Skip to main content

സ്‌കോള്‍ കേരള ഡി.സി.എ ആറാംബാച്ച് പരീക്ഷ മെയ് 16-ന് ആരംഭിക്കും

സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്സ് ആറാംബാച്ചിന്റെ പൊതുപരീക്ഷ മെയ് 16-ന് ആരംഭിക്കും. പ്രായോഗിക പരീക്ഷ മെയ് 16 മുതല്‍ 19 വരെയും, തിയറിപരീക്ഷ  മെയ് 23 മുതല്‍ 27 വരെയും  അതത് പഠനകേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ  മാര്‍ച്ച് 18 വരെയും 20 രൂപ പിഴയോടെ മാര്‍ച്ച് 18 മുതല്‍ 23 വരെ സ്‌കോള്‍ കേരള വെബ്സൈറ്റ് മുഖേന (www.scolekerala.org) ഓണ്‍ലൈനായോ, വെബ്സൈറ്റില്‍ നിന്നും ജനറേറ്റ് ചെയ്തെടുക്കുന്ന പ്രത്യേക ചെലാനില്‍ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ്ഓഫീസ് മുഖേന ഓഫ്ലൈനായോ ഒടുക്കാം. 700 രൂപയാണ് ആകെ പരീക്ഷാഫീസ്.

 

ഫീസ് ഒടുക്കാനായി സ്‌കോള്‍കേരളയുടെ വെബ്സൈറ്റില്‍, ഡിസിഎ എക്സാം രജിസ്ട്രേഷനില്‍ വിദ്യാര്‍ഥികള്‍ അവരവരുടെ ആപ്ലിക്കേഷന്‍നമ്പര്‍, ജനനതീയതി എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം പേമെന്റ്മോഡ് തെരഞ്ഞെടുത്ത് തുക ഒടുക്കാം.  സ്‌കോള്‍ കേരള വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അപേക്ഷാഫാറം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ ഓണ്‍ലൈന്‍ രസീത് അസല്‍ പോസ്റ്റ്ഓഫീസ് ചെലാന്‍, സ്‌കോള്‍കേരള അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠനകേന്ദ്രം പ്രിന്‍സിപ്പല്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

 

ഇന്റേണല്‍ പരീക്ഷയ്ക്ക് 40 ശതമാനം മാര്‍ക്കും സമ്പര്‍ക്ക ക്ലാസില്‍ പങ്കെടുത്ത 75 ശതമാനം  ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. ഡി.സി.എ നാല്, അഞ്ച് ബാച്ചുകളിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ പൂര്‍ണമായോ ഏതെങ്കിലും വിഷയങ്ങള്‍മാത്രമോ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും, ഏതെങ്കിലും വിഷയങ്ങളില്‍ നിര്‍ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മെയിലെ പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം.  വിശദാംശങ്ങള്‍ സ്‌കോള്‍ കേരള വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ആപ്ലിക്കേഷന്‍ (ഡി.സി.എ) പരീക്ഷ നോട്ടിഫിക്കേഷനില്‍നിന്നും ലഭിക്കും. ഫോണ്‍ : 0471-2342950, 2342271.

date