Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 08-03-2022

സൗര: സ്പോട്ട് രജിസ്ട്രേഷൻ 10നും 11നും

 

ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയിൽ അംഗമാകാകുന്നതിന് മാർച്ച് 10, 11 തീയതികളിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു. കെ എസ് ഇ ബിയുടെ 776 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലും സ്പോട്ട് രജിസ്ട്രേഷന് സൗകര്യമുണ്ടാകും.

കൺസ്യൂമർ നമ്പറുമായി ഉപഭോക്താവിന് ഏത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെത്തിയും സീനിയർ സൂപ്രണ്ടിനെ സമീപിച്ച് സൗര പോർട്ടലിൽ രജിസ്ട്രേഷൻ നടത്താം. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ 200 മെഗാവാട്ടാണ് കേന്ദ്ര പുനരുപയോഗമന്ത്രാലയം കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇതു വരെ 170 മെഗാവാട്ടിനുള്ള രജിസ്ട്രേഷൻ പൂർത്തിയായി. ബാക്കി അപേക്ഷകരെ കൂടി കണ്ടെത്തുകയാണ് ദ്വിദിന സ്പോട്ട് രജിസ്ട്രേഷൻ വഴി ലക്ഷ്യമിടുന്നത്.

 

അപേക്ഷ ക്ഷണിച്ചു

 

കണ്ണൂർ ഗവ. ഐടിഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫയർ ആൻഡ്് സേഫ്റ്റി, മൂന്ന് മാസത്തെ ക്യുഎ-ക്യുസി എൻഡിടി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, വിഎച്ച്എസ്ഇ, ഡിപ്ലോമ, ഡിഗ്രി, ബിടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 8301098705.

 

 

അസി. പ്രൊഫസർ നിയമനം

 

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ അധ്യാപക തസ്തികയിലക്ക് കരാർ അടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു.  ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ആധാർ കാർഡ്, പാൻകാർഡ് എന്നിവയുടെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം മാർച്ച് 25 ന് രാവിലെ 11 മണിക്ക് പരിയാരം ഗവ. ആയുർവേദ കോളേജിൽ ഹാജരാകണം. ഫോൺ: 0497 2800167.

 

 

യോഗ ഇൻസ്ട്രക്ടർ നിയമനം

 

വേങ്ങാട് ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററിലേക്ക് കരാറാടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബി എൻ വൈ എസ്/എം എസ് സി(യോഗ)/എംഫിൽ(യോഗ), ബി എ എം എസ്/അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ യോഗ/ഡിപ്ലോമ ഇൻ യോഗ/പി ജി ഡിപ്ലോമ ഇൻ യോഗ.

പ്രായ പരിധി 40 വയസ്സിനു താഴെ. മാർച്ച് 16ന് രാവിലെ 11 മണിക്ക് വേങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. താൽപര്യമുള്ളവർ എസ്എസ്എൽസി സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ, ആധാർ കാർഡ്, ബിരുദം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകുക. ഫോൺ: 6238512590.

 

 

ഹരിത കേരളം വിത്തുപുരയിലേക്ക്

വിത്ത് ശേഖരണം പുനരാരംഭിച്ചു

 

ഹരിത കേരളം കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിത്തുപുരയിലേക്ക് വിത്തുകൾ ശേഖരിച്ചു തുടങ്ങി. ഹരിതം  വാട്ട്സാപ്പ് കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് വിത്തുപുര പദ്ധതി പുനരാരംഭിക്കുന്നത്. പരിയാരം പഞ്ചായത്തിലെ യുവ കർഷക ചന്ദ്രജ്യോതിയിൽ നിന്ന് ആദ്യ നിക്ഷേപമായി പച്ചക്കറി വിത്തുകൾ ഹരിത കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ ഇ കെ സോമശേഖരൻ ഏറ്റുവാങ്ങി. 

പരസ്പര കൈമാറ്റത്തിലൂടെ പച്ചക്കറി വിത്തുകളുടെ ലഭ്യത ഉറപ്പു വരുത്തൽ ലക്ഷ്യമിട്ടാണ് വിത്തുപുര 2019 ൽ തുടങ്ങിയത്. മികച്ച രീതിയിൽ  മുന്നോട്ടുപോയ പ്രവർത്തനം  കൊവിഡ് കാരണം നിർത്തി വെക്കേണ്ടി വന്നു. ഹരിത കേരളം മിഷൻ പരിയാരത്ത് സംഘടിപ്പിച്ച ഹരിതം കർഷക കുടുംബ സംഗമത്തിലാണ്് വിത്ത് പുരയെ പുനരുജ്ജീവിപ്പിക്കാൻ തീരുമാനമായത്. വിത്തുപുരയിലേക്ക് വിത്തുകൾ തപാലായും നേരിട്ടും സ്വീകരിക്കും. വിത്ത് ആവശ്യമുള്ളവർ തപാൽ സ്റ്റാമ്പ് ഒട്ടിച്ച കവർ കത്തിനോടൊപ്പം അയക്കണം.

കുടുംബ സംഗമത്തിൽ പ്രശസ്ത ജൈവ കർഷകൻ കെ ബി ആർ കണ്ണൻ, പരിയാരം കൃഷി ഓഫീസർ രമ്യ എന്നിവർ ക്ലാസെടുത്തു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺമാർ, ഹരിതം ഗ്രൂപ്പ് അംഗങ്ങൾ  എന്നിവർ പങ്കെടുത്തു.  

 

 

വൈദ്യുതി മുടങ്ങും

 

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ കോൾതുരുത്തി ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച്  ഒമ്പത് ബുധൻ  രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ എരമം സൗത്ത് ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് ഒമ്പത് ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ  പുലിക്കുറുമ്പ, പുലിക്കുറുമ്പ ടൗൺ, പുലികുറുബ ടവർ, കൈതലം എന്നീ ഭാഗങ്ങളിൽ മാർച്ച് ഒമ്പത് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

വാഹനങ്ങൾ വഴി തിരിച്ചുവിടും

 

ഉത്സവ ദിവസമായ മാർച്ച് ഒമ്പത്, 10 തിയ്യതികളിൽ രാത്രി ഏഴ് മണി മുതൽ കണ്ണൂർ ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ചാല ബൈപ്പാസിൽ നിന്നും കൂത്തുപറമ്പ ഭാഗത്തേക്ക് വഴി തിരിച്ചു വിടും. തലശ്ശേരി ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ കൊടുവള്ളിയിൽ നിന്നും മമ്പറം ഭാഗത്തേക്കും വഴി തിരിച്ചുവിടും.

 

ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്തും മുഴപ്പിലങ്ങാട്ട് എടക്കാട് മേഖലയിലെ പ്രധാന കവലകളിലും ദേശീയ പാതയിലും മുപ്പത്തിയഞ്ചോളം താൽക്കാലിക സി സി ടി വി ക്യാമറകൾ സ്ഥാപിച്ച് മുഴുവൻ രംഗങ്ങളും പകർത്തും. കൂടാതെ എടക്കാട് സിറ്റി പൊലീസിന്റെ വാഹനങ്ങൾ പരിസരം മുഴുവനും റോന്ത് ചുറ്റും.

 

യോഗത്തിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സജിത, കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിവി പ്രേമവല്ലി, എടക്കാട് പ്രിൻസിപ്പൽ എസ് ഐ മഹേഷ് കണ്ടമ്പേത്ത്, കൂറുംബ ക്ഷേത്രകമ്മറ്റി പ്രസിഡണ്ട് പ്രേമൻ, സെക്രട്ടറി രാജീവൻ, മുഴപ്പിലങ്ങാട് വില്ലേജ് ഓഫീസർ കെ ഷജീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ മത-സാംസ്‌ക്കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

 

വളണ്ടിയർമാരെ നിയമിക്കുന്നു

 

കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി കണ്ണൂർ മേഖല കാര്യാലയത്തിനു കീഴിൽ ജില്ലയിൽ ജലജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളിൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. കുറഞ്ഞ യോഗ്യത ഐ ടി ഐ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ/മെക്കാനിക്കൽ), രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പ്രദേശവാസികൾക്ക് മുൻഗണന. അഭിമുഖം മാർച്ച് 14 ന് രാവിലെ 10.30 ന് ജലനിധി ഓഫീസിൽ നടത്തും. വിലാസം-ജലനിധി ഓഫീസ്, ബിൽഡിംഗ് നമ്പർ 111/253, രണ്ടാം നില, എ കെ ജി ആശുപത്രിക്ക് സമീപം, തളാപ്പ്, കണ്ണൂർ. ഫോൺ: 0497 2707601.

date