങാടി, ഏഴിമല എന്നീ സബ് സ്റ്റേഷനുകളിൽ വാർഷിക അറ്റകുറ്റ പണി നടക്കുന്നതിനാൽ മാടായി സെക്ഷൻ പരിധിയിൽ മാർച്ച് അഞ്ച് ശനി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
 

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ അടൂർ വായനശാല, കാടാച്ചിറ ഹൈസ്‌കൂൾ, റിലയൻസ് കാടാച്ചിറ,  കാടാച്ചിറ രജിസ്റ്റർ ഓഫീസ് പരിസരം എന്നീ ഭാഗങ്ങളിൽ മാർച്ച് അഞ്ച് ശനി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ബിഎഡ് കോളേജ്, തോട്ടം, തുമ്പേനി ഭാഗങ്ങളിലും ചെമ്പേരി സെക്ഷനിലെ ചേറ്റടി  ട്രാൻസ്ഫോർമർ പരിധിയിലും  മാർച്ച് അഞ്ച് ശനി രാവിലെ 10 മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെയിൻ ഓഡിറ്റോറിയം, മെക്കാനിക്കൽ കാഡ് ലാബ്, പ്ലെയ്‌സ്‌മെന്റ് ഹാൾ എന്നിവിടങ്ങളിലെ കിർലോസ്‌കർ ജനറേറ്ററിനായി ഇൻലെറ്റ് എയർഫിൽട്ടർ മാറ്റി സ്ഥാപിക്കുന്നതിനും ഓട്ടോമാറ്റിക് ബാറ്ററി ചാർജർ സ്ഥാപിക്കുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച് 11ന് ഉച്ച 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. കോളേജിലേക്ക് എൽഇഡി സ്ട്രീറ്റ് ലൈറ്റ് വാങ്ങുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് എട്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

അക്കേഷ്യ മരം ലേലം

കണ്ണൂർ ഗവ.ഐടിഐ കോമ്പൗണ്ടിൽ കടപുഴകിവീണ അക്കേഷ്യ മരങ്ങൾ മാർച്ച് 17ന് വൈകിട്ട് മൂന്ന് മണിക്ക് ലേലം ചെയ്യും. ഫോൺ: 0497 2835183.

date